പല്ലു തേക്കാൻ ഉമിക്കരിയും മാവിലയും വേപ്പിൻ്റെ കമ്പും

പ്രകൃതിയെക്കുറിച്ചും നാടിനെക്കുറിച്ചുമെല്ലാം കവിതയെഴുതിയ മഹാകവി പി. എന്നും നാടൻ തന്നെയായിരുന്നു. പല്ലു തേക്കാൻ ഒരിക്കലും ബ്രഷും പേസ്റ്റും ഉപയോഗിച്ചതായി കണ്ടിട്ടില്ല. ഇതിനായി നെല്ലിന്റെ ഉമി കത്തിച്ചുണ്ടാക്കുന്ന ഉമിക്കരി ഉപയോഗിക്കും. മാവിലയും വേപ്പിന്റെ കമ്പും ഉപയോഗിക്കും.

കുളിക്കുമ്പോൾ സോപ്പ് അധികം ഉപയോഗിക്കാറില്ല. വീട്ടിൽ കുളിമുറിയുണ്ടെങ്കിലും അതിനകത്ത് കയറില്ല. വീടിനു മുന്നിലെ തെങ്ങിൻ്റെ ചുവട്ടിലോ മറ്റൊ വലിയ പാത്രത്തിൽ വെള്ളം വെച്ച് കുത്തിയിരുന്ന് കോരിക്കുളിക്കും. തലയിൽ ആരെങ്കിലും വെള്ളം ധാരധാരയായി ഒഴിച്ചു കൊടുക്കണം. അപ്പോൾ എന്തൊരു സന്തോഷമാണെന്നൊ. അത് കാണാനായി ഞങ്ങൾ കുട്ടികൾ ചുറ്റും കൂടുമായിരുന്നു. ഇംഗ്ലീഷ് വിരോധത്തിനേക്കാളും ബ്രിട്ടീഷ് ഭരണ വിരോധമായിരുന്നു. ആകാശവാണിയിൽ നിന്നും കേന്ദ്രത്തിൽ നിന്നും ഇംഗ്ലീഷിൽ 

വരുന്ന എഴുത്തുകൾ സ്വന്തമായി വായിച്ചു മനസ്സിലാക്കിയിരുന്നു. കണ്ണൂർ കൂടാളിയിൽ താമസിക്കുമ്പോൾ അതിന്റെ മറുപടി തയ്യാറാക്കിയിരുന്നത് കൂടാളി തറവാട്ടിലെ അധ്യാപകരായ കേളപ്പൻ നമ്പ്യാരും കുഞ്ഞിക്കണ്ണൻ നമ്പ്യാരുമായിരുന്നു. ഭാഷാഭിമാനി കൂടിയായിരുന്നു അച്ഛൻ. ആവുന്നതും മലയാള പദങ്ങളേ ഉപയോഗിച്ചിരുന്നുള്ളൂ. പോസ്റ്റ്‌ ഓഫീസിന് തപാൽ ആപ്പീസ് എന്നേ പറയുകയുള്ളു. ആപ്പീസ് ഓഫീസ് തന്നെ. തപാൽ എന്നാൽ മലയാളവുമല്ല. എന്നാലും ഇംഗ്ലീഷ് അല്ലല്ലോ എന്നാണു പറയുക.

വിദ്വാൻ പി കേളുനായരുടെ നാടകത്തിൽ കബീർദാസിന്റെ വേഷമിടുന്ന അമ്പു മണിയാണി ഒരിക്കൽ അച്ഛനെ കാണാൻ വീട്ടിൽ വന്നു. കൂടെ വേറൊരു ജാതിക്കാരനായ ഒരാളുമുണ്ടായിരുന്നു. സാധാരണ വീടിനകത്തു കയറാറില്ലാത്ത ആൾ. അച്ഛൻ രണ്ടുപേരെയും കൂട്ടി മുകളിലേക്ക് പോയി. ഇതു കണ്ട മുത്തശ്ശി പക്ഷെ ഒന്നും പറഞ്ഞില്ല. കവി ഇട പഴകിയതെല്ലാം പാവപ്പെട്ട ആളുകളുമായിട്ടായിരുന്നു. ജാതിയൊന്നും നോക്കില്ല. കൃഷിക്കാർ, കര്‍ഷകത്തൊഴിലാളികൾ എന്നിവരൊക്കെയായിരുന്നു പലയിടത്തും കൂട്ട്. 1930കളിൽ പാലക്കാട് നഗരത്തിൽ ഏറ്റവും സ്നേഹമുള്ള ഒരു മനുഷ്യനായി കവി കണ്ടത് പോർട്ടർ സെയ്‌തലവിയെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *