കാലപ്പഴക്കത്താൽ ദ്രവിച്ച ആധാരം കാണിക്കാന്‍ ഉത്തരവ്
കാലപ്പഴക്കം കാരണം ദ്രവിച്ച ആധാരം നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിന് ഉടമയെ അനുവദിക്കണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. മലപ്പുറം മുണ്ടുപറമ്പ് സബ്ബ് രജിസ്ട്രാർ ഓഫീസിൽ 1954 ലെ ആധാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ ഇടപെടൽ.
കാലപ്പഴക്കം കാരണം കടലാസുകൾ ദ്രവിച്ച് പൊടിഞ്ഞുപോയി എന്നാണ് സബ്ബ് രജിസ്ട്രാർ ഓഫീസർ അപേക്ഷകന് മറുപടി നൽകിയിരുന്നത്. എന്നാൽ ഇത് വിശ്വാസയോഗ്യമല്ലെന്ന് കാണിച്ച് അപേക്ഷകൻ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതി പരിഗണിച്ച കമ്മീഷൻ ആധാരത്തിന്റെ നിലവിലെ അവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിന് അപേക്ഷകനെ അനുവദിക്കാനും ലഭ്യമാകുന്ന രേഖകൾ സൗജന്യമായി നൽകാനും ഉത്തരവിട്ടു.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു ഡിവിഷണൽ ഓഫീസിൽ നിന്നും ഫെയർവാല്യു ഗസറ്റിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന തൃശൂർ ആളൂർ മറ്റം സ്വദേശിയുടെ അപേക്ഷയിൽ ഏതുവിധേനയും ബന്ധപ്പെട്ട രേഖ അപേക്ഷകന് ലഭ്യമാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു. ഓഫീസിൽ സൂക്ഷിക്കേണ്ട രേഖയായതിനാൽ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കാനാവില്ലെന്നും അതിനാൽ വ്യവസ്ഥാപിതമായ മാർഗത്തിലൂടെ അന്വേഷിച്ച് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്നുമാണ് കമ്മീഷൻ നിർദ്ദേശിച്ചത്.