ശ്രീകൃഷ്ണജയന്തിക്ക് ഗുരുവായൂരിൽ ഭക്തജന സഹസ്രങ്ങൾ
നാൽപ്പതിനായിരത്തോളം ഭക്തർ വിഭവസമൃദ്ധമായ സദ്യയുണ്ടു
അഷ്ടമി രോഹിണി നാളിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ ഭക്തസഹസ്രങ്ങൾ. ഭഗവാനെ കൺനിറയെ കണ്ട് വിഭവസമൃദ്ധമായ പിറന്നാൾ സദ്യയും ഭക്തർ ആസ്വദിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ മൂന്നിന് നിർമ്മാല്യത്തിന് നട തുറന്നപ്പോൾ തന്നെ ദർശനത്തിനായി ഭക്തരുടെ വൻ നിര ഉണ്ടായിരുന്നു.
വരി നിന്ന ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കാൻ രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് രണ്ടു വരെ സ്പെഷ്യൽ ദർശനം ഒഴിവാക്കിയിരുന്നു. കാഴ്‌ച ശീവേലിക്ക് രാവിലെ പെരുവനം കുട്ടൻ മാരാർ മേള
പ്രമാണിയായി. ദർശന സായൂജ്യം നേടിയ ഭക്തർ തുടർന്ന് ഭഗവാൻ്റെ പിറന്നാൾ സദ്യ കഴിച്ചു. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലും തെക്കേ നടപ്പന്തലിലും മറ്റുമായി 1800 ഭക്തർക്ക് ഒരേ സമയം സദ്യ കഴിക്കാൻ ദേവസ്വം സൗകര്യം ഒരുക്കിയിരുന്നു.
ശർക്കരവരട്ടി, വറുത്ത ഉപ്പേരി, നെല്ലിക്ക അച്ചാർ, പുളിയിഞ്ചി,എരിശേരി, ഓലൻ, കാളൻ, പായസം, പഴം, പപ്പടം, മെഴുക്കുപുരട്ടി, നാരങ്ങ അച്ചാർ, മോര് ഉൾപ്പെടെയുള്ള വിഭവങ്ങൾ ഇലയിൽ നിരന്നു. തെക്കേ നടപ്പന്തലിൽ ഭഗവാൻ്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി
പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. തുടർന്ന് തൂശനിലയിൽ വിഭവങ്ങൾ വിളമ്പി. പിന്നീടാണ് ഭക്തർക്കായി പിറന്നാൾ സദ്യ വിളമ്പിയത്.
ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഭക്തർക്കുള്ള ഇലയിട്ട് ആദ്യം വിഭവങ്ങൾ വിളമ്പി. ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
അഷ്ടമി രോഹിണി മഹോൽസവ ദിന കലാപരിപാടികൾക്ക് രാവിലെ എട്ടു മണിയോടെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഭദ്രദീപം കൊളുത്തി. ക്ഷേത്രം
അദ്ധ്യാത്മിക ഹാളിൽ ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹത്തിൽ ശ്രീകൃഷ്ണാവതാര പാരായണം നടന്നു. ഗുരുവായൂർ കേശവൻ നമ്പൂതിരി ശ്രീകൃഷ്ണാവതാരം ഭക്തിപ്രഭാഷണം നിർവ്വഹിച്ചു.