പ്രൊഫ. എം. കെ. പ്രസാദ് കേരള നവോത്ഥാനത്തിന്റെ പിന്തുടർച്ചക്കാരൻ
കഴിഞ്ഞ ദിവസം അന്തരിച്ച പ്രൊഫ.എം. കെ. പ്രസാദിനെക്കുറിച്ച്
ഡോ. ബി. ഇക്ബാൽ
കേരള നവോത്ഥാനത്തിന്റെ പിന്തുടർച്ചകാരനായിരുന്നു എല്ലാ അർത്ഥത്തിലും പ്രൊഫ. എം കെ പ്രസാദ്. അദ്ദേഹത്തിന്റെ അച്ചൻ പെരുമന കോരുവൈദ്യർ സഹോദരൻ അയ്യപ്പന്റെ ശിക്ഷ്യനും സഹപ്രക്ഷോഭകാരിയുമായിരുന്നു. 1917 ൽ നടന്ന പ്രസിദ്ധമായ മിശ്രഭോജനത്തിൽ പങ്കെടുത്ത പതിനൊന്ന് പേരിലൊരാളായിരുന്നു കോരുവൈദ്യർ. സഹോദരൻ അയ്യപ്പൻ പ്രതിനിധാനം ചെയ്ത മതേതരത്വം, യുക്തിബോധം, ശാസ്ത്രചിന്ത എന്നിവയെല്ലാം തന്റെ പിതാവിന്റെ കാല്പാടുകൾ പിന്തുടർന്ന് സ്വജീവിതത്തിലും പ്രസാദ് മാസ്റ്റർ ഒരു വിട്ടുവീഴ്‌ചയുമില്ലാതെ നടപ്പിലാക്കി.
ഡോ. ഷേർലിയെ വിവാഹം ചെയ്തതിലൂടെ മിശ്രവിവാഹമെന്ന ആശയവും പ്രസാദ് മാഷ് സ്വജീവിതത്തിൽ പിന്തുടർന്നു. സയൻസ്ദശകത്തിലൂടെ സഹോദരനയ്യപ്പൻ മുന്നോട്ടുവെച്ച ശാസ്ത്രചിന്തയുടെ അടിത്തറയിൽ നിന്നുകൊണ്ടാണ് സൈലന്റ് വാലി സംരക്ഷണപ്രക്ഷോഭത്തിലൂടെ പരിസ്ഥിതി ചിന്ത പ്രസാദ് മാഷ് പ്രചരിപ്പിച്ചത്. സാമൂഹ്യ നീതി, തുല്യത, മതേതരത്വം എന്നീ നവോത്ഥാനമൂല്യങ്ങളുടെ തുടർച്ചയായി പരിസ്ഥിതിബോധം കേരളസമൂഹത്തിൽ വളർത്തിയെടുത്തു എന്നതാണ് പ്രസാദ് മാഷിന്റെ മുഖ്യസംഭാവന.
പിൽക്കാലത്ത് പരിസ്ഥിതി പ്രസ്ഥാനങ്ങൾ കാല്പനികതയിലേക്ക് വഴിമാറിയപ്പോഴും ശാസ്തീയ അടിത്തറയിൽ തന്നെ പ്രസാദ് മാഷ് ഉറച്ചു നിന്നു. അങ്ങിനെനോക്കുമ്പോൾ കേരള നവോത്ഥാനത്തിന്റെ പിന്തുടർച്ചക്കാരൻ എന്ന വിശേഷണത്തിന് സർവ്വധാ അർഹനാണ് പ്രസാദ് മാഷ്.