ദക്ഷിണ കൊറിയ കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപം നടത്തും

ഇലക്ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, അടിസ്‌ഥാന സൗകര്യ വികസനം, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകളിൽ കേരളത്തിൽ നിക്ഷേപം നടത്താൻ ദക്ഷിണ കൊറിയ. സാങ്കേതിക വിദ്യ കൈമാറ്റത്തിനും മൊബൈൽ ഫോൺ സാങ്കേതികവിദ്യാ മേഖലകളിലും കേരളവുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന് ഇന്ത്യയിലെ കൊറിയൻ എംബസി കൊമേഴ്‌സ്യൽ അറ്റാഷെ ക്വാങ് സ്യൂക് യാങ് അറിയിച്ചു. കൊച്ചിയിൽ ഫിക്കിയുടെ നേതൃത്വത്തിൽ കൊറിയ – ഇന്ത്യ സാമ്പത്തിക സഹകരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ. എസ്. ഐ. ഡി. സി. ഉൾപ്പെടെ സംസ്‌ഥാന സർക്കാരിന്റെ വ്യവസായ വികസന ഏജൻസികളും വാണിജ്യ, വ്യവസായ മേഖലയിൽ നിന്നുള്ള പ്രതിനിധികളും കൊച്ചിയിൽ നടന്നചർച്ചയിൽ പങ്കെടുത്തു.
കേരളത്തിലെ നിക്ഷേപക സാഹചര്യം ബോധ്യപ്പെടുത്തുന്നതിനും നിക്ഷേപത്തിനാവശ്യമായ സൗകര്യം ഒരുക്കുന്നതിനും ഇന്ത്യയിൽ പ്രവർത്തിക്കുന്ന കൊറിയൻ കമ്പനി മേധാവികളുടെ യോഗം 2023 ആദ്യം തന്നെ വിളിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്. കെ.എസ്.ഐ.ഡി.സി. ഇതിനാവശ്യമായ ഒരുക്കങ്ങൾ നടത്തും.

കേരളത്തിലെ മേക്കേഴ്‌സ് വില്ലേജിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളും കെൽട്രോണിന്റെ പ്രവർത്തനങ്ങളും കേരളത്തിന്റെ തനത് വൈദഗ്ധ്യത്തിന്റെ പ്രതീകങ്ങളാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത്‌
വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിന്റെ പുതിയ വ്യവസായ, വാണിജ്യ നയത്തിൽ ജി.എസ്. ടി, റീഇമ്പേഴ്സ്മെന്റ്, നികുതിയിളവ് തുടങ്ങിയ ആനുകൂല്യങ്ങളും നിക്ഷേപകർക്ക് ആകർഷകമായിരിക്കും. നിർമിത ബുദ്ധി, ആയുർവേദം, ബയോ ടെക്‌നോളജി, ഡിസൈൻ, ഭക്ഷ്യ സംസ്ക്കരണം, വൈദ്യുത വാഹനങ്ങൾ, ലോജിസ്റ്റിക്സ്, നാനോ ടെക്‌നോളജി, ടൂറിസം, ത്രീഡി പ്രിന്റിംഗ് തുടങ്ങിയ മേഖലകളിൽ മുതൽമുടക്കാൻ കൊറിയ തയ്യാറാണെങ്കിൽ സർക്കാർ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിൽ ആരംഭിക്കുന്ന മറൈൻ ക്ലസ്റ്റർ, കൊച്ചി കപ്പൽശാലയുമായി ബന്ധപ്പെട്ട പ്രതിരോധ മേഖല എന്നിവയിൽ കൂടുതൽ നിക്ഷേപ സാധ്യതയുണ്ട്. സീ ഫുഡ്, ഫ്രോസൻ ഫുഡ്, സ്‌പൈസസ് മേഖലകളിലും കൊറിയൻ സഹകരണം സാധ്യമാകും. കേരളത്തിലെ സാധ്യതകൾ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക് അസ്വാനിയും വിശദീകരിച്ചു.

കേരള സർക്കാരുമായി സഹകരിച്ച് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ സെമിനാർ നടത്താനും കേരളത്തിന്റെ തൊഴിൽ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിനായി നോളജ്‌ ഷെയറിംഗ് പരിപാടികൾ സംഘടിപ്പിക്കുന്നതിനുമുള്ള സന്നദ്ധത ഇന്ത്യ-കൊറിയ ബിസിനസ് കോ ഓപ്പറേഷൻ സെന്റർ ദക്ഷിണേഷ്യ മാനേജിംഗ് ഡയറക്ടർ ജൂൻവ ബിൻ അറിയിച്ചു.

ഇന്ത്യ – കൊറിയ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്തെ നിക്ഷേപക സാധ്യതകളെ കുറിച്ചറിയാനാണ്‌
ദക്ഷിണ കൊറിയയിൽ നിന്നുള്ള ഉന്നതതല സംഘം കേരളത്തിലെത്തിയത്. ഇന്ത്യയിലെ കൊറിയൻ എംബസി, ഇന്ത്യ – കൊറിയ ബിസിനസ് കോഓപ്പറേഷൻ സെന്റർ എന്നിവരാണ് കൊറിയൻ സംഘത്തിന്റെ കേരള സന്ദർശന പരിപാടി ഏകോപിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *