ഏവരും ഒരുമിച്ച് പ്രവർത്തിച്ച് മുന്നേറണം- ഗവർണ്ണർ
എല്ലാ വ്യത്യാസങ്ങൾക്കിടയിലും ഏവരും ഒരുമിച്ച് പ്രവർത്തിക്കുകയും മുന്നേറുകയും ചെയ്യണമെന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യാസങ്ങൾ സ്വാഭാവികമാണ്, മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല. പക്ഷേ സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും ഒരുമിച്ച് മുന്നേറാൻ സാധിക്കും. കേരളത്തെ കുറിച്ച് സംസാരിക്കുമ്പോൾ അഭിമാനമാണെന്നും സംസ്ഥാനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ഗവർണ്ണർ പറഞ്ഞു. വികസിത കേരളം ഇല്ലാതെ ഒരു വികസിത ഇന്ത്യ സാധ്യമല്ല എന്നും കേരളം അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഗവർണ്ണർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എ.എ. റഹിം എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, കളക്ടർ അനു കുമാരി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രൗഢമായ പരേഡ് നടന്നു. പരേഡിൽ ഗവർണ്ണർ അഭിവാദ്യം സ്വീകരിച്ചു. ഭാരതീയ വ്യോമസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി.
ഭാരതീയ കരസേനയുടെ ഗർവാൾ റൈഫിൾസ് റെജിമെന്റ് ആറാം ബാറ്റലിയന്റെ മേജർ ജെ.അജന്ദർ ആയിരുന്നു പരേഡ് കമാൻഡർ. ഭാരതീയ വ്യോമസേനയുടെ സതേൺ എയർ കമാന്റ് യൂണിറ്റിലെ ഫ്ലൈറ്റ് ലെഫ്റ്റനന്റ് നൂർ അഹമ്മദ് ഷെയ്ഖ് സെക്കൻഡ് ഇൻ കമാൻഡ് ആയി.
ഭാരതീയ കരസേന, ഭാരതീയ വ്യോമസേന, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, സ്പെഷ്യൽ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് നാലാം ബെറ്റാലിയൻ, കേരള ആംഡ് വനിത പോലീസ് ബെറ്റാലിയൻ, ഇന്ത്യ റിസർവ് ബെറ്റാലിയൻ, തിരുവനന്തപുരം സിറ്റി പൊലീസ്, കേരള ജയിൽ വകുപ്പ്, എക്സൈസ് വകുപ്പ്, വനം വകുപ്പ്, കേരള അഗ്നി രക്ഷാസേന, സൈനിക് സ്കൂൾ, എൻസിസി സീനിയർ ഡിവിഷൻ (ആൺകുട്ടികൾ), എൻ.സി.സി. സീനിയർ വിങ് (പെൺകുട്ടികൾ)
എൻ.സി.സി. സീനിയർ ഡിവിഷൻ എയർ സ്ക്വാഡ്രൺ, എൻ.സി.സി. സീനിയർ ഡിവിഷൻ നേവൽ യൂണിറ്റ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ബോയ്സ്, ഗേൾസ് വിഭാഗങ്ങൾ, ഭാരത് സ്കൗട്ട്സ്, ഭാരത് ഗൈഡ്സ്, സംസ്ഥാന പൊലീസിന്റെ അശ്വാരൂഢ സേന എന്നിവരുടെ പ്ലറ്റൂണുകളോടൊപ്പം കർണാടക പോലീസിലെ ഒരു പ്ലറ്റൂണും പരേഡിൽ പങ്കെടുത്തു. ഭാരതീയ കരസേന, തിരുവനന്തപുരം സിറ്റി പൊലീസ്, കേരള ആംഡ് പൊലീസ് ബെറ്റാലിയൻ എന്നിവരുടെ ബാൻഡും പരേഡിന് മാറ്റ് കൂട്ടി