പെരുവൻമാട് തോട് പുനര്‍ജനിച്ചു; ഒഴുകുന്നത് തെളിനീർ
പ്രകാശ്. പി
പെരുവൻമാട് തോട്ടിൽ ഇപ്പോൾ ദുർഗന്ധമില്ല. നന്നായി ഒഴുകുന്നു. തെളിനീരിൽ മീനുകൾ നീന്തിത്തുടിക്കുന്ന കാഴ്ച മനോഹരം! ഈ കാഴ്ച മനം കുളിർപ്പിക്കും… ആരെയും സന്തോഷിപ്പിക്കും. മുമ്പ് ഇവിടെ ഞാൻ വന്നത് രണ്ടര വർഷം മുമ്പാണ്. അന്ന് കനാലിന്റെ ചില സ്ഥലങ്ങളിൽ എത്തുമ്പോൾ മൂക്ക് പൊത്തി മുഖം തിരിക്കേണ്ട അവസ്ഥയായിരുന്നു. ഇപ്പോഴത്തെ ഈ മാറ്റത്തിന് ഹരിത കേരളം മിഷനും ഒരു കാരണമായി എന്നതിൽ ഏറെ സംതൃപ്തി.
പെരുവൻമാട് തോടിൻ്റെ പഴയ അവസ്ഥ
കോഴിക്കോട് ഫറോക്ക് മുനിസിപ്പാലിറ്റിയിലെ 38, 1 വാർഡുകളുടെ അതിർത്തി പങ്കിട്ട് സ്ഥിതി ചെയ്യുന്ന ഏകദേശം നൂറ് വർഷം പഴക്കമുള്ള മനുഷ്യനിർമ്മിതമായ കനാലാണ് പെരുവൻമാട് കനാൽ. കയർ
വ്യവസായവുമായി ബന്ധപ്പെട്ട് നിർമ്മിക്കപ്പെട്ട 600 മീറ്റർ നീളവും 3.5 മീറ്റർ വീതിയും 4.5 മീറ്റർ ആഴവുമുള്ള കനാൽ ചാലിയാർ പുഴയുടെ കിഴക്ക് ഭാഗത്തുനിന്ന് തുടങ്ങി പടിഞ്ഞാറ് ചാലിയാർ പുഴയിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. കയർ വ്യവസായത്തിൻ്റെ ഉയർച്ചതാഴ്ചകളിൽപ്പെട്ട് ഈ ഭാഗത്തെ ജനങ്ങൾ മറ്റ് ജോലികളിലേക്ക് മാറിയതുമൂലം പിന്നീട് കനാൽ ഉപയോഗശൂന്യമായി. അങ്ങനെ മാലിന്യങ്ങൾ പുഴയിൽ നിന്ന് കയറി വന്നടിഞ്ഞും, മണ്ണ് വന്നടിഞ്ഞും കാട് വളർന്നും മലിന ജലസ്രോതസ്സായി മാറി.
മലിന ജലം കെട്ടിക്കിടന്നും മാലിന്യങ്ങളിൽ നിന്ന് പ്രാണി ശല്യം രൂക്ഷമായും പ്രദേശത്തെ ജനജീവിതത്തെ ഇത് ദുരിതത്തിലാക്കി.
എല്ലാവരും ജലാശയങ്ങളിലേക്ക്
2018 നവംമ്പറിൽ ഹരിതകേരളം മിഷൻ ‘എല്ലാവരും ജലാശയങ്ങളിലേക്ക് ‘ എന്ന ക്യാമ്പയിൻ ആലോചിച്ച ഘട്ടത്തിലാണ് ഫറോക്ക് മുനിസിപ്പാലിറ്റിയുടെ ചാർജ് വഹിക്കുന്ന മിഷൻ്റെ റിസോഴ്‌സ് പേഴ്സൺ പി. പ്രിയ ഈ കനാലിന്റെ കാര്യം ശ്രദ്ധയിൽ പ്പെടുത്തിയത്. അങ്ങനെ ഫറോക്ക് മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ കമറു ലൈല, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നുസ്രത്ത്, പ്രദേശത്തെ
കൗൺസിലർമാരായ അഫ്സൽ, സുഹറാബി എന്നിവരുമായി പ്രാഥമിക ചർച്ച നടത്തി ഞങ്ങളുടെ ഒരു ടീം സ്ഥലം സന്ദർശിച്ച് നിലവിലുള്ള സ്ഥിതി സംബന്ധിച്ചും ഇത് പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ സംബന്ധിച്ചും പദ്ധതി തയ്യാറാക്കി. 2018 ഡിസംബർ 5 ന് വാർഡ് തലത്തിൽ പെരുവൻ മാട് പുനരുജ്ജീവനത്തിനായുള്ള പ്രദേശവാസികളുടെ യോഗം ചേർന്നു. യോഗത്തിൽ സ്ത്രീകളടക്കമുള്ളവർ പങ്കെടുത്ത് കനാൽ മൂലം നേരിടുന്ന വിഷമങ്ങൾ വിശദീകരിച്ചു. ചിലർ ഇത് മൂടിക്കളയണം എന്ന അഭിപ്രായം പോലും മുന്നോട്ടു വെച്ചു. മുൻകാലങ്ങളിൽ പല ശ്രമങ്ങളും നടന്നതാണ്.
അതിന് മെനക്കെട്ടിട്ട് കാര്യമില്ലെന്ന് മറ്റു ചിലർ. പക്ഷേ അവസാനം കനാൽ ശുചീകരിച്ച് ഘട്ടംഘട്ടമായി നല്ല രൂപത്തിലേക്ക് കൊണ്ടു വരാനാവും എന്ന ഹരിതകേരളം മിഷൻ്റെ നിലപാടിലേക്ക് എല്ലാവരും എത്തി. ജനകീയ കമ്മിറ്റി രൂപീകരിച്ചു, പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അതിന് മുന്നോടിയായി ഡിസംബർ 7 ന് വാർഡ് തലത്തിൽ സ്കൂൾ കുട്ടികളെ ചേർത്ത് വിളംബര ഘോഷയാത്ര നടത്തി ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തി.
പുനരുജ്ജീവനം ഏറ്റെടുത്ത് നാട്ടുകാര്‍
2018 ഡിസംബർ 8 ന് ഹരിത കേരളം മിഷൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘എല്ലാവരും ജലാശയങ്ങളിലേക്ക് ‘ എന്ന
ജലസ്രോതസ്സുകളുടെ പുനരുജ്ജീവന ജനകീയ ക്യാമ്പയിനിംഗിൻ്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനമായി പെരുവൻ മാട് തോടിനെ ജനകീയമായി ശുചീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം അന്നത്തെ ബേപ്പൂർ എംഎൽഎ വി.കെ.സി മമ്മദ്കോയ നിർവ്വഹിച്ചു. പുനരുജ്ജീവനപ്രവർത്തനം ഉപകരണ സഹായത്തോടെ പ്രദേശവാസികൾ ഏറ്റെടുത്തു. ജെ സി ബി, ഹിറ്റാച്ചി എന്നിവ ഉപയോഗിച്ച് അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തു. തോട്ടിൽ വളർന്നു പന്തലിച്ച മരങ്ങൾ മുറിച്ച് മാറ്റി. അടിത്തട്ടിലെ മാലിന്യങ്ങൾ പ്രദേശത്തെ ഹസനിക്കയെ പോലുള്ളവർ തോട്ടിൽ ഇറങ്ങി വാരിക്കയറ്റിയത് മറക്കാനാവില്ല. പ്രദേശത്തെ ജനങ്ങൾ മാതമല്ല
വിദേശത്തുള്ളവർ പോലും സാമ്പത്തികമായി ഈ യജ്ഞത്തിലേക്ക് സംഭാവന നൽകി. ഒപ്പം ഫറോക്ക് മുനിസിപ്പാലിറ്റിയും ഫണ്ട് നീക്കി വെച്ചു. തോടിൻ്റെ നടുഭാഗത്ത് വളർന്നു നിന്ന മരങ്ങൾ മുറിച്ചു മാറ്റി ചെളി മാറ്റിയപ്പോഴാണ് അവിടെ ഒരു കനാൽ ഉള്ളതായി തെളിഞ്ഞു വന്നത്. ഡിസംബർ 30 ന് പെരുവൻ മാട് കനാലിൻ്റെ ഒഴുക്ക് പുനസ്ഥാപിക്കപ്പെട്ടു, തോട്ടിലൂടെ തോണിയാത്ര നടത്തി. നീക്കം ചെയ്ത അജൈവ പാഴ് വസ്തുക്കൾ തൊഴിലുറപ്പ് തൊഴിലാളികളും, ഹരിത കർമ്മ സേനയും ചേർന്ന് തരം തിരിച്ച് മാറ്റി.
തോടിനെ വീണ്ടെടുത്തു
തോടിൻ്റെ രണ്ടറ്റത്തും പുഴയിലേക്ക് തുറക്കുന്ന ഭാഗത്ത് ഫൈബർ നെറ്റ് കെട്ടി മാലിന്യം കയറുന്നത് തടഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്തെ വീടുകൾക്ക് സോക്ക് പിറ്റ് നിർമ്മിച്ചു നൽകി. തോട്ടിലേക്കുള്ള മലിന ജലം വീടുകളിൽ നിന്ന് ഒഴുക്കുന്നത് തടഞ്ഞു. പ്രദേശത്ത് ശുചിത്വ സന്ദേശ ബോർഡുകൾ സ്ഥാപിച്ചു. 2020 വർഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് പദ്ധതിയിൽ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിന് ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കി. ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ആയി ലഭിച്ച 63 ലക്ഷം ഫണ്ട് ഉപയോഗിച്ച് തോടിൻ്റെ
സംരക്ഷണഭിത്തി കെട്ടി. പ്രവർത്തനത്തിൻ്റെ പൂർത്തീകരണ പ്രഖ്യാപനം പൊതുമരാമത്ത് ടൂറിസം മന്ത്രി 2021 ജുലായ് 19 ന് നിർവ്വഹിക്കുകയും ചെയ്തു. വിവിധ ഏജൻസികളെയും പദ്ധതികളെയും ഏകോപിപ്പിച്ച് നശിച്ചു പോയ ഒരു തോടിനെ വീണ്ടെടുക്കാൻ ഹരിത കേരളം മിഷന് സാധിച്ചു. ഭാവിയിൽ മത്സ്യക്കൃഷി, ടൂറിസം എന്നിവയിലേക്കെല്ലാം സാധ്യതകൾ തുറന്നിട്ടു കൊണ്ടാണ് പെരുവൻമാട് തോട് പുനജ്ജീവനം സാധ്യമായിട്ടുള്ളത്.
(ഹരിത കേരളം മിഷൻ കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്ററാണ് ലേഖകൻ)
കേരളത്തിൽ എല്ലായിടത്തും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ