മത്സ്യമേഖലയെ സംരക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ – മുഖ്യമന്ത്രി
മത്സ്യ സമ്പത്തിന്റെ സംരക്ഷണവും വർദ്ധനയും ഉറപ്പുവരുത്താൻ കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് കാതലായ മാറ്റം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീരദേശത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സത്വര പരിഹാരത്തിനും സംസ്ഥാനത്തെ 47 തീരദേശ നിയോജക മണ്ഡലങ്ങളിലുമായി സംഘടിപ്പിക്കുന്ന തീര സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവന്തപുരം പൊഴിയൂർ സർക്കാർ യു.പി. സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത മത്സ്യ തൊഴിലാളികളെ വരുമാന വർദ്ധനവ് കൂടി ലക്ഷ്യമാക്കി ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിന് പ്രാപ്തരാക്കും. ഇതിനായി ഒന്നര കോടി രൂപ വരെ ചെലവ് വരുന്ന ആധുനിക യാനങ്ങൾ ഏർപ്പെടുത്തും. അടുത്തമാസം തന്നെ ഇത്തരത്തിലുള്ള അഞ്ചെണ്ണം പുറത്തിറക്കാൻ കഴിയും. മണ്ണെണ്ണയ്ക്ക് വില ഉയർന്ന പശ്ചാത്തലത്തിൽ പെട്രോൾ എൽ.പി.ജി തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം. സമുദ്രജല കൂട് മത്സ്യകൃഷിയും പരീക്ഷിക്കും. നോർവേയുടെ സാങ്കേതിക സഹായത്തോടുകൂടിയാകും ഇത്.
തീരത്തിന്റെ ആകെ വികസനം സാധ്യമാക്കാൻ പോലുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കുകയാണ്. എണ്ണായിരത്തിലേറെ കുടുംബങ്ങൾ പദ്ധതിപ്രകാരമുള്ള വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും മാറാൻ സന്നദ്ധരായിട്ടുണ്ട്. ഈ ഐക്യവും പിന്തുണയും ആണ് ദുരന്ത ഘട്ടങ്ങളെ അതിജീവിക്കാൻ സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ പ്രാപ്തരാക്കിയത്. പുനരധിവാസത്തിനായി ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വരെ നൽകും.
2016 ഭവനങ്ങൾ പൂർത്തിയാക്കാനായി. 3367 എണ്ണത്തിന്റെ രജിസ്‌ട്രേഷനും. 3970 എണ്ണത്തിന്റെ ഭൂമി വില നിശ്ചയിച്ചു. വിവിധ ഇടങ്ങളിലായി ആകെ 390 ഫ്‌ലാറ്റുകൾ പൂർത്തിയാക്കി കൈമാറി – മുഖ്യമന്ത്രി പറഞ്ഞു. വിവിധ ആനുകൂല്യങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ തീരമണയുന്ന കരുതൽ ബ്രോഷറിന്റെ പ്രകാശനവും നടത്തി.
മത്സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരിട്ട് കേട്ടറിഞ്ഞ് പരിഹാരം കാണുന്ന തീര സദസ്സ് സംവിധാനം വിജയകരമാകുമെന്ന് ചടങ്ങിൽ അധ്യക്ഷനായ ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി. ആർ. അനിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. എം.എൽ.എമാരായ കെ ആൻസലൻ, വി. ജോയ്, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ജില്ലാ കലക്ടർ ജറോമിക് ജോർജ്, ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.