ശബരിമല: പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ എല്ലാ വകുപ്പുകളും ദേവസ്വം ബോർഡും സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യ മന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ശബരിമല അവലോകന യോഗത്തിലാണ് നിർദ്ദേശം.
 തീർത്ഥാടകർക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ട്. ഇതിൽ ജാഗ്രതയോടെയുള്ള നിരീക്ഷണം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ട്രഷറി നിയന്ത്രണമൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. കെ.എസ്. ആർ.ടി.സി ബസ്സുകൾ ശബരിമലയിൽ നിന്ന് നിലയ്ക്കലിലേക്കും തിരിച്ചും കണ്ടക്ടർ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഡ്രൈവർ തന്നെയാണ് ടിക്കറ്റ് നൽകുന്നത്. ഈ രീതി തുടരുന്നതാണ് ഉചിതം.
18 ക്യൂ കോംപ്ലക്‌സുകളാണ് ശബരിമലയിലുള്ളത്. ഇവ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്. തിരുപ്പതി മോഡൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പതിനെട്ടാം പടിക്ക് മുകളിൽ ഒരു ഫോൾഡിംഗ് റൂഫ് സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
ആധുനിക രീതിയിലുള്ള 168 മൂത്രപ്പുരകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇതിൽ 36 എണ്ണം വനിതകൾക്കാണ്. കുഴഞ്ഞു വീഴുന്നവരെ സ്ട്രെച്ചറിൽ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കാൻ പത്തു പേർ വീതമുള്ള മൂന്ന് ടീമുകൾ ഉണ്ടാകും.
നിലയ്ക്കലിൽ ക്‌ളോക്ക് റൂമും വിശ്രമമുറിയും16 ആധുനിക ടോയിലറ്റുകളും ഈ സീസണിൽ ഉണ്ടാകും. വന്യജീവി ആക്രമണം തടയുന്നതിന് നാല് റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ ഉണ്ടാകും. മൂന്ന് സ്‌നേക്ക് റെസ്‌ക്യൂ ടീമുകളും രണ്ട് എലിഫന്റ് സ്‌ക്വാഡുകളും പ്രവർത്തിക്കും. മണ്ഡല മകരവിളക്ക് സീസണുള്ള മുന്നൊരുക്കവും ഷെഡ്യൂളിംഗും കെ.എസ്.ആർ.ടി.സി നടത്തിവരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ 350 ബസുകളും 528 ജീവനക്കാരുമുണ്ടാകും.
റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ശ്രദ്ധപുലർത്തും. ഫയർ ആന്റ് റെസ്‌ക്യു വകുപ്പ് 1852 പേരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ സ്‌നാനഘങ്ങളിൽ അപകടം ഒഴിവാക്കാൻ സ്‌കൂബ ഡൈവേഴ്‌സിനെയും റബ്ബർ ബോട്ടും ഏർപ്പെടുത്തും. ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ ഇടവേളകളിൽ ഭക്ഷണശാലകളിൽ പരിശോധന നടത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *