സ്റ്റേജിൽ പ്രസംഗിച്ചുകൊണ്ടിരുന്ന കവി സുഹൃത്തിനെ കണ്ടപ്പോൾ ഒപ്പം പോയി
അച്ഛനെക്കുറിച്ചുള്ള ചില ഓർമ്മകൾ ഇവിടെ വായനക്കാർക്കായി പങ്കുവെക്കുകയാണ്. വിരമിച്ച ശേഷം കവിയുടെ നാടായ വെള്ളിക്കോത്ത് താമസിക്കുമ്പോൾ പഴയകാല ഓർമ്മകൾ പലതും മനസ്സിൽ ഓടിയെത്താറുണ്ട്. അങ്ങനെ കുത്തിക്കുറിച്ചു വെച്ച ചില അനുഭവങ്ങള്‍ ‘താമരത്തോണിയി’ലൂടെ…
– വി.രവീന്ദ്രൻ നായർ
കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്ക്കൂളിൻ്റെ വാർഷികത്തിൽ മഹാകവി പി.കുഞ്ഞിരാമൻ നായർ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിനടുത്തുള്ള സ്ക്കൂൾ. വാർഷികത്തിൻ്റെ ഉദ്ഘാടനത്തിന് കവിയെ കിട്ടിയതിൽ സ്ക്കൂൾ അധികൃതരും രക്ഷിതാക്കളും അതീവ സന്തോഷത്തിലാണ്. താനെഴുതിയ കവിതയിലെ വരികൾ പലതും ചൊല്ലിക്കൊണ്ടാണ് കവി പ്രസംഗിക്കുന്നത്. അത് ശ്രദ്ധിച്ച് കേട്ടുകൊണ്ടിരിക്കുകയാണ് ഹാളിൽ തിങ്ങിക്കൂടിയവർ. ഇതിനിടയിൽ അമ്പുമണിയാണി പ്രസംഗം കേൾക്കാൻ ഹാളിലേക്ക് നടന്നു വരികയായിരുന്നു. വിദ്വാൻ പി. കേളുനായരുടെ കബീർദാസ് ചരിതം നാടകത്തിലെ നടനാണ് അമ്പുമണിയാണി. കബീർദാസായി സ്ഥിരം
വേഷമിടുന്നത് ഇദ്ദേഹമാണ്. നാട്ടുകാരനും സുഹൃത്തുമായ അമ്പുമണിയാണി ദൂരെ നിന്ന് നടന്നു വരുന്നത് കവി തൊട്ടടുത്ത ജനാലയിലൂടെ കണ്ടു. പ്രസംഗം നിന്നു. കവി സ്റ്റേജിൽ നിന്നിറങ്ങി പുറത്തേക്ക് പോയി. കുറേ കാലത്തിനു ശേഷമാണ് കാണുന്നത്. അതിൻ്റെ സന്തോഷം. അമ്പുമണിയാണിയെ കെട്ടിപ്പിടിച്ചു, കൈകൊടുത്തു. മെല്ലെ അദ്ദേഹത്തേയും കൂട്ടി കുശലം പറഞ്ഞു കൊണ്ട് നടന്നു പോയി. റോഡും കടന്ന് രണ്ടു പേരും നടന്നു പോകുന്നത് പലരും കണ്ടു. കവി പ്രസംഗം കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഇറങ്ങി വന്നതാണെണ് അമ്പുമണിയാണിയും കരുതിക്കാണും. സ്റ്റേജും സദസ്സും നിശബ്ദം! കവി ഉടൻതരിച്ചു വന്ന് ബാക്കി പ്രസംഗിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സംഘാടകർക്ക് കാര്യം മനസ്സിലായി. കുഞ്ഞിരാമൻ നായരല്ലെ, മറവി
കൂടപ്പിറപ്പാണ്. ഇനി കവി തിരിച്ചിങ്ങോട്ടില്ല. സുഹൃത്തിനെ കണ്ടപ്പോള്‍
സ്റ്റേജിലെ പ്രസംഗത്തിൻ്റെ കാര്യം അദ്ദേഹം മറന്നു. സദസ്സിലെ ആളുകൾ ബഹളം കൂട്ടാൻ തുടങ്ങി. കവി വളരെ അത്യാവശ്യമായതുകൊണ്ട് ഒരു സ്ഥലം വരെ പോയതാണെന്ന് മൈക്കിലൂടെ അറിയിച്ച് സംഘാടകർ ഒരുവിധം തടിതപ്പി. കവി പ്രസംഗിച്ച ഈ സ്ക്കൂൾ പിന്നീട് മഹാകവി പി. സ്മാരക ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ എന്ന് നാമകരണം ചെയ്തു. എവിടെയെങ്കിലും യോഗമോ സമ്മേളനമോ ഉണ്ടെങ്കിൽ നേരത്തെയെത്തുന്ന ഏർപ്പാട് കവിക്കില്ല. ചിലപ്പോൾ കൃത്യ സമയത്ത് എത്തും. ചിലപ്പോൾ യോഗത്തിൻ്റെ കാര്യം മറന്നു പോകുകയും ചെയ്യും. ഇനി സ്റ്റേജിലെത്തിയാൽ തന്നെ അധികം കാത്തിരിക്കില്ല. ആരെങ്കിലും പ്രസംഗിക്കുന്നുണ്ടെങ്കിൽ ഞാൻ പോയി പിന്നെ വരാമെന്ന രീതിയിൽസംഘാടകരോട് ആംഗ്യം കാണിക്കും. ഈ സ്വഭാവമറിയുന്ന
മിക്ക സംഘാടകരും കവി എത്തിയാൽ മറ്റ് പ്രാസംഗികരുടെ പ്രസംഗം നിർത്തി കവിക്ക് മൈക്ക് കൊടുക്കും. ചിലപ്പോൾ ചെറു പ്രസംഗമായിരിക്കും. എന്തായാലും കവിത ചൊല്ലും. ഹരം കയറിയാൽ പ്രസംഗം ഏറെ നീളുകയും ചെയ്യും. സ്റ്റേജിൽ അർഹമായ സ്ഥാനം കൊടുത്തില്ലെങ്കിൽ ബഹളം വെച്ച് സ്റ്റേജിൽ നിന്നിറങ്ങി നടന്ന സംഭവങ്ങളുണ്ട്. സംഘാടകരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പാകപ്പിഴ ഉണ്ടായാൽ കവി അത് സ്റ്റേജിൽ തന്നെ തുറന്നുകാട്ടും. അതിനെ നിശിതമായി വിമർശിക്കുകയും ചെയ്യും.
വി. രവീന്ദ്രൻ നായർ
മഹാകവി. പി. കുഞ്ഞിരാമൻ നായരുടെയും വി.കുഞ്ഞി ലക്ഷ്മി അമ്മയുടെയും മകൻ. എറണാകുളം കേന്ദ്രിയ വിദ്യാലയത്തിലും എഫ്.എ.സി.ടി.സ്ക്കൂളിലും മുപ്പതു വർഷം അധ്യാപകൻ. കൃതികൾ: വിശ്വഗായകൻ (കവിതകൾ) പി. കുഞ്ഞിരാമൻ നായർ ( ലഘു ജീവചരിത്രം ) കവിയച്ഛൻ (ഓർമ്മക്കുറിപ്പ്). മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജന്മനാടായ കാസർകോട് ജില്ലയിലെ വെള്ളിക്കോത്ത് താമസം.
Good article