വയനാട്ടിലെ ദുരന്ത ഭൂമിയിൽ സാന്ത്വനവുമായി പ്രധാനമന്ത്രി
ഉരുൾപൊട്ടി ദുരന്തം വിതച്ച വയനാട്ടിലെത്തി സഹായ ഹസ്തം നീട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തബാധിത പ്രദേശം ഏറെനേരം നടന്നു കണ്ട പ്രധാനമന്ത്രി പരിക്കേറ്റവരെയും ക്യാമ്പിൽ കഴിയുന്നവരെയും സന്ദർശിച്ച് സാന്ത്വനിപ്പിച്ചു.
ശനിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എയർ ഇന്ത്യ-1 വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇവിടെ നിന്ന് വ്യോമസേനയുടെ ഹെലികോപ്ടറിൽ വയനാട്ടിലെത്തി മുഖ്യമന്ത്രിയോടൊപ്പം ദുരന്തമേഖലയുടെ ആകാശ വീക്ഷണം നടത്തി.
ചീഫ് സെക്രട്ടറി വി.വേണു പ്രധാനമന്ത്രിക്ക് ദുരന്ത പ്രദേശത്തെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവരും ഹെലികോപ്ടറിലുണ്ടായിരുന്നു.
ആകാശ നിരീക്ഷണത്തിനു ശേഷം എസ്.കെ.എം.ജെ.സ്ക്കൂളിലെ ഹെലിപ്പാടിൽ ഇറങ്ങിയ പ്രധാനമന്ത്രി വാഹനത്തിലാണ് ദുരന്ത മേഖലയിലെത്തിയത്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു.
ചൂരൽമലയിലെ ദുരന്ത ശേഷിപ്പുകൾ നടന്നു കണ്ട പ്രധാനമന്ത്രി തകർന്ന വെള്ളാർമല സ്ക്കൂളും കണ്ടു. എ.ഡി.ജി.പി. എം.ആർ അജിത് കുമാർ ഉരുൾപൊട്ടലിൽ സംഭവിച്ച കാര്യങ്ങളും ദുരന്തത്തിൻ്റെ വ്യാപ്തിയും അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി വി.വേണു, ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിലൂടെ പ്രധാനമന്ത്രി നടന്നു. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ഒമ്പതു പേരെ നേരിൽ കണ്ട് സംസാരിച്ചു. വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും കണ്ടു. അവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഈ വിഷമഘട്ടത്തിൽ കേന്ദ്ര സർക്കാറും ജനങ്ങളും വയനാടിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നാശനഷ്ടങ്ങളെ കുറിച്ചുള്ള വിശദമായ മെമ്മോറാണ്ടം നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മെമ്മോറാണ്ടം കിട്ടിയാൽ കേന്ദ്ര സർക്കർ കേരളത്തിനൊപ്പം നിന്ന് സഹായം നൽകും -കളക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ പ്രധാന മന്ത്രി പറഞ്ഞു.