പൂജാപുഷ്പങ്ങൾക്കായി ഗുരുവായൂരിൽ തെച്ചിപൂങ്കാവനം

ഗുരുവായൂർ ക്ഷേത്രത്തിലേക്കാവശ്യമായ തെച്ചി പൂവും തുളസിയും ലഭ്യമാക്കുന്നതിനായി പുതിയ പൂന്തോട്ടം ഒരുക്കി. ദേവാങ്കണം ചാരു ഹരിതം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്.

ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ വസതിയോട് ചേർന്നാണ് തെച്ചിയുംതുളസിയും നിറഞ്ഞ ‘തെച്ചി പൂങ്കാവനം’പൂന്തോട്ടം സജ്ജമാക്കിയത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ തെച്ചി ചെടി നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്കിൽ ദീപം പകർന്നു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ  സി.മനോജ്, കെ.പി.വിശ്വനാഥൻ,  കെ. എസ് ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവരും ചെടി നട്ട് പൂജാപുഷ്പങ്ങൾക്കായുള്ള പൂന്തോട്ട പരിപാലനത്തിൽ പങ്കാളിയായി.

രണ്ടായിരത്തോളം ചെടികൾ നട്ടുവളർത്താനാണ് ശ്രമം. വടക്കാഞ്ചേരി സ്വദേശി ഐശ്വര്യ സുരേഷിൻ്റെ വഴിപാട് സമർപ്പണമാണ് ഈ പൂന്തോട്ടം. ചടങ്ങിൽ ഐശ്വര്യ സുരേഷും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്നിഹിതരായി.  വഴിപാടു സമർപ്പണമായി പൂന്തോട്ടം ഒരുക്കിയ ഐശ്വര്യ സുരേഷിന് ദേവസ്വം ഉപഹാരം നൽകി.

ക്ഷേത്രങ്ങളും പരിസരവും വൃത്തിയായി പരിപാലിച്ച് സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി സംസ്ഥാന റവന്യൂ ദേവസ്വം വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ദേവാങ്കണം ചാരുഹരിതം.