ഉമ്മൻ ചാണ്ടി ശാസ്ത്രം ജനകീയമാക്കാൻ പ്രവർത്തിച്ച മുഖ്യമന്ത്രി

ഡോ.കെ.കെ.രാമചന്ദ്രന്‍

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത് ശാസ്ത്രാഭിമുഖ്യമുള്ള മനുഷ്യ സ്നേഹിയായ മികച്ച രാഷ്ട്രതന്ത്രജ്ഞനെയാണ്. കേരള മുഖ്യമന്ത്രിയെന്ന നിലയിൽ ശാസ്ത്രം, സാങ്കേതികം, പരിസ്ഥിതി എന്നീ വകുപ്പുകൾ വഹിച്ചിരുന്ന ഉമ്മൻചാണ്ടിയുടെ ശാസ്ത്ര കൗതുകത്തെ അനുസ്മരിക്കേണ്ടതുണ്ട്.

2011 മെയ് മാസത്തിൽ അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരാഴ്‌ചയ്‌ക്കുള്ളിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി ആൻഡ് എൻവയോൺമെന്റിന്റെ മെമ്പർ സെക്രട്ടറിയായി ചേരാൻ സന്നദ്ധമാണോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. സ്നേഹപൂർവ്വം ഞാൻ ആ പദവി ഏറ്റെടുത്തു. 2011 ജൂണിൽ ഞാൻ കെ.എസ്‌.സി.എസ്‌.ടി.ഇ യിൽ ചേർന്നതു മുതൽ 2015 ജൂണിൽ ആ സ്ഥാനം ഒഴിയുന്നതുവരെ സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

സംസ്ഥാനത്ത് ശാസ്ത്ര സാങ്കേതിക സംബന്ധമായ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കേരള സർക്കാരിന് കീഴിൽ  സ്വയംഭരണ സ്ഥാപനമായി കെ.എസ്‌.സി.എസ്‌.ടി.ഇ സ്ഥാപിച്ചത്. പല ഗവേഷണ വികസന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും കേരള തീരദേശ പരിപാലന അതോറിറ്റിയുടെ സാങ്കേതിക ഭരണവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ നടത്താൻ സയൻസ് ആൻഡ് ടെക്നോളജി കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം.

മുഖ്യമന്ത്രിക്ക് തന്റെ കീഴിലുള്ള ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾ നോക്കേണ്ടിവരുമ്പോൾ പോലും ശാസ്ത്ര കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശവും പിന്തുണയും നൽകുന്നതിൽ അദ്ദേഹം അതീവ താല്പര്യം കാണിക്കുകയും അതിന് സമയം കണ്ടെത്തുകയും ചെയ്തിരുന്നു.

ശാസ്ത്രജ്ഞരോടും അവരുടെ പ്രവർത്തനങ്ങളോടും അദ്ദേഹം എപ്പോഴും വലിയ ബഹുമാനം കാണിച്ചിട്ടുണ്ട്.
പിഎച്ച്.ഡി യിലേക്ക് നയിക്കുന്ന ഗവേഷണങ്ങൾ പുതിയ കണ്ടുപിടുത്തങ്ങൾക്ക് തുലോം കുറഞ്ഞ സംഭാവനകൾ നൽകുന്നതിനെയും സ്ഥാപിത വിഷയങ്ങളുടെ പരിധിക്കുള്ളിൽ നിന്ന് അറിവ് ഉൽപ്പാദിപ്പിക്കുന്ന അക്കാദമിക് പരിതസ്ഥിതിയുടെ സ്റ്റീരിയോടൈപ്പുകളെ കുറിച്ച് പുനർവിചിന്തനം ചെയ്യാനും അദ്ദേഹം പറയുമായിരുന്നു.

ഉപയോഗപ്രദമായ ഫലങ്ങൾ കൊണ്ടുവരാൻ അക്കാദമിക് ലോകം, സ്വകാര്യ വ്യവസായം, ഗവേഷണ ലബോറട്ടറികൾ എന്നിവയുടെ സവിശേഷതകൾ സംയോജിപ്പിക്കുന്ന ഹൈബ്രിഡ് ഗവേഷണ ശ്രമം ആവശ്യമാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ അനുയായി എന്ന നിലയിൽ, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സാന്നിധ്യം ജനങ്ങളുടെ ജീവിതത്തെ ആഴത്തിൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കാറുണ്ടായിരുന്നു.

സയൻസ് ആൻഡ് ടെക്നോളജി കൗൺസിലിന്റെ അന്നത്തെ നിലവിലുള്ള പദ്ധതികളെയും പരിപാടികളെയും അതിന്റെ ഘടക ഗവേഷണ വികസന പരിപാടികളെയും കുറിച്ച് വിലയിരുത്തൽ നടത്താൻ തുടക്കത്തിൽ നിർദ്ദേശിച്ചു. കൗൺസിലിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും സാമ്പത്തിക വിഹിതം വർദ്ധിപ്പിക്കുന്നതിന് എല്ലാ പിന്തുണയും നൽകി. അതിന്റെ ഫലമായി സംസ്ഥാന ബജറ്റിലെ വിഹിതം ഇരട്ടിയായി.

2011 മുതൽ 2016 വരെയുള്ള അഞ്ച് വർഷത്തെ കാലയളവിൽ കേരളത്തിലെ ശാസ്ത്ര സാങ്കേതിക രംഗത്ത് നിരവധി പുതിയ ഫെലോഷിപ്പുകളും അവാർഡുകളും പ്രോഗ്രാമുകളും അവതരിപ്പിക്കപ്പെട്ടു. ലോകത്തെവിടെയും പ്രവർത്തിക്കുന്ന കേരളീയ വംശജരായ മികച്ച ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി കേരള ശാസ്ത്ര പുരസ്‌കാരം ഈ കാലഘട്ടത്തിൽ ഏർപ്പെടുത്തി. 2011-ൽ ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഇ.സി.ജി. സുദർശനന് ആദ്യ പുരസ്‌കാരം നൽകി ആദരിച്ചു. പ്രൊഫ.വിജയൻ, ഡോ. എം.എസ്.വലിയത്താൻ, പ്രൊഫ. ഗോപിനാഥൻ, പ്രൊഫ.എം.എസ്. സ്വാമിനാഥൻ, പ്രൊഫ താണു പത്മനാഭൻ എന്നിവർക്ക് കേരള ശാസ്ത്ര പുരസ്ക്കാരം സമർപ്പിച്ചു.

യുവതലമുറയെ വലിയൊരളവിൽ ശാസ്ത്രവും ഗവേഷണവും തങ്ങളുടെ ഇച്ഛാശക്തിയായി ഏറ്റെടുക്കുന്നതിന് പ്രചോദനം സൃഷ്ടിക്കാൻ ഇത് വഴിയൊരുക്കി. സംസ്ഥാന ഭരണത്തിൽ ശാസ്ത്രം അത്ര പ്രാധാന്യമില്ലാത്ത ഇനമായതിനാൽ സർക്കാരിന്റെ ധനകാര്യ വിഭാഗത്തിൽ നിന്ന് പല തടസ്സങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇത്തരം നിരവധി പ്രതിബന്ധങ്ങൾക്കിടയിലും ഉമ്മൻചാണ്ടിയുടെ ഉറച്ച പിന്തുണയോടെ കേരളം ശാസ്ത്ര സാങ്കേതിക മേഖലകളിൽ പുതിയ പദ്ധതികൾ അവതരിപ്പിച്ചു.

തീരദേശ പരിപാലന അതോറിറ്റിയുടെ ഭരണനിർവഹണം ശാസ്ത്ര സാങ്കേതിക വകുപ്പിനായിരുന്നു. തീരദേശ നിയന്ത്രണ നിയമം വഴി  തീരദേശവാസികളും സാധാരണ ജനങ്ങളും  ഭവന നിർമ്മാണത്തിനും മറ്റ് ജീവിതമാർഗ്ഗ പ്രവർത്തനങ്ങൾക്കും അനുഭവിക്കുന്ന പ്രയാസങ്ങൾ ഏറെയായിരുന്നു.ഇത് കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താൻ നിരന്തരം ശ്രമിച്ചിരുന്നു.

തത്ഫലമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തീരദേശ നിയന്ത്രണ നിയമം പരിഷ്കരിക്കുന്നതിനായി പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. കേരളത്തിന്റെ തീരദേശത്തിന്റെ പ്രത്യേക സാമൂഹ്യ പരിസ്ഥിതിയുടെ പശ്ചാത്തലത്തിൽ പ്രസ്തുത വിജ്ഞാപനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാനും അവതരിപ്പിക്കുവാനും മുൻകൈ എടുത്തത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു. ഇതിന്റെ ഫലമായിട്ടു കൂടിയാണ് 2019 ലെ പുതുക്കിയ തീരദേശ വിജ്ഞാപനത്തിൽ ഗുണകരമായ പല മാറ്റങ്ങളും വന്നത്.

സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിലെ ശാസ്ത്രജ്ഞരും ജീവനക്കാർക്കും സാമൂഹിക സുരക്ഷാ പദ്ധതികൾ തുലോം കുറവായി തുടരുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നിട്ടും, സിഎസ്ഐആർ പ്രകാരം ആറാം ശമ്പളപരിഷ്കരണത്തിൽ വിഭാവനം ചെയ്ത മുഴുവൻ ആനുകൂല്യവും വർധിപ്പിച്ച് കൗൺസിലിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിൽ അദ്ദേഹം പ്രത്യേക പരിഗണന നൽകി.

സയൻസ് ആൻഡ് ടെക്‌നോളജി ജീവനക്കാർക്ക് പെൻഷൻ പദ്ധതിയുണ്ടാക്കുന്നതിനെ അദ്ദേഹം ശക്തമായി പിന്തുണച്ചു. പക്ഷെ 2016-ൽ തന്റെ കാലാവധി അവസാനിച്ചതിനാൽ അതിന് പ്രവർത്തിക രൂപം നൽകാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ താൽപ്പര്യത്തിനും ഉപദേശത്തിനും അനുസൃതമായി, കേരളത്തിന്റെ ‘സയൻസ് ഫോർ ഹ്യൂമാനിറ്റി’ എന്ന കാഴ്ചപ്പാടും ശാസ്ത്ര നയവും അനുസരിച്ച് ശാസ്ത്ര വിദ്യാഭ്യാസവും ശാസ്ത്ര ഗവേഷണവും വികസിപ്പിക്കുന്നതിന് കൗൺസിലിൽ നിരവധി നടപടികൾ സ്വീകരിച്ചു.

ഈ കാലയളവിൽ, കൗൺസിലിന് കീഴിലുള്ള സ്ഥാപനങ്ങൾ പുതിയ അറിവും ഗുണമേന്മയുള്ള മനുഷ്യശക്തിയും സൃഷ്ടിക്കുന്നതിനു പുറമെ നമ്മുടെ സംസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനെ സഹായിച്ചിരുന്നു. പുതുമയുള്ളതും ഉദ്പാദന ത്വരയില്ലാത്തതുമായ അറിവിന് ഒരു വിലയുമില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അറിവ് സമ്പത്തായും സാമൂഹിക നന്മയായും മാറുന്നത് നവീകരണ പ്രക്രിയയിലൂടെയാണ്.

സംസ്ഥാനത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യമല്ലെങ്കിലും തന്റെ തിരക്കുകൾക്കിടയിലും ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ സാന്നിധ്യമാകാനും യോഗങ്ങളിൽ പങ്കെടുത്ത് ചർച്ചകൾ നയിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

തിരുവനന്തപുരം നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മുൻ സീനിയർ ശാസ്ത്രജ്ഞനും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറിയുമായിരുന്നു ലേഖകൻ 

Leave a Reply

Your email address will not be published. Required fields are marked *