മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ പദ്ധതികൾ 

വന്യജീവികൾക്കുള്ള സ്വാഭാവിക ആവാസവ്യവസ്ഥ വനത്തിനുള്ളിൽ തന്നെ സൃഷ്ടിക്കാൻ മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വന്യജീവികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും വനത്തിൽ തന്നെ ലഭിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കും. ഇതിനായി കുളങ്ങളും ജലാശയങ്ങളും നവീകരിക്കും. വന്യജീവികൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമാക്കുന്നതിന് ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കും. മനുഷ്യ – വന്യ ജീവി സംഘർഷം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി ഇതിനകം 1,584 ഹെക്ടർ പ്രദേശത്തെ സ്വാഭാവിക വനങ്ങളാക്കി മാറ്റിക്കഴിഞ്ഞു.

വിവിധ സർക്കിളുകളിലായി 5,031 ഹെക്ടർ പ്രദേശത്ത് ഇതിനായുള്ള പ്രവൃത്തികൾ നടന്നുവരികയാണ്. വനാതിർത്തികളിൽ സോളാർഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അക്കേഷ്യ, യൂകാലിപ്റ്റസ് തുടങ്ങിയ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കും. ഇതിലൂടെ വന്യജീവികൾ ജനവാസ മേഖലകളിലേക്ക് വരുന്നത് വലിയതോതിൽ കുറയ്ക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒമ്പത് വർഷത്തിനിടെ 884 പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 594 പേർ വനത്തിന് പുറത്ത് പാമ്പ്, കടന്നൽ തുടങ്ങിയവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അഞ്ച് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കായി 79.14 കോടി രൂപ നഷ്ടപരിഹാരം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാൻ  സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നടന്ന പരിപാടിയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സർപ്പ രണ്ടാംഘട്ട ഉദ്ഘാടനം, സർപ്പ പാഠം കൈപ്പുസ്തകത്തിന്റെ പ്രകാശനം, വനാതിർത്തിയിലെ സ്മാർട്ട് ഫെൻസിംഗ് പദ്ധതി പ്രഖ്യാപനം, ജനവാസ മേഖലകളിൽ കാണപ്പെടുന്ന നാടൻകുരങ്ങുകളുടെ ശാസ്ത്രീയമായ പുനരധിവാസവും സംഖ്യാ നിയന്ത്രണവും പ്ലാൻ പുറത്തിറക്കൽ തുടങ്ങിയവ മന്ത്രി നിർവ്വഹിച്ചു.

ഇക്കോ ടൂറിസം മൊബൈൽ ആപ്പ് പ്രകാശനം, ആറളം ശലഭ ഗ്രാമത്തിൻ്റെ പ്രഖ്യാപനം, ഗോത്രഭേരി രണ്ടാംഘട്ട ഉദ്ഘാടനം, ‘അരണ്യം, മാസിക പ്രകാശനം എന്നിവ പട്ടികജാതി- പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പു മന്ത്രി ഒ.ആർ. കേളു നിർവ്വഹിച്ചു.

മേയർ ബീന ഫിലിപ്പ്, എം.എൽ. എമാരായ അഹമ്മദ് ദേവർകോവിൽ, ടി.പി. രാമകൃഷ്ണൻ, കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.എം സച്ചിൻ ദേവ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ, വനം – വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, വനംവകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ, നോർത്തോൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അഞ്ജൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.