പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ ക്ഷേത്ര മേൽശാന്തി 

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി തൃശ്ശൂർ വെള്ളറക്കാട് തോന്നല്ലൂർ പുതുമന മന ശ്രീജിത്ത് നമ്പൂതിരിയെ തിരഞ്ഞെടുത്തു. 2024 ഒക്ടോബർ ഒന്നു മുതൽ ആറ് മാസത്തേക്കാണ് നിയമനം.

ദേവസ്വം ഭരണ സമിതി മുമ്പാകെ നടന്ന അഭിമുഖത്തിൽ യോഗ്യരെന്ന് കണ്ടെത്തിയ 42 അപേക്ഷകരുടെ പേരുകൾ വെള്ളി കുടത്തിൽ നിക്ഷേപിച്ചായിരുന്നു നറുക്കെടുപ്പ്. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പളളിശേരി മനയ്ക്കൽ മധുസൂദനൻ നമ്പൂതിരി നറുക്കെടുത്തു. 55 അപേക്ഷകരിൽ നാല് പേർ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല. ഒമ്പത് പേർ കൂടിക്കാഴ്ചയിൽ അയോഗ്യരായി.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി.രവീന്ദ്രൻ,മനോജ് ബി.നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. 36 കാരനായ നിയുക്ത മേൽശാന്തി തൃശൂർ തോന്നല്ലൂർ സ്വദേശിയാണ്.16 വർഷമായി വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തിയാണ്.

എട്ടാം തവണയാണ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തി നറുക്കെടുപ്പിൽ ഉൾപ്പെടുന്നത്. ബികോം ബിരുദധാരിയാണ്. പുതുമന മന പരമേശ്വരൻ നമ്പൂതിരിയുടെയും ആലമ്പിള്ളി സാവിത്രി അന്തർജ്ജനത്തിൻ്റെയും മകനാണ്. പൊട്ടക്കുഴി നാരായണൻ നമ്പൂതിരി, പഴയത്ത് സുമേഷ് നമ്പൂതിരി എന്നിവരുടെ കീഴിൽ തന്ത്രവും മന്ത്രവും അഭ്യസിച്ചു.

പുതുരുത്തി കിണറ്റാമിറ്റം മന കൃഷ്ണശ്രീയാണ് ഭാര്യ. രണ്ടു മക്കൾ മകൾ ആരാധ്യ എരുമപ്പെട്ടി ഗവ.എൽ പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി. രണ്ടര വയസ്സുകാരൻ ഋഗ്വേദാണ് മകൻ. ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. ഭജനത്തിനു ശേഷം സെപ്റ്റംബർ 30ന് രാത്രി ചുമതലയേൽക്കും. ആറ് മാസം പുറപ്പെടാശാന്തിയായി ക്ഷേത്രത്തിൽ തന്നെ താമസിച്ച് പൂജാകർമങ്ങൾ നിർവ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *