വനിത സ്‌കൂബാ ഡൈവിങ്ങ് ടീം ‘ഗാനെറ്റ്സ്’ ഉദ്ഘാടനം ചെയ്തു
അഗ്‌നിരക്ഷാ വകുപ്പിനു കീഴിൽ സജ്ജമായ രാജ്യത്തെ ആദ്യത്തെ വനിത സ്‌കൂബാ ഡൈവിങ്ങ് ടീം മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്തു. ഗാനെറ്റ്സ് എന്നാണ് ടീമിന്റെ പേര്.
പി.എസ്. സേതുപാര്‍വ്വതി, അപര്‍ണ കൃഷ്ണന്‍, ശ്രുതി പി.രാജു, കെ. അപര്‍ണ, കെ.പി. അമേയ രാജ, നീതു നെല്‍സണ്‍, ആര്യ സുരേഷ്,സിമില്‍ ജോസ്, സ്‌നേഹ ദിനേഷ്, നിഷിദ റഷീദ്, കെ.എന്‍. നിത്യ, എം. അനുശ്രീ, കെ.എം. ഗീതുമോള്‍, അഷിത കെ. സുനില്‍, സി. എസ്. ജെസ്‌ന, ഡി. സ്വാതി കൃഷ്ണ, പി.എല്‍. ശ്രീഷ്മ എന്നിവരാണ് ടീമിലുള്ളത്.
ജലാശയ അപകടങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക, ജലാശയ അപകടങ്ങൾ ലഘൂകരിക്കുക എന്നീ ഉദ്ദേശങ്ങളോടെ കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവ്വീസസിനു കീഴിലുള്ള ഫോർട്ടുകൊച്ചിയിലുള്ള ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രത്തിലാണ് സ്‌കൂബാ ടീമിന് പരിശീലനം നടന്നത്.
പരിശീലനം പൂർത്തിയാക്കിയ വനിതാ ഓഫീസർമാർക്ക് 30 മീറ്റര്‍വരെ താഴ്ചയില്‍ രക്ഷാപ്രവര്‍ത്തനം നല്‍കാൻ സാധിക്കും. സംസ്ഥാനത്തെ ജല പരിശീലനകേന്ദ്രം ഇതുവരെ മുന്നൂറിലധികം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ ജലാശയപകടങ്ങളില്‍ മരണപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫോര്‍ട്ട് കൊച്ചിയില്‍ ജലസുരക്ഷാ പരിശീലന കേന്ദ്രം ആരംഭിച്ചത്.
2024 ൽ അഗ്‌നിരക്ഷാ വകുപ്പിൽ ചരിത്രത്തിൽ തന്നെ ആദ്യമായി നിയമിതരായ 100 വനിതാ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരിൽ നിന്ന് തിരഞ്ഞെടുത്ത പതിനേഴ് പേർക്കാണ് പരിശീലനം നൽകിയത്.