അച്ഛൻ്റെ ഓർമ്മയ്ക്കായി നേതാജിയുടെ പ്രതിമ സ്ഥാപിച്ച് മക്കൾ
നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ഐ.എൻ.എയിൽ സമര ഭടനായിരുന്ന അച്ഛൻ്റെ ഓർമ്മയ്ക്കായി വീട്ടുമുറ്റത്ത് സുഭാഷ് ചന്ദ്രബോസിൻ്റെ പ്രതിമ. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയായ ഡോ.കെ.സുധാകരനും കുടുംബവുമാണ് ഇത്തരത്തിലൊരു സ്മരണാഞ്ജലിയൊരുക്കുന്നത്. ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടി ജയിൽവാസമനുഷ്ഠിച്ച എൻ.കുഞ്ഞിരാമൻ 2009 ലാണ് അന്തരിച്ചത്. തൃക്കരിപ്പൂരിലെ ഉദിനൂർ ഗ്രാമത്തിൽ കർഷക കുടുംബത്തിലാണ് ജനിച്ചത്. ജീവിതം തന്നെ സ്വാതന്ത്രൃ സമര പ്രവർത്തനങ്ങൾക്കായി ഉഴിഞ്ഞുവെച്ച ദേശസ്നേഹിയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി നാട്ടിലെത്തി 1952-ൽ തുടങ്ങിയ ഹോട്ടലിന് പേരിട്ടത് ‘നേതാജി ഭവന്‍’ എന്നായിരുന്നു. തൃക്കരിപ്പൂർ ടൗണിൽ ആ ഹോട്ടൽ ഇപ്പോഴുമുണ്ട്. ‘ഐ.എൻ.എ.ക്കാരൻ’ എന്നാണ് കുഞ്ഞിരാമൻ പിന്നീട് നാട്ടിൽ അറിയപ്പെട്ടിരുന്നത്. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി
വിരമിച്ച ഡോ.കെ.സുധാകരൻ്റെ വീട്ടുമുറ്റത്ത് സ്ഥാപിച്ച പ്രതിമ നേതാജിയുട 125-ാം ജന്മവാർഷിക ദിനമായ ജനുവരി 23 ന് അനാഛാദനം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിലേക്ക് മാറ്റിയിരിക്കുകയാണ്. ലളിതകലാ അക്കാദമി അംഗവും ശില്പിയുമായ തൃക്കരിപ്പൂരിലെ എം.വി. രവീന്ദ്രനാണ് 12 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ചത്.
നല്ല നിലയിൽ സംരക്ഷിക്കാനാണ് പ്രതിമ വീട്ടുമുറ്റത്തു തന്നെ സ്ഥാപിച്ചതെന്ന് ഡോ.കെ.സുധാകരനും അനുജൻ ഫെഡറൽ ബാങ്ക് റിട്ട. മാനേജറുമായ കെ.രവീന്ദ്രനും പറഞ്ഞു. പ്രതിമ കാണാനും ആശയങ്ങൾ പങ്കിടാനുമുള്ള എല്ലാ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു. പരേതയായ കല്യാണിയാണ് കുഞ്ഞിരാമൻ്റെ ഭാര്യ. പരേതയായ ദാക്ഷായണി, സുഭാഷിണി, വിനോദിനി എന്നിവരാണ് മറ്റു മക്കൾ.
അച്ഛൻ്റെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളെക്കുറിച്ചും ജയിൽവാസ ത്തെക്കുറിച്ചും കെ.രവീന്ദ്രൻ എഴുതുന്നു: ബാല്യകാലസ്മരണകളിൽ പലപ്പോഴും തെളിഞ്ഞു വരുന്ന കാഴ്ചയാണത്. എല്ലാ ജനുവരി 23 നും പ്രഭാതത്തിൽ ഞങ്ങളുടെ വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർന്നു പറക്കുന്നു … വീട്ടിലേക്കുള്ള നടവഴിയുടെ ഇരുവശങ്ങളിലുമായി കുരുത്തോലകളാൽ വിതാനിച്ചിരിക്കുന്നു…. പാറിപ്പറക്കുന്ന ത്രിവർണ്ണപതാകയുടെ ചോട്ടിൽ, ഞങ്ങൾ കുട്ടികളെ ചേർത്തു നിർത്തി അച്ഛൻ ‘ജയ്ഹിന്ദ്’ എന്ന് ഉറക്കെ വിളിക്കുകയും, ഞങ്ങളതേറ്റു ചൊല്ലുകയും ചെയ്യുന്നു… വീണ്ടും ഒരു ജനുവരി 23… നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ഈ 125-ാം ജന്മവാർഷിക വേളയിൽ മഹാനായ സ്വാതന്ത്ര്യസമര സേനാനിക്കായി ശ്രദ്ധാസുമങ്ങൾ അർപ്പിക്കട്ടെ…എൻ്റെ അച്ഛൻ എൻ.കുഞ്ഞിരാമൻ 1940-42 കാലഘട്ടത്തിൽ മലേഷ്യയിൽ പ്രവാസിയായിരുന്നു.
പെനാംഗിനടുത്ത് ചെറിയ കച്ചവടവുമായി കഴിഞ്ഞു കൂടവേ ഒരു സായാഹ്നത്തിൽ കടയുടെ സമീപത്തുള്ള വിശാലമായ മൈതാനിയിൽ സുഭാഷ് ചന്ദ്ര ബോസ് വന്നിറങ്ങി. പ്രവാസികളായ ഇന്ത്യക്കാരോടായി നടത്തിയ അദ്ദേഹത്തൻ്റെ പ്രഭാഷണം സിംഹഗർജ്ജനം പോലെ മൈതാനമാകെ പ്രതിധ്വനിച്ചു. ആ വാഗ്ധോരണിയുടെയും ഉജ്ജ്വല വ്യക്തിപ്രഭാവത്തിൻ്റെയും കാന്തിക വലയത്തിലകപ്പെട്ട അച്ഛൻ ഭാരതസ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതാനായി അപ്പോൾ തന്നെ ആസാദ് ഹിന്ദ് ഫൗജിൽ അണിചേർന്നു.
“എനിക്ക് നിങ്ങൾ രക്തം തരൂ…
നിങ്ങൾക്ക് സ്വാതന്ത്ര്യം ഞാൻ തരാം”
“ഇരന്നു വാങ്ങേണ്ടതല്ല, പൊരുതി നേടാനുള്ളതാണ് സ്വാതന്ത്ര്യം ” എന്ന
ആ ധീരദേശാഭിമാനിയുടെ ആഹ്വാനമാണ് അച്ഛനെ ഏറ്റവുമധികം സ്വാധീനിച്ചത്. “ചലോ ദൽഹി ” എന്ന ദൗത്യനിർവ്വഹണമായിത്തീർന്നു പിന്നീടങ്ങോട്ടുള്ള ജീവിത ലക്ഷ്യം. ‘സയാം’ എന്ന പേരിൽ, അന്നറിയപ്പെട്ടിരുന്ന തായ്ലാൻ്റിലൂടെ കടന്ന് ബർമ്മീസ് മലനിരകൾക്കിടയിലൂടെ ഐ.എൻ.എ സൈനികർ ദില്ലി ലക്ഷ്യമാക്കി മാർച്ച് ചെയ്തു. ബ്രിട്ടീഷ് വ്യോമസേനയുടെ നിരന്തരമായ ബോംബു വർഷത്തെ അതിജീവിക്കാനാകാതെ അനേകം പേർ വഴിയിൽ തന്നെ വീരമൃത്യു വരിച്ചു. ശേഷിച്ച പോരാളികൾ, യാത്രാക്ലേശം കൊണ്ടും ഭക്ഷണ ദൗർലഭ്യം കൊണ്ടും വലഞ്ഞു. ദാഹശമനത്തിനായി കാടുകളിൽ സുലഭമായി വളർന്നു നിന്നിരുന്ന ജലസമൃദ്ധമായ വള്ളികളെയാണ് ആശ്രയിച്ചത് .
മാസങ്ങൾ നീണ്ടു നിന്ന ദീർഘയാത്രക്കൊടുവിൽ ഭാരതത്തിലെത്തിച്ചേർന്ന ഐ.എൻ.എ ബറ്റാലിയൻ നാഗാലാൻ്റിലെ കൊഹിമയിൽ ത്രിവർണ്ണ പതാക ഉയർത്തി. പക്ഷെ, അണുബോംബെന്ന മാരകായുധപ്രയോഗത്തിലൂടെ സഖ്യ കക്ഷികൾ ജപ്പാനെ അടിയറവു പറയിക്കയും,1945 ആഗസ്ത് 18 എന്ന ദുർദ്ദിനത്തിൽ തായ്ഹോക്ക് വിമാനാപകടത്തിൽ നേതാജിയുടെ ജീവത്യാഗം സംഭവിക്കുകയും ചെയ്തപ്പോൾ കൊഹിമയിലെ ഐ.എൻ.എ ബറ്റാലിയന്, ബ്രട്ടീഷ് സൈന്യത്തിനു മുന്നിൽ കീഴടങ്ങേണ്ടി വന്നു.
നീൽഗഞ്ച് കൂട്ടക്കൊല
കീഴടങ്ങിയ ഭടന്മാരെ ഉത്തര ബംഗാളിലെ നീൽഗഞ്ച് സൈനിക ക്യാമ്പിലാണ് ബ്രിട്ടീഷ് പട്ടാളം പാർപ്പിച്ചത് അവിടെ വെച്ച് നിരായുധരായ ഭടന്മാർക്കെതിരെ ജാലിയൻവാലാബാഗ് മോഡലിൽ ബ്രിട്ടീഷ് പട്ടാളം വെടിവെപ്പ് നടത്തി. വെടിവെപ്പിൽ രണ്ടായിരത്തോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. എന്നാൽ ഏതോ നിഗൂഢ കാരണങ്ങളാൽ നീൽഗഞ്ച് കൂട്ടക്കുരുതി ഇന്നും ചരിത്രത്താളുകളിൽ പൂർണ്ണമായും
തമസ്കരിക്കപ്പെട്ടാണ് കിടക്കുന്നത്. ആ മനുഷ്യക്കുരുതിയിലും ജീവൻ നഷ്ടപ്പെടാതെ, കൽക്കത്തയിലെ അലിപ്പൂർ ജയിലിൽ രണ്ടു വർഷത്തോളം കഴിഞ്ഞുകൂടി അച്ഛൻ 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജയിൽവിമോചിതനായി ജന്മനാടായ തൃക്കരിപ്പൂരിൽ തിരിച്ചെത്തി.
1972 ൽ സ്വാതന്ത്രൃ സമര സേനാനികൾക്കുള്ള താമ്രപത്രവും പെൻഷൻ ആനുകൂല്യങ്ങളും കേന്ദ്ര ഗവർമെൻ്റ് അച്ഛനും നൽകി. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ച അച്ഛൻ 2009 ൽ തൊണ്ണൂറ്റി രണ്ടാം വയസ്സിലാണ് കാലയവനികക്കുള്ളിൽ മറഞ്ഞത് . ജനുവരി 23-ന് നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ 125ാം ജന്മവാർഷിക നാളിൽ ദില്ലിയിലെ ഇന്ത്യാ ഗേറ്റിൽ ആ അതുല്യ തേജസ്സിൻ്റെ, ലേസര്‍ പ്രകാശധാരയുടെ പ്രത്യേക പ്രകിരണങ്ങളാൽ രൂപപ്പെടുന്ന പ്രതിമ സ്ഥാപിതമാകുമ്പോൾ, തൃക്കരിപ്പൂർ ടൗണിൽ എൻ്റെ ഏട്ടൻ്റെ വീട്ടുമുറ്റത്ത് ഞങ്ങൾ നേതാജി കുടുംബം ആ യുഗപുരുഷൻ്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ച് പ്രണാമം അർപ്പിക്കുകയാണ്.
An appropriate tribute to a great soldier,leader and freedom fighter…Netaji was a man with vision..We remember him on this auspicious day. God bless.
Patriotism to the fore. Let our Gen Y get inspired. Best wishes
Very proud to be part of this family…