പ്രണയത്തിൻ്റെ ശരിയായ അർത്ഥം ഞാനറിഞ്ഞു; നിഘണ്ടു നോക്കാതെ
മഹാകവി പി. യുടെ പ്രിയതമയായ കുഞ്ഞുലക്ഷ്മിയെക്കുറിച്ചുള്ള പേരക്കിടാവിൻ്റെ ഓർമ്മകൾ.
കഥപറച്ചിലിനിടയിലെപ്പോഴോ മുത്തശ്ശൻ തനിച്ചാക്കി പോയതിൽ ദേഷ്യമോ സങ്കടമോ തോന്നാറുണ്ടോയെന്ന് ഞാൻ അമ്മമ്മയോട് ചോദിച്ചു. കാരണം സ്ക്കൂൾ കാലഘട്ടത്തിൽ സഹപാഠികൾ പലപ്പോഴും കളിയാക്കാറുണ്ടായിരുന്നു – നാടുനീളെ കല്യാണം കഴിച്ച് നടക്കുന്നയാളല്ലേ നിന്റെ കവിമുത്തശ്ശൻ എന്ന്. എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴായിരുന്നു അത്. ഒരു പതിനാലുവയസ്സുകാരിക്ക് താങ്ങാൻ പറ്റുന്നതിലപ്പുറമായിരുന്നു എന്റെ സങ്കടം. (അദ്ധ്യാപകരിൽ നിന്ന് കവിയുടെ കൊച്ചുമകൾക്ക് കിട്ടുന്ന പരിഗണനയും സ്നേഹവായ്പും അവരിൽ നേരിയ കുശുമ്പുളവാക്കിയോ ആവോ…അറിയില്ല.) അങ്ങനെയാണ് മടിച്ചു മടിച്ച് അമ്മമ്മയോട് ഞാനാ ചോദ്യം ചോദിച്ചത്. അന്ന് കിട്ടിയ മറുപടി എന്റെ മനസ്സിനെ എന്നെന്നേക്കുമായി
തൃപ്തിപ്പെടുത്താൻ പോന്നതായിരുന്നു. ‘എന്തിനാ ദേഷ്യപ്പെടണെ? ശരീരങ്ങൾ തമ്മിലുള്ള ബന്ധമല്ലല്ലോ മോളേ പ്രണയം… മനസ്സുകൾ തമ്മിലല്ലേ… ആ മനസ്സിലെന്നും ഞാൻ മാത്രമേയുള്ളു, എന്റെ മനസ്സിലദ്ദേഹവും..’.
അത് വസ്തുതാകഥനമാണോ അല്ല ആദർശഭാവനയാണോയെന്ന് ആലോചിച്ച് ഞാൻ വേവലാതിയിൽ വീണിട്ടില്ല. അസ്വസ്ഥമായിരുന്ന എൻ്റെ കുഞ്ഞുമനസ്സിനെ തൃപ്തിപ്പെടുത്തുക മാത്രമല്ല ആ വാക്കുകൾ എനിക്ക് പുതിയൊരറിവ് കൂടി പകർന്നു തരികയായിരുന്നു _ പ്രണയം എന്ന വാക്കിൻ്റെ അർത്ഥം തേടാൻ ഇനി നിഘണ്ടുപ്പുറങ്ങൾ മറിക്കേണ്ടതുമില്ല.
കൂടാളി ഹൈസ്കൂളിൽ കവിമുത്തശ്ശൻ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സമയത്ത് അമ്മമ്മയും, അമ്മയും (ലീല), അമ്മാവനും (രവീന്ദ്രൻ) മുത്തശ്ശൻ്റെ കൂടെത്തന്നെയുണ്ടായിരുന്നു, ഏതാണ്ട് പത്തുവർഷത്തോളം. അമ്മയും കുറച്ചു നാൾ ആ സ്കൂളിൽ തന്നെ ജോലി ചെയ്തിരുന്നു. അച്ഛനും മകളും എന്നും ഒന്നിച്ച് സ്ക്കൂളിൽ പോകുന്ന കഥ പറഞ്ഞ് അമ്മമ്മയും അമ്മയും ചിരിക്കാറുണ്ട്. സ്ക്കൂളിലേക്ക് പാടവരമ്പത്തൂടെ നടക്കാൻ തുടങ്ങുമ്പൊ ഒന്നുകിൽ പശുവിനെ കാണും, അല്ലെങ്കിൽ കൂട്ടം കൂട്ടമായെത്തുന്ന പക്ഷികളെ…തീർന്നു കഥ..! മുത്തശ്ശനതും നോക്കി ഒറ്റ നില്പാവും. വിളിച്ചാൽ പോലും അറിയില്ല. പതുക്കെ മുത്തച്ഛനെ കടന്ന് അമ്മ വേഗം നടന്ന് സ്ക്കൂളിലേക്ക് പോകും.
കവി എന്ന പരിഗണന അച്ഛന് മാത്രല്ലേ കിട്ടൂ, എന്നും പറഞ്ഞ് അമ്മ ചിരിക്കും.
( കേരള ഗ്രാമീണ ബാങ്ക് മാനേജരായി വിരമിച്ച ജയശ്രീ വടയക്കളം കവിയുടെ നാടായ കാഞ്ഞങ്ങാട്ടാണ് താമസിക്കുന്നത്.)