പ്രധാനമന്ത്രി ചൊവ്വാഴ്ച്ച വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യും; വാട്ടർ മെട്രോ സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25ന് കൊച്ചിയില്‍ നിന്ന്‌ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും.
 
കഴിഞ്ഞ ദിവസം കൊച്ചിയിൽ  എത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് വിമാന മാർഗം രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, സതേൺ എയർ കമാൻഡ് എ.വി.എസ്.എം. എയർ മാർഷൽ എസ്.കെ. ഇൻഡോറ തുടങ്ങിയവർ ചേർന്ന് സ്വീകരണം നൽകും. തുടർന്ന് 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.
 
രാവിലെ 11.00ന് സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചി വാട്ടർ മെട്രോ പദ്ധതി രാജ്യത്തിനു സമർപ്പിക്കും. ദിണ്ടിഗൽ – പളനി – പാലക്കാട് വൈദ്യുതീകരിച്ച തീവണ്ടി പാതയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം, തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം, നവീകരിച്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ്റെ ഉദ്ഘാടനം, തിരുവനന്തപുരം – ഷൊർണൂർ പാതയുടെ വേഗം വർധിപ്പിക്കുന്നതിന്റേ ഉദ്ഘാടനം എന്നിവ അദ്ദേഹം നിർവഹിക്കും.
 
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എം.പി. എന്നിവർ പങ്കെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിനു ശേഷം വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാനമന്ത്രി അവിടെ നിന്ന് സൂറത്തിലേക്കു തിരിക്കും. 
 

Leave a Reply

Your email address will not be published. Required fields are marked *