കെ.എസ്. മണിലാലിനും അലി മണിക്ഫാനും പത്മശ്രീ സമ്മാനിച്ചു.

പത്മശ്രീ ജേതാക്കളായ പ്രൊഫ.കെ.എസ്. മണിലാലിനും അലി മണിക്ഫാനും ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി വീട്ടിലെത്തി പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇരുവർക്കും ഡല്‍ഹിയിലെത്തി പത്മശ്രീ പുരസ്കാരം സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. അതിനാലാണ്  വീട്ടിൽ സന്ദർശിച്ച് നൽകിയത്.

ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലുമെത്തിച്ച പ്രൊഫ.കെ.എസ്. മണിലാലിന് എരഞ്ഞിപ്പാലം ജവഹര്‍ നഗറിലെ വസതിയിലെത്തിയാണ് പുരസ്കാരം നൽകിയത്. 12 വോള്യങ്ങളായി പ്രസിദ്ധീകരിച്ച കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള അപൂര്‍വ്വ ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ബോട്ടണി അധ്യാപകനായിരുന്ന ഡോ.മണിലാല്‍ വർഷങ്ങളെ‌ടുത്താണ്

ഹോര്‍ത്തൂസ് മലബാറിക്കൂസ് മനസ്സിലാക്കിയെടുത്ത് പരിഭാഷപ്പെടുത്തിയത്. ഇതിനായി അദ്ദേഹം ലാറ്റിന്‍ ഭാഷ പഠിച്ചു. മണിലാല്‍ തയ്യാറാക്കിയ വ്യാഖ്യാന സഹിതമുള്ള ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് 2003 ലും, മലയാളം പതിപ്പ് 2008 ലും കേരള സര്‍വകലാശാല പ്രസിദ്ധീകരിച്ചു.

കൊച്ചിയിൽ അഭിഭാഷകനായ കാട്ടുങ്ങൽ സുബ്രഹ്‌മണ്യൻ, ദേവകി ദമ്പതികളുടെ മകനായി ജനിച്ച മണിലാൽ എറണാകുളം മഹാരാജാസ് കോളേജിൽ നിണ് ബിരുദം നേടിയ ശേഷം സാഗർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി, പി. എച്ച്.ഡി എന്നിവ കരസ്ഥമാക്കി. കാലിക്കറ്റ് യുണിവേഴ്സിറ്റിയിൽ ബോട്ടണി വിഭാഗത്തിൽ ചേർന്നതിന് ശേഷമാണ് ലോകത്തിലെ അറിയപ്പെടുന്ന സസ്യ ശാസ്ത്രജ്ഞനായി മാറിയത്. ഭാര്യ ജോത്സന, ഏക മകൾ അനിത, മരുമകൻ പ്രീതൻ, രണ്ട് പേരക്കുട്ടികളും അടങ്ങിയതാണ് കുടുംബം.

നാവിക ഗോള ശാസ്ത്ര ഗവേഷകനാണ് അലി മണിക്ഫാൻ. ആഗോള ഹിജ്റ കലണ്ടറിന്‍റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായ മണിക്ഫാൻ ആഗോള ഏകീകൃത പെരുന്നാളിനും റംസാൻ അനുഷ്ഠാനത്തിനുമായി നിരവധി പ്രഭാഷണങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. നിലവിലെ സാമ്പ്രദായിക വിദ്യാലയ രീതികളെ സ്വന്തം ജീവിതം കൊണ്ട് തിരുത്തിയാണ് മണിക്ഫാൻ മാതൃക കാട്ടിയത്. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി, ജർമൻ, ലാറ്റിൻ ഭാഷകൾക്കൊപ്പം സംസ്കൃതം, തമിഴ്, മലയാളം, കന്നഡ തുടങ്ങി 14 ഭാഷകളിൽ പ്രാവീണ്യമുണ്ട് മണിക്ഫാന്.

ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലാണ് അലി മണിക്ഫാൻ ജനിച്ച് വളർന്നത്. മൂന്നാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേ​ഹത്തിന്റെ പാഠപുസ്തകം പ്രകൃതിയും ചുറ്റുപാടുകളുമാണ്. അധ്യാപകനായും ക്ലർക്കായും സെൻട്രൽ മറൈൻ ഫിഷറീസിലും ജോലി ചെയ്തു. ഒളവണ്ണയിലെ വാടക വീട്ടിൽ ഭാര്യ സുബൈദക്കൊപ്പമാണ് കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *