കവിതയെഴുതി പല പ്രസിദ്ധീകരണങ്ങൾക്കും കൊടുക്കുമായിരുന്നു അച്ഛൻ. പത്രാധിപന്മാർ എന്തെങ്കിലും അയച്ചുകൊടുക്കും. ഒന്നും കൊടുക്കാത്തവരുമുണ്ട്. അതൊന്നും അച്ഛൻ ഓർക്കില്ല. അങ്ങ് മറക്കും. പണം കിട്ടാത്തതിൽ പരിഭവവുമില്ല. പണം ഇന്നു വരും നാളെ പോകുമെന്ന് വിഷമിച്ചിരിക്കുമ്പോൾ പറയും. ഓട്ടക്കൈയാണ്. കൈയിൽ പണം നിൽക്കില്ല. പുസ്തകത്തിൻ്റെ പൈസയോ അവാർഡ് തുകയോ കൈയിൽ വന്നാൽ ഞാൻ കുബേരനായി എന്നു പറയും.
പാവപ്പെട്ടവരോട് എന്നും അനുകമ്പയായിരുന്നു. സാധുക്കൾക്ക് സഹായം ചെയ്യും. ചിലപ്പോൾ വാരിക്കോരി കൊടുക്കും. ബാങ്കിൽ പണമുണ്ടെങ്കിൽ അത് ഉടൻ എടുത്ത് ചെലവാക്കും. ബുദ്ധിമുട്ടിലായാൽ ഇടയ്ക്ക് വീട്ടിൽ വന്ന് അച്ഛനോട് പണം ചോദിക്കും. അച്ഛൻ വേണ്ടത്ര ഗുണദോഷിച്ച
ശേഷമേ പണം കൊടുക്കൂ. ‘താമരത്തോണി’ എന്ന കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയപ്പോൾ വലിയൊരു സംഖ്യ അന്ന് ബാങ്കിൽ കേറിയെന്ന് ആശ്വാസം കൊള്ളുന്ന കവി പണമെല്ലാം എടുത്തു ചെലവാക്കി പാപ്പരായ കഥയും പറഞ്ഞിട്ടുണ്ട്.
വളരെ ലളിത ജീവിതമായിരുന്നു അച്ഛന്റേത് ജീവിതകാലം മുഴുവൻ ഖദർ ആയിരുന്നു ധരിച്ചിരുന്നത്. ഖാദിക്കടയിൽ നിന്ന് കിട്ടുന്ന ഒറ്റമുണ്ടും ജുബ്ബയുമായിരുന്നല്ലോ എന്നും വേഷം. പതിനഞ്ചാമത്തെ വയസ്സ് മുതൽ യാത്ര പോകുമ്പോൾ തുണി സഞ്ചിയും ഉപയോഗിച്ചിരുന്നു. കിട്ടിയതെല്ലാം ജുബ്ബ കീശയിൽ തിരുകും. കവിത കടലാസിലെഴുതി മടക്കി കീശയിലിടും. നോട്ടും ചില്ലറയും എല്ലാം ഈ കീശയിൽ തന്നെയാണ് സൂക്ഷിക്കുക. വറുത്ത കടല വളരെ ഇഷ്ടമാണ്. അത് വാങ്ങി കൊട്ടയോടെ കീശയിലിടും. ചിലർക്ക് കടല കൊടുക്കുമ്പോൾ നാണയത്തുട്ടും അതിൽപ്പെടും. കീശയിൽ മിഠായിയും കാണും. ഇത് കുട്ടികൾക്കെല്ലാം കൊടുക്കും. മുറുക്കാനുള്ള അടയ്ക്കയും വെറ്റിലയും മറ്റുമുള്ള കടലാസ് പൊതിയും സാധു ബീഡിക്കെട്ടും കീശയിൽ കാണും. ഏതു നേരവും കീശയിൽ കൈയിടുന്നതു കൊണ്ട് പല ജുബ്ബയുടെ കീശയിലും തുള വീണിട്ടുണ്ടാകും. ഇതിലൂടെ നാണയത്തുട്ടുകൾ പുറത്തുചാടും.
വിവാഹങ്ങൾ പോലും സമ്പന്ന കുടുംബങ്ങളിൽ നിന്നായിരുന്നില്ല. പണക്കാരെക്കുറിച്ച് ഒരിക്കലും നാവിൽ വരില്ല. പാവപ്പെട്ടവരുടെ കാര്യങ്ങളായിരിക്കും മിക്കവാറും സംസാരിക്കുക. തിരുവില്വാമല
ക്ഷേത്രത്തിനടുത്തുള്ള ചാപ്പുണ്ണി നായരുടെ ചായക്കടയിലെത്തിയ രംഗം ‘കവിയുടെ കാല്പാടുകൾ ‘ എന്ന ആത്മകഥയിൽ കാണാം. ചാപ്പുണ്ണി നായരുടെ കടയിലെത്തിയപ്പോൾ പഴയ പല പരിചയക്കാരുമുണ്ടവിടെ. ചാപ്പുണ്ണി നായരോട് ഒരു ചായ ആവശ്യപ്പെടുന്ന കവി കടയിൽ
ഇരിക്കുന്നവർക്കു കൂടി ചായകൊടുക്കാൻ പറയുന്നുണ്ട്. അവസാനം കണക്കെന്തായി എന്നു ചോദിക്കുമ്പോൾ എട്ടര രൂപയെന്ന് ചാപ്പണ്ണിനായർ കണക്കു കൂട്ടി പറഞ്ഞു. പത്തുറുപ്പിക നോട്ട് കൊടുത്തപ്പോൾ മറ്റൊരു പത്തുറുപ്പിക നോട്ട് താഴെ വീണു. പിന്നീട് അതെടുത്ത് തുണി സഞ്ചിയിലിട്ടു.
“ഒന്നു കൊടുക്കുമ്പോൾ അതിൽ രണ്ടും മൂന്നും പെടുക… നിലത്തു വീഴുക…. അലക്കാൻ കൊടുക്കുന്ന ഷർട്ടിൻ്റെ കീശയിൽ നോട്ടുപെടുക …. ഇതെല്ലാം ഞാൻ കാണാൻ തുടങ്ങിയിട്ട് എത്ര കാലമായി ” എന്ന് ചാപ്പുണ്ണി നായർ അതിശയം പറയുന്നുണ്ട്. ഇതിനിടയിൽ ചായക്കടയിൽ വന്ന ധർമ്മക്കാരനെ കണ്ട് ചാപ്പുണ്ണി നായർ “ഉമ്മറത്തു നിന്നാൽ ഞാൻ ഞാൻ ചൂടുവെള്ളം മേത്തൊഴിക്കും ” എന്നു പറയുമ്പോൾ അയാൾക്ക് വേണ്ടതു കൊടുക്കു ചാപ്പുണ്ണി നായരെ എന്നാണ് കവി പറയുന്നത്. വിഷമത കണ്ടാൽ എപ്പോഴും കവിയുടെ മനസ്സലിയും. വേണ്ട സഹായങ്ങളും ചെയ്യും.
ചിത്രങ്ങൾ : പി.വി.കൃഷ്ണൻ
1974 ൽ കാസർകോട് സാഹിത്യ പരിഷത്ത് സമ്മേളനത്തിന് കവി വന്നപ്പോൾ കാസർകോട് കടപ്പുറത്ത് വെച്ച് എടുത്ത ചിത്രം.
😊