വയനാട്ടിൽ പാസ്പോർട്ട് സേവന കേന്ദ്രം ഏപ്രിലിൽ

വയനാട് ജില്ലയിലെ ആദ്യ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസില്‍ ഏപ്രിലോടെ തുടങ്ങുമെന്ന്  കേന്ദ്ര പോസ്റ്റല്‍ സര്‍വ്വീസ് ബോര്‍ഡ് അംഗം വീണ ആര്‍. ശ്രീനിവാസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആസ്പിരേഷണല്‍ പദ്ധതികളുടെ ജില്ലാതല അവലോകന യോഗത്തില്‍  സംസാരിക്കുകയായിരുന്നു അവര്‍.

പോസ്റ്റല്‍ വകുപ്പിൻ്റെ വിവിധ  സമ്പാദ്യ- ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എല്ലാ വിഭാഗം ആളുകളിലേക്കും എത്തിക്കാന്‍ ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ ഇടപെടണമെന്നും ബാങ്കിങ് സൗകര്യം ലഭ്യമല്ലാത്ത ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും ബോര്‍ഡ് അംഗം പറഞ്ഞു.

പോസ്റ്റ്മാന്‍മാര്‍ മുഖേന പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യമുണ്ട്. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാമെന്നും ആധാര്‍ നമ്പര്‍ നല്‍കി മൂന്ന് മിനിറ്റില്‍ അക്കൗണ്ട് ആരംഭിക്കാന്‍ കഴിയുമെന്നും യോഗത്തില്‍ അറിയിച്ചു. രാജ്യത്ത് 1.65 ലക്ഷം പോസ്റ്റ് ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്.

കോഴിക്കോട് പോസ്റ്റ് ഓഫീസ് സീനിയര്‍ സൂപ്രണ്ട് വി ശാരദ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ബ്രാഞ്ച് മാനേജര്‍ നിയ ലിസ് ജോസ്, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, പോസ്റ്റല്‍ സര്‍വീസ് നോര്‍ത്തേണ്‍ റീജിയണല്‍ ഡയറക്ടര്‍ വി.ബി ഗണേഷ് കുമാര്‍, തലശ്ശേരി ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട്  പി.സി. സജീവന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *