ഓർമ്മയിലെ ഓണത്തിന് മധുരം കൂടും
57 കൊല്ലം മുമ്പു പഠിച്ച ആറാം ക്ലാസിലെ മലയാള പാഠാവലിയിൽ ഓണത്തെക്കുറിച്ചൊരു പാഠമുണ്ടായിരുന്നു. അതിലെ ഓണക്കാലവർണ്ണനയിലെ ചില വരികൾ ഇന്നും കാണാപ്പാഠം. “ശരത്കാലാഗമം സൂചിപ്പിച്ചുകൊണ്ട് ആകാശത്ത് വെള്ളിമേഘങ്ങൾ അണിനിരക്കും. വായുവാകുന്ന അലക്കുകാരൻ മേഘങ്ങളാകുന്ന വസ്ത്രങ്ങൾ ആകാശമാകുന്ന കല്ലിൽ കുത്തിത്തിരുമ്മുമ്പോൾ ഉതിരുന്ന ജലകണങ്ങളാണെന്നു തോന്നുമാറ് അവിടവിടെ അല്പാല്പം മഴയുണ്ടായേക്കാം.”
പാഠം രചിച്ചയാൾ പ്രകൃതിയുടെ അകവും പുറവും അറിഞ്ഞിട്ടുണ്ട് ! ഇന്നും ആകാശത്ത് വെള്ളിമേഘങ്ങൾ ! അല്പാല്പം മഴയും ! പറമ്പിലും വഴിയരികുകളിലും ‘പൂക്കളിലെ ഭാഗ്യവതി’യെ തേടി. കണ്ടില്ല.
പണ്ട് ‘പറമ്പിലങ്ങിങ്ങു പകച്ചൊതുങ്ങി’ ആ ‘പാവങ്ങൾ’ നിന്നിരുന്നു. മഴ പെയ്യുന്നു. ‘ചിരി പെയ്യുന്ന തുമ്പക്കുടം’ എങ്ങുപോയി? ചിലപ്പോൾ എവിടെയെങ്കിലും ഒളിച്ചു നിന്ന് അവ പുളകം കൊള്ളുന്നുണ്ടാകാം. കാക്കപ്പൂവിനെയും കാണാതായി.
സാരമില്ല. ‘തിണ്ണയുടെ വക്കത്തും മുറ്റത്തും’അനഘമായ’
മുക്കുറ്റിപ്പൂക്കൾ. ‘ഉലകു പൊൻ പൂശാൻ വരുന്ന ദേവ’ന്റെ തലോടൽ കവിളിലേറ്റ മുക്കുറ്റിപ്പൂക്കൾ തന്നെ ! പഴയപൂക്കൾ കുറവെങ്കിലും എങ്ങും പുതുപൂക്കളുടെ സമൃദ്ധി. വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്തുകാരും
വേർഡ്സ്വർത്തിന്റെ സോളിറ്ററി റീപ്പറും ഇപ്പോഴും പഴയ വിഷാദരാഗങ്ങളാവുമോ പാടുന്നുണ്ടാവുക? അറിയില്ല.
ഓണത്തിന്റെ വീണ കുതുകമോടെ പാടുന്നത് ‘ഏക ജീവിതാനശ്വരഗാനം’തന്നെ ! കാലം മാറുമ്പോൾ പലതും മാറുന്നു. എവിടെയും പൂക്കള മത്സരങ്ങൾ. പലതിലും കാണുന്നത് കൃത്രിമത്വവും പണക്കൊഴുപ്പും.
അമിതമായ മത്സരാവേശം വള്ളംകളിയുടെ തനിമ നഷ്ടപ്പെടുത്തിയെന്ന് പണ്ട് തകഴി പറഞ്ഞതോർക്കുന്നു. ആ സ്ഥിതിയാണ് ഇന്ന് പൂക്കളങ്ങളുടെ കാര്യത്തിലും. ലാളിത്യവും കൂട്ടായ്മയുമായിരുന്നു പഴയ കാലത്തെ ഓണാഘോഷത്തിന്റെ മുഖമുദ്രകൾ. ആ സ്ഥാനത്തിപ്പോൾ പൊതുവെ ആർഭാടവും ധൂർത്തും. കൂട്ടായ്മയുടെ വലയം ചുരുങ്ങിച്ചുരുങ്ങി
വരുന്നു. എങ്കിലും ചിലതെല്ലാം മാറാതെ നിൽക്കുന്നു. അവയിലൊന്നാണ് മലയാളികൾക്ക് ഓണത്തോടുള്ള മമത. കവി പാടിയതുപോലെ, ഈ മലനാടിന്റെ വായുവിലെന്നപോലെ അത് മനസ്സിലും ഒരു മധുരോദാരവികാരമായി നിറയുന്നു. സ്മൃതികളും സങ്കല്പങ്ങളും ഓണാഘോഷത്തിന്റെ പോരായ്മകളെല്ലാം നികത്തുന്നു. അപ്പോൾ മനസ്സുകൊണ്ട് വീണ്ടും കുട്ടിയാകുന്നു. അറിവിന്റെ വെളിച്ചം ദൂരെദൂരെപ്പോകട്ടെ. എന്നും ഓണക്കാലത്തെ കുട്ടിയായിരിക്കാൻ കഴിഞ്ഞെങ്കിൽ ! ( മാതൃഭൂമി ദിനപ്പത്രത്തിൻ്റെ ഡെപ്യൂട്ടി എഡിറ്ററും ലീഡർ റൈറ്ററുമായിരുന്നു ലേഖകൻ. ‘എസ്.കെ.’എന്ന പേരിലാണ് എഴുതിയിരുന്നത്. )