വനിതാ കൂട്ടായ്മയുടെ വിജയത്തിൽ ‘നേച്ചർ ബാഗ്സ്’ യൂണിറ്റ്

സ്ക്കൂൾ കോളേജ് ബാഗുകളും ലാപ്ടോപ്പ് ബാഗുകളും നിര്‍മ്മിക്കുന്ന  പത്തനംതിട്ട പന്തളം ‘നേച്ചര്‍ ബാഗ്സ്’ യൂണിറ്റിന് വിജയകഥയാണ് പറയാനുള്ളത്. രണ്ടര ലക്ഷം രൂപ മുതല്‍ മുടക്കില്‍ 2014 ല്‍ അഞ്ച് വനിതകള്‍ ആരംഭിച്ച സംരംഭം 35 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള സ്ഥാപനമാണിന്ന്. പേപ്പർ ബാഗ് നിർമ്മാണത്തിലായിരുന്നു തുടക്കം. ഇപ്പോൾ വസ്ത്ര നിർമ്മാണത്തിലും പേരെടുത്തു.

പന്തളം നഗരസഭയിലെ മുളമ്പുഴ വാര്‍ഡില്‍ കുടുബശ്രീ അംഗങ്ങളായ ജയലക്ഷ്മി, സുജ, സുശീല, സുജാത, ജഗദമ്മ എന്നിവരാണ് സംരംഭകര്‍.
കുടുംബശ്രീ സംരംഭകത്വ വികസനത്തിന്റെ ഭാഗമായി പുതിയ സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്ന ഏജന്‍സിയായും ‘നേച്ചര്‍ ബാഗ്‌സ്’ പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീയുമായി ചേര്‍ന്ന് നിലവില്‍ 750 വനിതകളെ സ്വയംതൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കി.

കുടുംബശ്രീ ജില്ലാ മിഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റോടെ തുണി സഞ്ചി രൂപകല്‍പന ചെയ്യുന്നതിലും മോടി പിടിപ്പിക്കുന്നതിലും തയ്യലിലുമാണ് പരിശീലനം. ലാപ്ടോപ് ബാഗുകള്‍, പരിസ്ഥിതി-സൗഹൃദ തുണി ബാഗുകള്‍, യൂണിഫോം, പലവിധ അളവുകളില്‍ വസ്ത്രങ്ങള്‍, ലേഡീസ് ബാഗ്, പേഴ്സുകള്‍, ജൂട്ട് ബാഗുകള്‍, ഫയല്‍ ഫോള്‍ഡറുകള്‍, തൊപ്പി എന്നിവയാണ് പ്രധാന ഉല്‍പന്നങ്ങള്‍.

തുണി സഞ്ചി 10 മുതല്‍ 200 രൂപ വരെയും സ്‌കൂള്‍ ബാഗിന് 350 മുതല്‍ 2000 രൂപ വരെയുമാണ് വില. ഓണ്‍ലൈന്‍ വിപണിയിലും സജീവം. തുണിയുടെ നിലവാരവും ചിത്രപണികളും പരിഗണിച്ചാണ് വില നിര്‍ണയം. കോറ കോട്ടണ്‍, പോളിസ്റ്റര്‍, സില്‍ക് തുണിത്തരങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ബാഗ് നിര്‍മിക്കാനുള്ള സാധനങ്ങൾ ഏറണാകുളം, ബാഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും തുണിത്തരങ്ങള്‍ ഈറോഡ്, തിരുപ്പൂര്‍ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്നു.

പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതിയില്‍ 2015 മുതല്‍ ആധുനിക സജ്ജീകരണത്തോടെ തുണി സഞ്ചി നിര്‍മിച്ചു നല്‍കുന്നു. തലസ്ഥാനത്ത് സംഘടിപ്പിച്ച ‘വൃത്തി കോണ്‍ക്ലേവ് 2025’ ല്‍ 18,000 ത്തോളം തുണി സഞ്ചി തയ്യാറാക്കി നല്‍കി. രൂപത്തിലും പ്രിന്റിങിലും ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതം ബാഗുകളും യൂണിഫോമുകളും യൂണിറ്റ് നിര്‍മിച്ചു നല്‍കും.

സംരംഭത്തിന്റെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് വിവിധ ബഹുമതികളും ലഭിച്ചു. തുണി സഞ്ചി സംസ്‌കാരം കൂടുതല്‍ വ്യാപിക്കുന്നതിനുള്ള കര്‍മ പദ്ധതി ആസൂത്രണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന് കുടംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില പറഞ്ഞു.