പറയപ്പെടാത്ത കഥകളുമായി അവർ തേന്മാവിൻ ചോട്ടിൽ…

നീനു സുകുമാരൻ

പറയപ്പെടാത്തതും വാഴ്ത്തപ്പെടാത്തതുമായ ജീവിത വിജയകഥകളുമായി പത്ത് വനിതാ രത്നങ്ങൾ പയ്യന്നൂർ ഫോക് ലാൻ്റ് അങ്കണത്തിലെ തേന്മാവിൻ ചോട്ടിൽ ഒത്തു ചേർന്നത് പുതിയ അനുഭവമായി. അന്താരാഷ്ട്ര വനിതാ ദിനത്തിലാണിത്. ജീവിതത്തിൽ ഒരിക്കലും 

അംഗീകരിക്കപ്പെടാത്ത വനിതകളെ ആദരിച്ചും അവരുടെ കഥകൾ കേട്ടും അവിടെ കൂടിയ കൂട്ടായ്മ കോരിത്തരിച്ചു.

ഫോക് ലാൻ്റ് പയ്യന്നൂർ കേന്ദ്രത്തിൽ നടന്ന “തേന്മാവിൻ ചോട്ടിലെ വിജയകഥകൾ” എന്ന പരിപാടിയിലാണ് വിവിധ രംഗത്തുള്ളവർ അനുഭവങ്ങൾ പങ്കുവെച്ചത്.

നാരായണി

നീലേശ്വരത്തിനടുത്ത തെക്കൻ ബങ്കളം സ്വദേശി പി.എം.നാരായണി പതിനാറാം വയസ്സിൽ ബീഡി തെറുപ്പ് ആരംഭിച്ചു. ഭാരത് ബീഡി പ്രതിസന്ധിയിലായതിനെ തുടർന്ന് രണ്ട് വർഷത്തിന് ശേഷം ദിനേശ് ബീഡിയിലേക്ക് മാറി. രാജ്യത്തെ ബീഡി വ്യവസായങ്ങൾ വെല്ലുവിളി നേരിട്ടതിന് ശേഷം പച്ചക്കറി വ്യാപാരം എന്ന പുതിയ 

സംരംഭത്തിലേക്ക് ചുവട് മാറ്റുകയായിരുന്നു നാരായണി. പതിനെട്ട് വർഷമായി നീലേശ്വരം മാർക്കറ്റിൽ പച്ചക്കറി വ്യാപാരത്തിലൂടെ കുടുംബം പോറ്റുന്ന കഥയാണ് 65 വയസ്സുള്ള നാരായണി പറഞ്ഞത്.

അച്ഛൻ കേളുവിൽ നിന്നും കിട്ടിയ കൈപ്പുണ്യം ഒരു സംരംഭമായി വളർത്തിയെടുത്ത് വിജയിപ്പിക്കുകയും ഉത്തര കേരളത്തിന്റെ രുചിഭേദം ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തതാണ് രതിയുടെ വിജയ രഹസ്യം. എടനീരിലെ സ്കൂൾ കാന്റീനിൽ നിന്ന് തുടങ്ങി കാസർകോട് സിവിൽ സ്റ്റേഷൻ കാന്റീനില്‍ വരെ മാറ്റ് തെളിയിച്ച രതി കുടുംബശ്രീ കഫേയിലെ മുഖ്യ പരിശീലക കൂടിയാണ്. സംസ്ഥാനത്തെ

രതി

വിവിധ്യ ഭക്ഷ്യ മേളകൾ രതിയുടെ കൈപ്പുണ്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ന്യൂഡൽഹി പ്രഗതി മൈതാനത്തെ അന്താരാഷ്ട്ര വ്യാപാര വിപണന മേളകളിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്ന ഭക്ഷ്യ മേളകളിലും ഇവരുടെ രസ കൂട്ടുകൾ ജനങ്ങൾ അനുഭവിച്ചിട്ടുണ്ട്. 2014 ൽ ഫ്രാൻസിൽ നടന്ന ഗനാ അന്താരാഷ്ട ഫോക് ഫെസ്റ്റിവെലിൽ പ്രധാന ആകർഷണം തന്നെ രതിയുടെ ഭക്ഷ്യവിഭവങ്ങളായിരുന്നു. കാസർ കോടിന്റെ തനതായ ചിക്കൻ സുക്കയും ഒറോട്ടിയും ട്രൈബൽ ചിക്കനും 

കോരി റൊട്ടിയും എന്തിന് അരി ചട്നി എന്ന കാസർകോടൻ വിഭവം പോലും കടൽ കടന്നത് രതിയുടെ കൈപ്പുണ്യത്താലാണ്. ലോകത്തിലെ ഏറ്റവും വലിയ ഫോക് ലോർ ഫെസ്റ്റിവലിൽ പങ്കെടുത്ത അറുപത്തഞ്ചോളം രാജ്യങ്ങളിലെ കലാകാരന്മാർ ആവശ്യപ്പെട്ടതനുസരിച്ച് 2015 ലും ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കാൻ രതിയെ തന്നെ സംഘാടകർ ക്ഷണിക്കുകയായിരുന്നു. ഫ്രഞ്ച് മാത്രം അറിയുന്ന ഒരു രാജ്യത്ത് ഇന്ത്യൻ ഭക്ഷണം തയ്യാറാക്കി വിതരണം നടത്തിയത് ഏറെ പ്രയാസങ്ങളോടെയായിരുന്നു
രുന്നുവെന്ന് രതി പറഞ്ഞു.

സംഗീത

നീലേശ്വരം സ്വദേശിയായ സംഗീത അഭയൻ പഠിച്ചത് രസതന്ത്രമാണെങ്കിലും മനസ്സിൽ അടക്കി വെച്ച സംരംഭക മോഹം പൂവണിയാന്‍ മാർഗ്ഗ ദർശിയായത് ഭർത്താവ് അഭയനാണ്. പയ്യന്നൂർ ഗ്രാമോദയ ഖാദി സംഘവുമായും കണ്ണൂരിലെ വിവിധ കൈത്തറി സംഘങ്ങളുമായും ചേർന്ന് ഖാദി, കൈത്തറി തുണികളുപയോഗിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ഇണങ്ങുന്ന ആധുനിക ഫാഷൻ വസ്ത്രങ്ങൾ രൂപകൽപന ചെയ്യാൻ ഡിസൈൻ സ്റ്റുഡിയോയും

നിർമ്മിക്കാൻ എല്ലാ ജില്ലകളിലും സ്ത്രീ കൂട്ടായ്മകളും രൂപപ്പെടുത്തിയിട്ടുണ്ട് സംഗീത അഭയ്. അത്യന്താധുനിക പാറ്റേണിലും ഡിസൈനിലും വസ്ത്രങ്ങളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും നിർമ്മിച്ച് സ്ത്രീകളുടെ കൂട്ടായ്മകളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും ഇന്ത്യയിലെവിടെയും വിതരണം ചെയ്യാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചാണ് സംഗീത വ്യാപാരം നടത്തുന്നത്.

ഗീത

കലാ കുടുംബത്തിൽ പിറന്ന ഗീത.എം.കെ. എന്ന  വീട്ടമ്മ തനിക്ക് കലാ സിദ്ധിയുണ്ടെന്ന് തിരിച്ചറഞ്ഞത് ഫോക് ലാൻ്റ് സംഘടിപ്പിച്ച ചുമർ ചിത്ര പരിശീലനത്തിലാണ്. കേവലം അഞ്ച് വർഷത്തിനുള്ളിൽ ചുമർചിത്രത്തിന് പുറമെ നെറ്റിപ്പട്ട നിർമ്മാണ വൈദഗ്ദ്യവും വാനിറ്റി ബാഗ് നിർമ്മാണ വൈദഗ്ദ്യവും നേടുക മാത്രമല്ല, താനുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇന്ത്യക്ക് പുറമെ ഇംഗ്ലണ്ട്, അമേരിക്ക , കാനഡ തുടങ്ങിയ രാജ്യങ്ങളിലും വിപണി കണ്ടെത്താൻ കഴിഞ്ഞു. സ്വദേശമായ രാമന്തളിയിൽ ഒരു വിൽപന കേന്ദ്രവും തുടങ്ങി. അത് ഉദ്ഘാടനം ചെയ്തത് ലോക പ്രസിദ്ധ നാടക സംവിധായകൻ പത്മശ്രീ ബൻസി കൗളാ ണെണ് പറഞ്ഞപ്പോൾ അവരുടെ നിശ്ചയദാർഡ്യത്തിനു മുന്നിൽ സദസ്സ് കരഘോഷം മുഴക്കി.

ഉഷ

എട്ട് വർഷം മുമ്പ് കാസർകോട് ജില്ലയിലെ അട്ടേങ്ങാനം എന്ന ആദിവാസി ഗ്രാമത്തിൽ നിന്ന് ഓട്ടോ ഡ്രൈവിങ് പഠിച്ച് സ്വന്തമായി ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഉഷ പറഞ്ഞത് ആദിവാസി സ്ത്രീ ജീവതത്തിൻ്റെ വിജയ കഥയാണ്. പുരുഷന്മാർ പോലും ഡ്രൈവിങ്ങിൽ പരാജയപ്പെടുന്ന മലയോര ഗ്രാമത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ ജീവിത മാർഗ്ഗം കണ്ടെത്തിയ സ്വന്തം ജീവിത കഥയാണ് ഉഷ പറഞ്ഞത് .

തമ്പായി

ഉത്തരകേരളത്തിൻ്റെ തനതായ ചൂൽ നിർമ്മാണ കഥയുമായാണ് തമ്പായി വന്നത്. ഉത്തര കേരളത്തിലെ തെയ്യക്കാവുകളിലും ചാണകം മെഴുകിയ തറവാടുകളിലും ഇന്ന് അപൂർവ്വമായി കണ്ടു വരുന്ന ചുത് മാച്ചി (ചൂൽ) ഇന്നത്തെ തലമുറക്ക് തികച്ചും അപരിചിതമായ ഒന്നാണ്. ചൂത് മാച്ചി നിർമ്മിക്കാനാവശ്യമായ ചൂത് വയലിൽ നിന്നാണ് ശേഖരിക്കാറ്. 12 വയസിലാണ് തൻ്റെ അമ്മയിൽ നിന്നും ചൂത് മാച്ചി നിർമ്മാണം പഠിച്ചത്. ശേഖരിച്ച ചൂത് ഉണക്കി മടഞ്ഞെടുത്താണ് ചൂത് മാച്ചി ഉണ്ടാക്കുന്നത്. ഇന്ന് ഈ തൊഴിൽ മാത്രംകൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടാന്നെന്നും പാരമ്പര്യമായി കിട്ടിയ ഒരു പ്രവൃത്തി എന്ന നിലയിൽ ഇതിനെ ഇപ്പൊഴും സംരക്ഷിക്കുന്നുണ്ടെന്നും തമ്പായി പറഞ്ഞു.

ജാനകി

പായ നെയ്ത്തിലൂടെ ജീവിതത്തിന് അർത്ഥം കണ്ടെത്തിയ കഥയാണ് ജാനകി പറഞ്ഞത്. ജാനകി പയ്യന്നൂരിലെ അന്നൂർ സ്വദേശിയാണ്. റെയിൽ പുറമ്പോക്കിലും പുഴയോരത്തും കായലോരത്തും ഒരു കാലത്ത് സമൃദ്ധമായി വളർന്നിരുന്ന കൈത ച്ചെടിയുടെ ഓലയാണ് പായ മെടയാൻ ഉപയോഗിക്കുന്നത്. നന്നെ ചെറുപ്പം മുതൽ പായ നെയ്ത് വീടുകളിൽ കൊണ്ട് പോയി വിറ്റിട്ടാണ് ജാനകി ഉപജീവനമാർഗ്ഗം കണ്ടെത്തിയത്. അമ്മയിൽ നിന്ന് പഠിച്ച പായ നെയ്ത്ത് പുതു തലമുറക്ക് പകർന്ന് നൽകാൻ കഴിയാത്ത വിഷമവും ജാനകി സദസ്സുമായി പങ്കുവെച്ചു.

സുഹറാ ബീവി

പശു പരിപാലനം സ്വന്തം ജീവിത മാർഗ്ഗവും സാമൂഹ്യ പ്രവർത്തനവുമാക്കി മാറ്റുകയാണ് സുഹറാ ബീവി ചെയ്തത്. ഇത് മാത്രമല്ല സുഹറാബീവിയുടെ നെൽകൃഷിയും പച്ചക്കറി കൃഷിയും എറെ പ്രശസ്തമാണ്. തൻ്റെ ചോളം കൃഷി നാട്ടിലെ വലിയ ആകർഷണമാണെന്ന് സുഹറാ ബീവി പറഞ്ഞു. നിരവധി അവാർഡുകളും അംഗീകാരങ്ങളും ഇതിനകം ലഭിച്ച സുഹറാബീവി പയ്യന്നൂർ കണ്ടോത്ത് സ്വദേശിയാണ്.

ശരണ്യ

കഥ പറയലിലെ മറ്റൊരു താരം ശരണ്യ ദേവകുമാറാണ്. കൊല്ലം സ്വദേശി കാസർകോട്ടെത്തുന്നത് വിവാഹാനന്തരമാണ്. ഭർത്താവ് ദേവകുമാർ നാരായണനും എഞ്ചിനീയറിംഗ് ബിരുദ ധാരിയാണ്. ശരണ്യ എഞ്ചിനീയറിംഗിൽ ഉന്നത വിജയം നേടിയ ശേഷം സ്വദേശത്തും വിദേശത്തും കോളേജദ്ധ്യാപന ജോലി ഉൾപ്പെടെ ഉന്നത ജോലികൾ കരസ്ഥമാക്കിയിരുന്നു. പക്ഷേ ശരണ്യ വ്യത്യസ്ഥമായ വഴികളിലൂടെയാണ് യാത്ര ചെയ്യാൻ തീരുമാനിച്ചത്. തൻ്റെ ജീവിതം മാറ്റിമറിച്ചത് കവുങ്ങിൻ പാളയാണെന്ന് ശരണ്യ പറഞ്ഞു. 

കവുങ്ങ് കൃഷി സുലഭമായ കാസർകോട് ജില്ലയിൽ കവുങ്ങിൻ പാള കൊണ്ട് പ്ലെയിറ്റ് നിർമ്മിക്കാനുള്ള പദ്ധതിയുമായി നാട്ടിലെത്തി പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ് ശരണ്യ ചെയ്തത്. ശരണ്യയും ദേവകുമാറും ചേർന്ന് രൂപ കൽപ്പന ചെയ്യുന്ന പാള പ്ലെയിറ്റുകൾക്ക് ഇന്ന് ലോകത്താകമാനം ആവശ്യക്കാരുണ്ട്.

സുശീല

വൈധവ്യം കൊണ്ട് ജീവിതം വഴിമുട്ടിയ ഘട്ടത്തിൽ ജീവിതോപാധിയായി പേപ്പർ ബാഗ് നിർമ്മാണം ആരംഭിച്ചതിൻ്റെ വിവിധ വശങ്ങൾ സുശീലാ വേലായുധൻ വിവരിച്ചു. വിധവകളും അശരണരുമായ നൂറ് കണക്കിന് കുടുംബങ്ങൾക്ക് തൻ്റെ സംരംഭം ആശ്രയമാവുന്ന കഥയാണ് സുശീല പറഞ്ഞത്. കഥ, നോവൽ രചന തുടങ്ങിയ സാഹിത്യ പ്രവർത്തനത്തിലെ തൻ്റെ മികവും അവർ വിവരിച്ചു. പ്ലാസ്റ്റിക്കിന്നെതിരെയുള്ള പ്രവർത്തനമെന്ന ഖ്യാതിയും തനിക്ക് ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

രുഗ്മിണി. കെ. ജി . മോഡറേറ്ററായിരുന്നു. ഡോ. അനിലാ സുനിൽ ആമുഖ ഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *