മയക്കുമരുന്നിനെതിരെ ‘ബി എ ഹീറോ’ കാമ്പെയ്നുമായി വിശ്വശാന്തി ഫൗണ്ടേഷൻ

യോഗ ദിനാചരണത്തിന്റെ ഭാഗമായി മോഹൻലാൽ പങ്കെടുത്ത വിശ്വശാന്തി ഫൗണ്ടേഷൻ്റെ പ്രത്യേക യോഗ പരിപാടി നടന്നു. മയക്കുമരുന്നിനെതിരായി വിശ്വശാന്തി ഫൗണ്ടേഷൻ നടത്തുന്ന ‘ബി എ ഹീറോ’ കാമ്പെയ്‌നിന്റെ ഭാഗമായിട്ടാണ് എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിൽ യോഗ പരിപാടി സംഘടിപ്പിച്ചത്.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുമായി സഹകരിച്ചായിരുന്നു ബോധവൽക്കരണം. മയക്കുമരുന്ന് രഹിതവും ശാക്തീകരിക്കപ്പെട്ടതുമായ യുവജന സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ വിശ്വശാന്തി ഫൗണ്ടേഷൻ നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടിയാണ് ‘ബി എ ഹീറോ.’

യോഗയിലൂടെയും കൂട്ടായ ശക്തിയിലൂടെയും ആരോഗ്യകരവും മയക്കുമരുന്ന് രഹിതവുമായ ജീവിതത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ആയിരത്തിലധികം വിദ്യാർത്ഥികളും യുവാക്കളും സിയാലിൽ ഒത്തുചേർന്നു. ഇവർക്കൊപ്പം മോഹൻലാൽ യോഗ ചെയ്തു. തലമുറയെ ഉയർത്താനും നല്ലത് തിരഞ്ഞെടുക്കാനും സ്വന്തം ഹീറോകളാകാനും നമുക്ക് പ്രചോദനം നൽകാമെന്ന് യോഗ ദിനത്തിൽ മോഹൻലാൽ പറഞ്ഞു.