സുധാകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം മൂർത്തിയേടത്തു മന സുധാകരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് നിയമനം.
ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടന്ന അഭിമുഖത്തിൽ യോഗ്യരെന്ന് കണ്ടെത്തിയ 51അപേക്ഷകരുടെ പേരുകൾ ശ്രീലകത്തിന് മുന്നിലെ നമസ്ക്കാര മണ്ഡപത്തിൽ വെച്ച് വെള്ളിക്കുടത്തിൽ നിക്ഷേപിച്ചു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി കവപ്ര മാറത്ത് അച്യുതൻ നമ്പൂതിരി വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. 63 അപേക്ഷകരിൽ എട്ട് പേർ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല. നാല് പേർ കൂടിക്കാഴ്ചയിൽ അയോഗ്യരായി.
59 കാരനായ നിയുക്ത മേൽശാന്തി പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം സ്വദേശിയാണ്.എം.എ, ബി.എഡ് ബിരുദധാരിയാണ്. ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. ഭജനത്തിനു ശേഷം സെപ്റ്റംബർ 30ന് രാത്രി ചുമതലയേൽക്കും.ആറ് മാസം പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തന്നെ താമസിച്ച് പൂജാകർമങ്ങൾ നിർവ്വഹിക്കും.




















