ഗുരുവായൂരിൽ ഗുണമേന്മയുള്ള അവിൽ സമർപ്പിക്കണമെന്ന് ദേവസ്വം

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി പഴകിയതും ഉപയോഗശൂന്യവുമായ  അവിൽ  സമർപ്പിക്കരുതെന്ന് ദേവസ്വം. ഗുണമേന്മ കുറഞ്ഞതും പഴകിയതുമായ അവിൽ സമർപ്പിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വത്തിൻ്റെ അഭ്യർത്ഥന.

ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ തുണിയിലും കവറിലും പൊതിഞ്ഞ അവിൽ സമർപ്പിക്കുന്നത് ഭക്തർ ഒഴിവാക്കണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു. ദിനംപ്രതി ചാക്കുകണക്കിന് അവിലാണ് ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് പൊതിഞ്ഞാണ് ഭക്തർ വഴിപാടായി അവിൽ കൊണ്ടുവരുന്നത്. ചിലർ പ്ലാസ്റ്റിക് കവറുകളിലാക്കിയും. എന്നാൽ ഇവയിലേറെയും പഴകി  പൂപ്പൽ ബാധിച്ചതും ഗുണനിലവാരം  കുറഞ്ഞതുമാണ്.

ഉൽപ്പാദിച്ച തീയതിയോ ഉപയോഗിക്കാവുന്ന കാലാവധിയോ രേഖപ്പെടുത്തിയിട്ടില്ല. സ്ഥാപനത്തിൻ്റെ പേരോ വിലാസമൊ കവറിൽ ഉണ്ടാകില്ല. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ വിൽക്കുന്ന അവിൽ വാങ്ങുന്നത് ഭക്തർ ഒഴിവാക്കണം. മാത്രമല്ല ഇത്തരത്തിൽ ക്ഷേത്രത്തിൽ ലഭിച്ച ഉപയോഗശൂന്യമായ ക്വിൻ്റൽ കണക്കിന് അവിൽ നിർമ്മാർജ്ജനം ചെയ്യുന്നത് ദേവസ്വത്തിന് ബാധ്യതയായി മാറിയിട്ടുണ്ട്.

ഭക്തരുടെ അഭ്യർത്ഥന പ്രകാരം ഗുണമേൻമയുള്ള അവിൽ ലഭ്യമാക്കാൻ  ദേവസ്വം നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ അറിയിച്ചു.