ഓണത്തിന് എന്നെ ഒറ്റയ്ക്കാക്കി അച്ഛൻ കവിസമ്മേളനത്തിന് പോയി
കൂടാളി ഹൈസ്കൂളിൽ ജോലി ചെയ്തിരുന്ന കാലത്ത് മിക്കവാറും അവധി ദിവസങ്ങളിൽ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മഠത്തിൽ വളപ്പ് വീട്ടിലേക്ക് അച്ഛൻ വരുമായിരുന്നു. ഓണം അടുക്കാറാകുമ്പോൾ മുത്തശ്ശി പറയും – ‘ഈ ഓണത്തിന് നീ തീർച്ചയായും വരണം’. വരുമെന്ന് സമ്മതം മൂളി അച്ഛൻ പോകും. പക്ഷെ മിക്കപ്പോഴും വരില്ല. പിന്നീട് വരുമ്പോൾ ഓണം, കവിസമ്മേളനം എന്നൊക്കെ പറഞ്ഞു രക്ഷപ്പെടും. എന്നാൽ ഈ സമയത്ത് ഓണത്തെക്കുറിച്ച്
അച്ഛനെഴുതിയ സുന്ദരമായ കവിതകൾ പല വാരികകളിലും കാണാം. തീവ്രമായ അനുഭവങ്ങൾക്കുവേണ്ടി കവി വീട്ടിൽ നിന്ന് മാറിനിന്നതാണോ എന്നു തോന്നും.
അമ്മയുടെ മാനസികാവസ്ഥ വിവരിക്കുന്ന കവിതകളും ഉണ്ടാകും ‘എന്നും പ്രതീക്ഷിച്ചിരുന്നു നിന്നെ, കണ്ടില്ല നീ പൊൻ മകനേ’ എന്നും മറ്റുമുള്ള വരികൾ എഴുതിയിട്ടുണ്ട്.
കൂടാളിയിൽ ലോഡ്ജിൽ താമസിക്കുമ്പോൾ ഞാൻ ഒരിക്കൽ തീരുമാനിച്ചു, ഇത്തവണത്തെ ഓണം അച്ഛന്റെ കൂടെയാകാമെന്ന്. അങ്ങനെ ഞാൻ നേരത്തേ പോയി ലോഡ്ജിൽ താമസമാക്കി. പക്ഷെ ഓണ ദിവസമായപ്പോൾ അച്ഛനെ കാണാനില്ല. അവിടെ എന്നെ ഒറ്റയ്ക്കാക്കി അച്ഛൻ കവിസമ്മേളനത്തിന് പോയി. പിന്നെ എൻ്റെ ആ ഓണം കൂടാളിത്തറവാട്ടിലെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ മാസ്റ്ററുടെ കൂടെയായിരുന്നു. ഓണത്തെക്കുറിച്ച് കവി നാല്പതിലധികം കവിത എഴുതിയിട്ടുണ്ട്. കൂടാതെ പല കവിതകളിലും ഓണത്തെക്കുറിച്ച് പരാമർശവും ഉണ്ട്.
കവിക്ക് ഓണം എന്നത് ചിങ്ങമാസത്തിലെ തിരുവോണം മാത്രമല്ല നല്ല കാലത്തിൻറെ പ്രതീകം കൂടിയായിരുന്നു. ഓണം സാമൂഹികവും സാമ്പത്തികവുമായ സമത്വത്തിന്റെ പ്രതീക്ഷയുമായിരുന്നു.
“ഒരു മതം ഒരു ജാതി ഒരു നിറമൊരു നിണം പൊരുളിത് പരസ്യമായരുളി ഓണം “എന്നാണ് കവിയുടെ വരികൾ. ഓണപ്പുടവ ധരിച്ച് കുട്ടികൾ സ്ക്കൂളിൽ വരുമ്പോൾ മിക്കവാറും എനിക്ക് ഓണപ്പുടവ ഉണ്ടാകില്ല. അച്ഛൻ ഓണക്കാലത്തെല്ലാം കവി സമ്മേളനങ്ങൾക്കായി യാത്രയിലായിരിക്കും. അച്ഛൻ കൂടാളി സ്കൂളിൽ
ജോലി ചെയ്യുമ്പോൾ ശനിയാഴ്ചകളിൽ വീട്ടിൽ വരും. ഒരിക്കൽ വന്നപ്പോൾ മുത്തശ്ശി പറഞ്ഞു… ഇവരുടെ ഉടുപ്പെല്ലാം കീറി അടുത്താഴ്ച വരുമ്പോൾ തുണിയൊ ഉടുപ്പൊ കൊണ്ടുവരണമെന്ന്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒരുടുപ്പ് കൊണ്ടു വന്നു. ഒരു നനയോടെ അതിന്റെ കളർ പോയി ഉപയോഗിക്കാൻ പറ്റാതായി. പിന്നെ ഉടുപ്പെടുക്കുന്ന കാര്യം മുത്തശ്ശി പറഞ്ഞിട്ടേയില്ല. ഞാൻ വെള്ളിക്കോത്ത് എലിമെന്ററി സ്കൂളിൽ പഠിക്കുന്ന കാലം അച്ഛൻ നീണ്ട പ്രവാസത്തിലായിരുന്നു. നാട്ടിൽ വരുന്ന ഒരാളുടെ കൈവശം
ഒരിക്കൽ എനിക്കൊരു ഉടുപ്പ് കൊടുത്തയച്ചിരുന്നു. രവീന്ദ്രനാഥ ടാഗോറൊക്കെ ധരിക്കുന്ന മുട്ടിനു താഴെ വരെയുള്ള ളോഹ പോലുള്ള ഒരു ഉടുപ്പ് ! ഒരിക്കൽ സ്കൂളിൽ പോകുമ്പോൾ ഞാനത് ധരിച്ചാണ് പോയത്. അതിനു കൂട്ടുകാരെന്നെ ഒരുപാട് കളിയാക്കി. അതോടെ അത് ധരിക്കുന്നത് ഞാൻ നിർത്തി.