കവിമുത്തശ്ശൻ യാത്ര പറഞ്ഞ ആ ദിവസം

മഹാകവി പി. യുടെ പ്രിയതമയായ കുഞ്ഞുലക്ഷ്മിയെക്കുറിച്ചുള്ള പേരക്കിടാവിൻ്റെ ഓർമ്മകൾ.

1978 ൽ കവിമുത്തശ്ശന്റെ മരണവാർത്ത കേട്ട് വീട്ടിൽ നിന്ന് അമ്മയും അച്ഛനും അമ്മാവനും അനിയന്മാരുമെല്ലാം പോയിരുന്നു. ഞാനും അമ്മമ്മയും മാത്രമായിരുന്നു വെള്ളിക്കോത്തെ വീട്ടിൽ. അമ്മമ്മ കരയുന്നില്ല. ദൂരെയെങ്ങോ ദൃഷ്ടിയുറപ്പിച്ച് മൗനത്തിലായിരുന്ന അമ്മമ്മയോട് എന്തെങ്കിലും ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഞാൻ അടുത്തേക്ക് നീങ്ങി പറ്റിച്ചേർന്നിരുന്നു. ഒന്നും മിണ്ടുന്നില്ല. വേർപാടിൻ്റെ വേദനയോ… അവസാനമായി ഒരു നോക്കു കാണാൻ കഴിയാതെ പോയതിലുള്ള സങ്കടമോ..ആർക്കറിയാം! ! ദു:ഖത്തിന്റെ ആഴം ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാനെനിക്ക് കഴിഞ്ഞു. എനിക്ക് സഹിക്കാനായില്ല. കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരുന്ന എന്നെ അമ്മമ്മ ആശ്വസിപ്പിക്കുകയായിരുന്നു.

പെട്ടെന്ന് ഒരു ഓട്ടോ ഗേറ്റിന് മുന്നിൽ വന്നു നിന്നു. കോഴിക്കോട് മാതൃഭൂമിയിൽ നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ആജാനുബാഹുവായ ഒരു യുവാവ് അതിൽ നിന്നിറങ്ങി പൂമുഖത്തേക്ക് കയറി വന്നു. കാലത്ത് ഏതാണ്ട് 10.30 ആയിക്കാണും. രണ്ടുമണിക്കൂറോളം അദ്ദേഹം അമ്മമ്മയുമായി സംസാരിച്ചു. പേര് ഓർക്കുന്നില്ല. മുഖം ഇന്നും നല്ല ഓർമയുണ്ട്. സുന്ദരനായ കണ്ണട വെച്ച ആ യുവാവ് ഓട്ടോയിലാണ് വന്നത്. (ഞാൻ പ്രീഡിഗ്രി പരീക്ഷ എഴുതിക്കഴിഞ്ഞ ആ വെക്കേഷനിലായിരുന്നു എന്നാണോർമ.) എന്തിനാണയാൾ അത്രയും നേരം കഥകൾ ചോദിച്ച് അവിടെ ഇരുന്നതെന്നറിയില്ല. ഒന്നും കുറിച്ചെടുക്കുന്നതും കണ്ടില്ല. കടലാസോ

മഹാകവി പി.യും എം.ടി.വാസുദേവൻ നായരും – ഫോട്ടോ: പി.വി.കൃഷ്ണൻ

പേനയൊ ഒന്നും കൈയിലു ണ്ടായിരുന്നുമില്ല. കോഴിക്കോട് നിന്ന് കാലത്ത് പുറപ്പെട്ടതാണോ, അതോ തലേന്ന് വന്ന് കാഞ്ഞങ്ങാട് താമസിച്ചിരുന്നോ, ഒന്നും അറിയില്ല. വേറെന്തോ ഒരാവശ്യത്തിന് കാഞ്ഞങ്ങാട് വന്നപ്പൊ കവിപത്നിയുടെ കൂടെ കുറച്ചു നേരം ഇരിക്കാമെന്നോർത്ത് വന്നതാണെന്നാണ് പറഞ്ഞത്. ഇനി കവിയുടെ ചരമവാർത്ത അറിഞ്ഞിട്ടായിരിക്കുമോ, എന്തോ..

അമ്മമ്മ എന്നോട് അടുക്കളയിൽ ചെന്ന് രാവിലത്തെ കാപ്പിക്കുണ്ടാക്കിയിരുന്ന പലഹാരവും ചായയുമെടുത്തോണ്ടുവരാൻ പറഞ്ഞ് സംഭാഷണത്തിൽ മുഴുകി.(വീട്ടിൽ ആര് വന്ന് കയറിയാലും ചായയോ കാപ്പിയോ കഴിപ്പിക്കാതെ അമ്മമ്മ വിടില്ല)
ചായ എടുക്കുമ്പഴും എൻ്റെ ശ്രദ്ധ മുഴുവൻ ഇവരുടെ സംസാരത്തിലായിരുന്നു. ഇനി ഇദ്ദേഹം അമ്മമ്മയോട് ഓരോന്നു ചോദിച്ചും പറഞ്ഞും കൂടുതൽ സങ്കടപ്പെടുത്തിയേക്കുമോ എന്നോർത്ത് എൻ്റെ മനസ്സ് വേവലാതിപ്പെട്ടു. കവി മുത്തശ്ശൻ തന്നെയാണ് അവരുടെ സംസാരവിഷയമെങ്കിലും അതിനിടയിൽ മരണവാർത്തയെ കുറിച്ച് ഒന്നും പ്രതിപാദിച്ചതേയില്ലെന്ന് ഞാൻ മനസ്സിലാക്കി. സംസാരിക്കുന്നതിനിടയിൽ പല തവണ അമ്മേ എന്ന് സംബോധന ചെയ്താണ് അദ്ദേഹം സംസാരിച്ചിരുന്നത് എന്ന് മനസ്സിലായപ്പോൾ  വേവലാതി ഏതാണ്ട് പൂർണമായും മാറിക്കിട്ടി.

ആ ചെറുപ്പക്കാരൻറെ വരവ് ഞങ്ങൾക്ക് വലിയൊരാശ്വാസമായിരുന്നു.
മുത്തശ്ശൻ അന്ന് പറഞ്ഞിട്ട് പോയ വാക്കുകൾ – ഞാൻ പോയിക്കഴിഞ്ഞേ താൻ പോകൂ..ദേഹി മാത്രമെ യാത്രയാകുന്നുള്ളു… എന്നൊക്കെ അദ്ദേഹത്തോട് അമ്മമ്മ പറയുന്നുണ്ടായിരുന്നു. അന്നാണ് ശരിക്കും ആ വാക്കുകളുടെ അർത്ഥം എനിക്ക് ഉൾക്കൊള്ളാനായത്.
സത്യമായിരുന്നു അപ്പറഞ്ഞതെല്ലാമെന്ന് കവിയെ വായിച്ചറിയാൻ തുടങ്ങിയപ്പോൾ മുതൽ എനിക്ക് മനസ്സിലായിത്തുടങ്ങിയിരുന്നു. സ്നേഹാദരങ്ങളോടെ മാത്രമേ കുഞ്ഞുലക്ഷ്മി എന്ന വാക്ക് മുത്തശ്ശൻ ഉച്ചരിച്ചിരുന്നുള്ളൂ. ശീലാവതി എന്ന് ഒരിടത്ത് എഴുതിയതായും കണ്ടു.

പേരോർമയില്ലാത്ത സ്നേഹധനനായ ആ യുവാവ് യാത്ര പറഞ്ഞിറങ്ങിയപ്പോൾ എനിക്ക് സങ്കടം തോന്നി. ഒരു പാട് കാലം കൂടെ ഉണ്ടായിരുന്ന വേണ്ടപ്പെട്ടൊരാൾ ഇറങ്ങിപ്പോയപോലെ…
അമ്മമ്മയെ നോക്കിയപ്പൊ പെയ്തൊഴിഞ്ഞ ആകാശം പോലെ ശാന്തമായിരുന്നു ആ മുഖം..
അദ്ദേഹം പോയ ശേഷം ഞാനമ്മമ്മയോട് അതാരാണെന്ന് ചോദിച്ചു. അമ്മമ്മയ്ക്കും മുത്തശ്ശനും ഏറെ വേണ്ടപ്പെട്ട ഒരാളാവും എന്ന എൻ്റെ ധാരണ ഒന്നൂടെ ഉറപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നു ആ ചോദ്യം. പക്ഷെ അമ്മമ്മ നല്കിയ ഉത്തരം കേട്ട് ഞാൻ സ്തബ്ധയായിപ്പോയി.
”ആർക്കറിയാം മോളേ ! ആ കുട്ടി ഇപ്പൊ വന്നതേതായാലും നന്നായി.. നെഞ്ചിലുണ്ടായിരുന്ന വിങ്ങിക്കെട്ടലൊഴിഞ്ഞു. ആ കിടപ്പ് കാണാൻ പോകാതിരുന്നത് ഒരു തരത്തിൽ നന്നായേ ള്ളൂ ”..

അന്ന് മുത്തശ്ശൻ യാത്ര പറഞ്ഞിറങ്ങിയത് അമ്മു ഓർക്കണില്ലെന്ന് എന്നോട് ചോദിച്ചു. ഉണ്ടല്ലോ എന്ന് ഞാൻ മറുപടിയും പറഞ്ഞു..
അതെ, എനിക്കിന്നും ഓർമയുണ്ട് .അമ്മമ്മയ്ക്ക് തീരെ വയ്യാണ്ടായപ്പൊ അമ്മമ്മ തന്നെ കവി മുത്തശ്ശന് ഒരു കാർ ഡിൽ എഴുതി അയച്ചിരുന്നു ‘ഒന്ന് കാണണമെന്നുണ്ട് ഇനി അധികനാളുണ്ടാവുമെന്ന് തോന്നുന്നില്ല’- എന്നും പറഞ്ഞ്. സാധാരണ വീട്ടിൽ നിന്നും അച്ഛനോ അമ്മയോ ആണ് അസുഖവിവരം എഴുതി അറിയിക്കാറുള്ളത്. ഒരാഴ്ചക്കുള്ളിൽ കവിമുത്തശ്ശൻ എത്തുകയും ചെയ്യുമായിരുന്നു, എന്ത് തിരക്കുണ്ടെങ്കിലും.
ഇത്തവണ പത്ത് ദിവസം കഴിഞ്ഞിട്ടും കാണാതിരുന്നപ്പൊ ഇനി വരില്ലായിരിക്കും എന്നാണ് ഞങ്ങൾ കരുതിയത്.

അമ്മമ്മയുടെ അസുഖം കുറച്ച് ഭേദമായി. ഒരഞ്ചാറു ദിവസം കൂടി കഴിഞ്ഞ് മുത്തശ്ശനെത്തി.അമ്മമ്മയുടെ അടുത്തു വന്നിരുന്നു. എന്നിട്ട് ‘തനിക്ക് പോകാൻ സമയമായിട്ടില്ലെന്നെനിക്കറിയാലോ.. ഞാൻ പോയിട്ടേ താൻ പോകൂ’ എന്നും പറഞ്ഞ് കണ്ണടക്കിടയിലൂടെയുള്ള പതിവ് ചിരിയും. കവി മുത്തശ്ശൻ മരിക്കുന്നതിന് ഏതാണ്ട് മുന്നോ നാലോ മാസം മുമ്പായിരുന്നെന്ന് തോന്നുന്നു ഈ വരവ്. വർത്തമാനമൊക്കെ പറഞ്ഞു കഴിഞ്ഞെഴുന്നേറ്റപ്പോൾ പിറകെ അമ്മമ്മയും ചെന്നു. പടിയിറങ്ങുമ്പോ അമ്മമ്മ ചോദിച്ചു -ഇനിയെപ്പഴാ ?

‘നമ്മളൊക്കെ വഴിപോക്കരല്ലേ… എന്താ ഏതാന്നൊക്കെ എങ്ങനെ പറയും..! ഒരു ദിവസം റേഡിയോവിൽ കേൾക്കാം പോയീന്ന്..അത്രന്നെ.’
ഇതും പറഞ്ഞ് മുത്തശ്ശൻ ഒരു പാട് ചിരിച്ചു. എന്നെന്നേക്കുമായുള്ള വിടചൊല്ലലിൻ്റെ നൊമ്പരം ആ യാത്ര പറച്ചിലിൽ ഉണ്ടായിരുന്നിരിക്കണം. ചിരിയുടെ മറ സൃഷ്ടിച്ച് സങ്കടം ഉള്ളിലൊതുക്കിയതാവാം രണ്ടു പേരും. പല തവണ തിരിഞ്ഞു നോക്കി തലയാട്ടി യാത്ര ചോദിച്ച, ആ പുഞ്ചിരിച്ച മുഖം മനസ്സിൽ നിന്ന് മായാതിരിക്കാൻ വേണ്ടിയാവും അമ്മമ്മ അന്ന് ഭൗതിക ശരീരം കാണാൻ പോകാതിരുന്നത് എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്.(കേരള ഗ്രാമീണ ബാങ്ക് മാനേജരായി വിരമിച്ച ജയശ്രീ വടയക്കളം കവിയുടെ നാടായ കാഞ്ഞങ്ങാട്ടാണ് താമസിക്കുന്നത്.)

Leave a Reply

Your email address will not be published. Required fields are marked *