മൂന്നര വർഷത്തിനുള്ളിൽ 100 വ്യവസായ പാർക്കുകൾ- മന്ത്രി പി. രാജീവ്
സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുന്നതിലൂടെ വരുന്ന മൂന്നര വർഷത്തിനുള്ളിൽ 100 വ്യവസായ പാർക്കുകളെന്ന ലക്ഷ്യം സംസ്ഥാനം കൈവരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയുടെ ഭാഗമായി ഡെവലപ്പ് പെർമിറ്റ് വിതരണം തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ നാല് സ്ഥാപനങ്ങൾക്കാണ് ലൈസൻസ് നൽകിയത്. നിലവിൽ സമർപ്പിക്കപ്പെട്ട 24 അപേക്ഷകരിൽ നിന്ന് 11 എണ്ണം സംസ്ഥാനതല കമ്മിറ്റിക്ക് മുന്നിൽ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സ്വകാര്യ എസ്റ്റേറ്റുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം നേരിടാതിരിക്കുന്നതിന് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും ലൈസൻസ് ഡൗൺലോഡ് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.
15 ഏക്കറിനു മുകളിലാണ് നിർദ്ദിഷ്ട ഭൂമിയെങ്കിൽ ഭൂപരിഷ്‌ക്കരണ നിയമത്തിനനുസൃതമായ ഇളവുകൾ ലഭിക്കേണ്ടതുണ്ട്. ഇതിനായി റവന്യൂ വകുപ്പ് മന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രിയുടെ അല്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ കമ്മിറ്റി പരിശോധിച്ച് ക്യാബിനറ്റിന്റെ അംഗീകാരത്തിന് സമർപ്പിക്കും. സംരംഭകന് ആത്മവിശ്വാസം നൽകുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ സംരംഭമായ ഇൻകലിന്റെ സഹകരണം ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്.
വ്യവസായത്തിന് അനുയോജ്യമായ പത്ത് ഏക്കറോ അതിലധികമോ വരുന്ന ഭൂമിയുള്ള ചെറുകിട സംരംഭകരുടെ കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ, കൂട്ടുടമ സംരംഭകർ, കമ്പനികൾ മുതലായവർക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. കുറഞ്ഞത് അഞ്ച് ഏക്കർ വ്യവസായ ഭൂമിയുള്ളവർക്ക് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ സ്ഥാപിക്കാനാകും. ഏക്കർ ഒന്നിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി മൂന്ന് കോടി രൂപ വരെയുള്ള ധനസഹായമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ഡ്രയിനേജ്, മറ്റ് പൊതുസൗകര്യങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിന്റെ ചെലവ് കണക്കാക്കിയാണ് ധനസഹായം നൽകുന്നത്. ഡെവലപ്പർ പെർമിറ്റ് ലഭിക്കുന്നവർക്ക് സർക്കാർ ധനസഹായത്തോടെ പാർക്കുകൾ നിർമിച്ച് ആവശ്യക്കാരായ സംരംഭകർക്ക് സ്ഥലം അനുവദിക്കാൻ സാധിക്കും. അപ്രകാരം സ്വകാര്യ വ്യവസായ എസ്റ്റേറ്റിൽ സ്ഥലം ലഭ്യമായ നിക്ഷേപകർക്ക് സങ്കീർണ്ണതകൾ ഇല്ലാതെ സംരംഭങ്ങൾ ആരംഭിക്കുന്നതിനു സാധിക്കും.
സമാന സ്വഭാവമുള്ള വ്യവസായങ്ങൾക്ക് ക്ലസ്റ്ററുകൾ രൂപീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംരഭകർക്ക് സഹായങ്ങൾക്ക് 1153 ഇന്റേണുകളുടെ സേവനം നിലവിൽ ലഭ്യമാണ്. സംരംഭകരുടെ പരാതി പരിഹാരത്തിന് ടോൾ ഫ്രീ നമ്പറുകളും, സഹായങ്ങൾക്ക് വിദഗ്ദ്ധ പാനലിന്റെ സഹായവും ലഭ്യമാകും. – മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ തുടങ്ങിയവർ പങ്കെടുത്തു.