പ്രിയപ്പെട്ട സതീഷ്ബാബുവിൻ്റെ ഓർമ്മയ്ക്ക്…

എന്‍. ഇ. സുധീർ

ആത്മബന്ധമുള്ള മനുഷ്യർ ജീവിതത്തിൽ നിന്നും പടിയിറങ്ങിപ്പോവുമ്പോൾ മനസ്സാകെ ശൂന്യമായിപ്പോകും. അവരെ ഓർത്തെഴുതുക എന്നത് ക്ലേശകരവുമാണ്. ഇത് പല സന്ദർഭങ്ങളിലായി ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. സതീഷ് ബാബുവിൻ്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ശൂന്യത ദിവസങ്ങൾ കഴിഞ്ഞിട്ടും എന്നെ വിട്ടുപോയിട്ടില്ല. എന്നാലും ബാബുവിനെ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്. ബാബു വർഷങ്ങളായുള്ള സഹോദരതുല്യനായ ചങ്ങാതിയാണ്. മൂന്നുപതിറ്റാണ്ടിലേറെയായി ഞങ്ങൾ സുഹൃത്തുക്കളായിട്ട്.

എൻ്റെ ചേട്ടൻ്റെ മക്കൾ സതീഷ് ബാബുവിനെ ‘ബാബു മാമൻ’ എന്നാണ് മുമ്പു തൊട്ടേ വിളിച്ചിരുന്നത്. എന്തുകൊണ്ടോ ഞാനും ആദ്യം മുതലേ അതേറ്റു വിളിച്ചു. അങ്ങനെ പ്രായത്തിൽ മൂന്നു വയസ്സു മാത്രം കൂടുതലുള്ള ബാബുവിനെ ഞാനും ‘ബാബുമാമനെ’ ന്ന് വിളിച്ചു പോന്നു! ഞങ്ങളത് ആസ്വദിച്ചു തുടരുകയും ചെയ്തു. കുറച്ചു ദിവസം മുമ്പ് ബാബു എൻ്റെ മകനോട് ഫോണിലിങ്ങനെ പറഞ്ഞു: ” അപ്പൂ, നിൻ്റെ അച്ഛൻ എന്നെ ബാബു മാമനെന്ന് വിളിച്ചു. നീയും അതു തന്നെ വിളിക്കുന്നു. ഇനി നിൻ്റെ കുട്ടികളും എന്നെ അതു തന്നെ വിളിക്കുമായിരിക്കും.”ഏതായാലും ആ കാലത്തിനൊന്നും കാത്തു നിൽക്കാതെ ബാബുവിന് രംഗം വിടേണ്ടി വന്നിരിക്കുന്നു.

മരണത്തിനു രണ്ടു മൂന്നു ദിവസം മുമ്പ് ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു. ഞാനൊരു ആരോഗ്യ പ്രശ്നവുമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. അതറിഞ്ഞ് വിവരങ്ങൾ തിരക്കാനായാണ് ബാബു വിളിച്ചത്. പുതിയ എഴുത്തിനെക്കുറിച്ചും ശരിയായിക്കൊണ്ടിരുന്ന ഒരു പുതിയ സിനിമ പ്രൊജക്ടിനെപ്പറ്റിയുമാണ് അന്ന് ബാബു ആവേശത്തോടെ സംസാരിച്ചത്. ദിവസങ്ങൾക്കിപ്പുറം ഒരുച്ചനേരത്ത് ഞങ്ങളുടെ സുഹൃത്ത് തോമസ് സ്കറിയ മടിച്ച് മടിച്ച് ആ വിവരം എന്നോടു പറഞ്ഞു. ” സുധീറേ, നമ്മുടെ സതീഷ് ബാബു പോയി എന്നാണ് കേൾക്കുന്നത് !” ‘ബാബു പോവുകയോ?’ ഞാനന്തം വിട്ടു പോയി. എനിക്കതുൾക്കൊള്ളാൻ സമയമേറെയെടുത്തു. എൻ്റെ മൊബൈൽ ഫോണിലേക്ക് വിളികൾ പലതും വന്നു കൊണ്ടിരുന്നു.

പരിചയക്കാരും സുഹൃത്തുക്കളും തുരുതുരെ വിളിക്കുകയാണ്. ചിലർ വിവരം പറയാൻ; ചിലർ കേട്ടത് സത്യമാണോ എന്നറിയാൻ. മെല്ലെ മെല്ലെ ഞാനായാഥാർത്ഥ്യത്തോട് പൊരുത്തപ്പെട്ടു. സതീഷ് ബാബു പയ്യന്നൂർ എന്ന എൻ്റെ ചങ്ങാതിക്ക് അകാലമൃത്യ സംഭവിച്ചിരിക്കുന്നു. തിരുവനന്തപുരം വരെ യാത്ര ചെയ്ത് ബാബുവിനെ ഒരു നോക്കു

കാണാനുള്ള ആരോഗ്യസ്ഥിതി എനിക്കുണ്ടായിരുന്നില്ല. ഞാനാകെ അസ്വസ്ഥനായി. അടുത്ത ദിവസം ഇതിനൊരു പരിഹാരവുമായി തോമസ് എന്നെ വിളിച്ചു. രാത്രിയിൽ ബാബുവിൻ്റെ മൃതദേഹം ആംബുലൻസിൽ തൃശ്ശൂരിലേക്ക് കൊണ്ടു പോവുന്നുണ്ട്. ഏറണാകുളം ബൈപ്പാസ്സിൽ എവിടെയെങ്കിലും കാത്തു നിന്നാൽ ആംബുലൻസ് നിർത്തി കാണാൻ അവസരമൊരുക്കാം.

വയ്യാത്ത ശരീരവും വിറങ്ങലിച്ച മനസ്സുമായി ഞാൻ അനിതയോടൊപ്പം റോഡരികിലെ ആംബുലൻസിൽ കയറി എൻ്റെ ബാബുവിനെ അവസാനമായി ഒരു നോക്കു കണ്ടു. ബാബുവിൻ്റെ മുഖമാകെ മാറിപ്പോയിരിക്കുന്നു. മനസ്സിൽ പതിഞ്ഞ ബാബുവിൻ്റെ മുഖത്തിനെന്തു

പറ്റി? ജീവൻ പോയാൽ, പിന്നെ മുഖത്തിനെന്തു പ്രസക്തി! പോസ്റ്റുമാർട്ടവും എംബാമിങ്ങുമൊക്കെ അതിനെയാകെ മാറ്റിമറിച്ചിരിക്കുന്നു. ഞാൻ സാവധാനം ആംബുലൻസിൽ നിന്നിറങ്ങി കാറിലേക്ക് മടങ്ങി. ദിവസങ്ങൾക്ക് മുമ്പ് എന്നോട് സുധീർ വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച് ഫോൺ സംഭാഷണം നിർത്തിയ ബാബു…

ജീവിതത്തിന് എന്നോട് എന്തെല്ലാമോ പറയണമെന്നുണ്ട്. ഞാനൊന്നും കേൾക്കാനുള്ള മൂഡിലായിരുന്നില്ല. ഒരു ചിന്തകൾക്കും വശപ്പെടാതെ ഞാൻ വീട്ടിലേക്കു മടങ്ങി. തുടർന്ന് ഉറക്കത്തിലേക്കും. പുലർച്ചെ ഉറക്കം നഷ്ടപ്പെട്ട് കിടക്കുമ്പോൾ മനസ്സിൽ ആദ്യം വന്നത് 1994ലെ ഒരു

ലേഖകനും സതീഷ് ബാബുവും കമ്യൂണിസ്റ്റ് നേതാവ് എൻ.ഇ. ബാലറാമിനോടൊപ്പം.

ദിവസമായിരുന്നു. അമ്മാവൻ എൻ.ഇ. ബാലറാം മരിച്ച ദിവസം. ആ രാത്രി തന്നെ കലാകൗമുദിക്ക് വേണ്ടി ബാലറാമിനെപ്പറ്റി ലേഖനമെഴുതാൻ ജയചന്ദ്രൻ നായർ നിർബന്ധിച്ചു. എന്നോട് സംസാരിച്ച് ലേഖനമെഴുതാൻ ബാബുവിനെ ഏല്പിച്ചു.

രാത്രിയിൽ ഞാനും ബാബുവും ചേർന്ന് ഞങ്ങളിരുവർക്കും പ്രിയപ്പെട്ട ബലറാമിനെപ്പറ്റി ലേഖനമെഴുതി. അതൊരു മങ്ങാത്ത ഓർമ്മ. തോമസും ശശിധരൻ മങ്കത്തിലും ബാബുവും മധുപാലും രവിശങ്കറും ഞാനുമൊക്കെ ചേർന്നുള്ള തിരുവനന്തപുരത്തെ ഒത്തുചേരലുകൾ. ഓർമ്മകളും പലതും ഇങ്ങനെ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു. ടെലിവിഷനിലും പത്രത്തിലുമൊക്കെ ബാബുവിനെക്കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. ബാബു പലതും ചെയ്തിട്ടുണ്ട്. പല പ്രധാന സ്ഥാനങ്ങളിലുമിരുന്നിട്ടുണ്ട്. പ്രശസ്തനാണ്. എഴുത്തുകാരനായിരുന്നു. സിനിമയോട് വലിയ ഇഷ്ടമായിരുന്നു. അതിൽ എന്തെല്ലാമോ ചെയ്യണമെന്നുണ്ടായിരുന്നു. ടെലിവിഷൻ രംഗത്തും പ്രവർത്തിച്ചു. ഒരിടത്തും ആഗ്രഹിച്ചത്ര സഞ്ചരിക്കുവാൻ കഴിഞ്ഞില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതൊരു വിഷമമായി മനസ്സിലുണ്ടായിരുന്നിരിക്കാം.

അടുത്ത കാലത്തായി, വലിയൊരു ഇടവേളക്കുശേഷം എഴുത്തിൽ വീണ്ടും സജീവമായി. ബാബുവിൻ്റെ ‘മണ്ണ്’ എന്ന നോവൽ എനിക്കേറെ പ്രിയപ്പെട്ടതാണ്. അതിൻ്റെ ആദ്യ പതിപ്പിന് ഇ.എം.എസ് ആണ് അവതാരിക. മൂന്നാം പതിപ്പിനാണെന്നു തോന്നുന്നു നിർബന്ധിച്ച് ഒരു പിൻകുറിപ്പ് എന്നെക്കൊണ്ടെഴുതിച്ച് ബാബു ചേർത്തത്. വർഷങ്ങൾക്ക് മുമ്പ് ‘മഴയിലുണ്ടായ മകൾ ‘ എന്ന കഥാസമാഹാരത്തിലെ കഥകൾക്ക് ചേർന്ന ഉദ്ധരണികൾ കണ്ടെത്തിക്കൊടുക്കുന്ന ജോലി എന്നെ ഏല്പിച്ചിരുന്നു. കഥകളൊക്കെ എഴുതിയാൽ മിക്കപ്പോഴും എന്നെ വായിച്ചു കേൾപ്പിക്കും. അല്ലെങ്കിൽ പി.ഡി.എഫ് അയച്ചു തരും. ഈയിടെ എഴുതിയ ‘അരികിലാരോ’ എന്ന കഥയും പ്രസിദ്ധീകരിക്കും മുമ്പ് എനിക്ക് വായിക്കാൻ തന്നിരുന്നു.

ഞാൻ സതീഷ്ബാബു എന്ന എഴുത്തുകാരൻ്റെ ആരാധകനൊന്നുമല്ല. അത് ബാബുവിനും അറിയാം. ‘എഴുതണം, കൂടുതൽ എഴുതണം’ എന്ന് പറഞ്ഞ് ഞാൻ പ്രോത്സാഹിപ്പിക്കും. അത്ര തന്നെ. ബാബുവിന് എഴുത്ത് അത്രമാത്രം ഇഷ്ടമായിരുന്നു എന്നെനിക്കറിയാം. പൊതുവെ അവയെക്കുറിച്ച് അഭിപ്രായമൊന്നും ഞാൻ പറയാറുമില്ല. അതിൽ ബാബുവിന് പരാതിയുള്ളതായും തോന്നിയിട്ടില്ല. ബാബു കഴിഞ്ഞ കുറേ വർഷങ്ങളായി വലിയൊരു നോവലിൻ്റെ പണിപ്പുരയിലായിരുന്നു. തൻ്റെ മാസ്റ്റർപീസാവും എന്നാഗ്രഹിച്ചെഴുതിയ പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ പ്രമേയമാക്കിയ ഒരു നോവൽ.

പല തവണ പുതുക്കിപ്പണിതിട്ടും ബാബുവിന് തൃപ്തിവന്നില്ല. ഓരോ തവണയും അതിൻ്റെ പല ഭാഗങ്ങളും എന്നെ വായിച്ചു കേൾപ്പിക്കും. മിനുക്കി മിനുക്കി അത് ഗംഭീരമാക്കണം എന്ന ആഗ്രഹം. അതിൻ്റെ പ്രസിദ്ധീകരണം വലിയൊരു സ്വപ്നമായിരുന്നു.  അത് സാധിക്കാതെയാണ് ബാബു മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. കഥകളുടെ ഒരു സമാഹാരം പരിഭാഷപ്പെടുത്തി ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കണം

എന്നതായിരുന്നു മറ്റൊരാശ. കഴിഞ്ഞ വർഷം അതു നടന്നു. അതിൻ്റെ കവറിലും എൻ്റെ ഒരു വാചകം വേണമെന്ന് ശഠിച്ചു. അങ്ങനെ ചിലതു ഞാൻ കുറിച്ചു കൊടുത്തു. വാശി പിടിച്ച് എനിക്കിഷ്ടമില്ലാത്തതും ചെയ്യിപ്പിക്കാൻ ‘ബാബു മാമന്’ കഴിഞ്ഞിരുന്നു.

രണ്ടു മാസം മുമ്പ് പുതിയൊരു പുസ്തകത്തിൻ്റെ കവർ പ്രകാശനം എഫ്.ബി യിലൂടെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കവർ പ്രകാശനം എന്ന പരിപാടിയോട് കടുത്ത വിയോജിപ്പാണെന്നും ചെയ്യില്ലെന്നും ഞാനും വാശിപിടിച്ചു. പിന്നെ നിർബന്ധിച്ചില്ല. നിലപാടല്ലേ എന്നു മാത്രം പറഞ്ഞു. ഒരു വേള ചെറിയ പരിഭവം ഉള്ളിൽ തോന്നിയിരിക്കാം. ഇനി സതീഷ് ബാബുവിൻ്റെ സ്നേഹപൂർണ്ണമായ ശാഠ്യങ്ങളില്ല. ആവശ്യങ്ങളില്ല; വിളികളില്ല. ഗൃഹാതുരത്വം നിറഞ്ഞ കഥകളില്ല.

ഇന്നലെകളിലെ ഓർമ്മയായി അവസാനിക്കുക എന്ന മനുഷ്യവിധിയിലേക്ക് എൻ്റെ ചങ്ങാതി അനാവശ്യമായ ധൃതിയിൽ എത്തപ്പെട്ടിരിക്കുന്നു. ഞാനും ആ അവസ്ഥയിലെത്തും വരെ അയാളുടെ ഓർമ്മകൾ എൻ്റെ കൂടെയുണ്ടാകും. കഴിഞ്ഞ മുപ്പത്തിയെട്ട് വർഷത്തെ എൻ്റെതായ ചെറിയ ലോകത്തിൽ ബാബുവെന്ന മനുഷ്യന് വലിയൊരിടമുണ്ടായിരുന്നു. ആ ലോകത്തെ ജീവിതത്തോടുള്ള കൊതിയിൽ ബാബു എപ്പോഴും മുന്നിലുമായിരുന്നു. അതാണ് മരണം അനവസരത്തിലും, ധൃതിയിലും ശൂന്യമാക്കിക്കളഞ്ഞത്. മുഖചിത്രം : സതീഷ് ബാബു പയ്യന്നൂർ, തോമസ് സ്കറിയ, ലേഖകൻ, ശശിധരൻ മങ്കത്തിൽ  – ഫോട്ടോ : കെ.വി.രവിശങ്കർ

2 thoughts on “പ്രിയപ്പെട്ട സതീഷ്ബാബുവിൻ്റെ ഓർമ്മയ്ക്ക്…

Leave a Reply

Your email address will not be published. Required fields are marked *