സിയാലിൽ അഗ്നിശമന സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ്

കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ (സിയാൽ) ഏവിയേഷൻ അക്കാദമി, കൊച്ചിൻ ഇൻ്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് വിമാനത്താവള അഗ്നി ശമന -സുരക്ഷാ ട്രെയിനികൾക്കുള്ള അടിസ്ഥാന പരിശീലന കോഴ്സ്  രണ്ടാം ബാച്ച്  പാസിംഗ് ഔട്ട് പരേഡ് ചടങ്ങ് നടത്തി.

നാല് മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 55 ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡ് ആണ് നടന്നത്. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സത്യപ്രതിജ്ഞ, മാർച്ച് പാസ്റ്റ്, അഗ്നിശമന അഭ്യാസപ്രകടനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു.

സിയാൽ എ.ആർ.എഫ്.എഫിലെ ആറ് ജൂനിയർ മാനേജർ ട്രെയിനിമാർക്കൊപ്പം  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 49 ട്രെയിനികളും പരിശീലനം നേടി.
2024 ഫെബ്രുവരി 19 ന് ആരംഭിച്ച  പരിശീലനം ജൂൺ 18 ന് സമാപിച്ചു.  ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡങ്ങൾ  അനുസരിച്ചാണ് സിലബസ് ആസൂത്രണം ചെയ്‌തത്‌.

സിയാൽ എ.ആർ.എഫ്.എഫ് വിഭാഗം വിമാനത്താവളത്തിൽ  ഓൺ-സൈറ്റ് പരിശീലനത്തിലൂടെ എല്ലാ ട്രെയിനികൾക്കും സമഗ്രമായ പ്രായോഗികതലത്തിലുള്ള അറിവും അനുഭവവും ഉറപ്പാക്കി. സിയാൽ എ.ആർ.എഫ്.എഫ് വിഭാഗത്തോടൊപ്പം കേരള ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെൻ്റ്, കേരള മൗണ്ടനിയറിംഗ് ടീം, അശോക് ലെയ്‌ലാൻഡ് ഡ്രൈവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ അടങ്ങുന്ന അധ്യാപകരാണ്  സെഷനുകൾ കൈകാര്യം ചെയ്‌തത്‌.

കേരള മൗണ്ടനിയറിംഗ് ടീം നടത്തിയ ബിൽഡിംഗ് റെസ്ക്യൂ ഓപ്പറേഷൻസ്,  തൃശൂരിലെ കേരള ഫയർ ആൻഡ് റെസ്‌ക്യൂ അക്കാദമിയിൽ നടന്ന ടണൽ ആൻഡ് സ്‌മോക്ക് ചേംബർ ഫയർഫൈറ്റിംഗ്,  ബി.പി.സി.എൽ നേതൃത്വം കൊടുത്ത പ്രഷർ ഫെഡ് ഫയർഫൈറ്റിംഗ് കൂടാതെ തമിഴ്‌നാട്ടിലെ നാമക്കലിലുള്ള അശോക് ലെയ്‌ലാൻഡ് ഡ്രൈവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഹെവി ഡ്രൈവിംഗ് പരിശീലനം  എന്നിവ പരിശീലനത്തിൽ ഉൾപ്പെടുന്നു.

സി.ഐ.എ.എസ്.എൽ മാനേജിങ് ഡയറക്ടർ സന്തോഷ് പൂവ്വട്ടിൽ, സിയാൽ എ.ആർ.എഫ്.എഫ് ഹെഡ് സോജൻ കോശി, കോസ്ററ് ഗാർഡ് കമാൻഡിങ്  ഓഫീസർ വരുൺ ഉപാദ്ധ്യായ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്‌കോടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *