അച്ഛൻ്റെ പാൽപ്പായസവും കവിത തീയേറ്ററിലെ ചെമ്മീൻ സിനിമയും
കഴക്കൂട്ടം സൈനിക് സ്ക്കൂളിൽ നിന്ന് അവധിക്ക് നാട്ടിൽ വരുമ്പോഴുള്ള ഓണാഘോഷം ഇന്നും സന്തോഷകരമായ ഓർമ്മയാണ്. ഞാൻ എറണാകുളം ഉദയംപേരൂരിലെ വീട്ടിൽ വന്നാൽ രാവിലെ മുതൽ കൂട്ടുകാരെല്ലാം ഒപ്പം കൂടും. എല്ലാ പറമ്പുകളിലും പോയി പൂക്കൾ പറിക്കും. തുമ്പ, കോളാമ്പി, ചെത്തി… ഇങ്ങനെ പൂക്കൾ ഇഷ്ടം പോലെ ഉണ്ടാകും. രാവിലെ അനുജനും അനുജത്തിമാരും എല്ലാവരും വട്ടമിട്ടിരുന്ന് പൂക്കളം ഉണ്ടാക്കും. ഓണപ്പുടവയും കിട്ടും. അച്ഛൻ സുബ്രഹ്മണ്യൻ പോലീസിലായിരുന്നു.
അച്ഛൻ നന്നായി പാചകം ചെയ്യും. അവിയൽ, സാമ്പാർ, കൂട്ടുകറി… ഇങ്ങനെ അച്ഛനുണ്ടാക്കുന്ന കറികൾക്കെല്ലാം നല്ല സ്വാദാണ്. പലതരം പായസവും ഉണ്ടാക്കും. ഓണസദ്യ കഴിഞ്ഞ് അന്ന് സന്തോഷത്തോടെ സിനിമയ്ക്ക് പോകുമായിരുന്നു.
1966 ലാണ് ഞാൻ സൈനിക് സ്ക്കൂളിൽ ആറാം ക്ലാസിൽ ചേർന്നത്. അന്നത്തെ ഓണക്കാലം ഇന്നും ഓർക്കുന്നു. ഉച്ചയ്ക്ക് പാല്‍പ്പായസത്തോടെയുള്ള സദ്യ. ‘ചെമ്മീൻ ‘ സിനിമ ഹിറ്റായി ഓടുന്ന
സമയമായിരുന്നു അത്. എറണാകുളം കവിത തീയേറ്ററിലാണ് ചെമ്മീൻ കളിക്കുന്നത്. അച്ഛനും ഞാനും കൂടി തീയേറ്ററിനു മുന്നിലെത്തിയപ്പോൾ ഭയങ്കര തിരക്ക്. അച്ഛൻ കുറേ നേരം ക്യൂ നിന്ന് അവസാനം കിട്ടിയത് ഒറ്റ ടിക്കറ്റ്.
ഏതായാലും നീ സിനിമ കാണ്, ഞാൻ പിന്നീടെപ്പോഴെങ്കിലും കണ്ടോളാമെന്ന് അച്ഛൻ. അങ്ങനെ ഞാൻ കയറി. ചെമ്മീൻ തീരുന്നതുവരെ അച്ഛൻ തീയേറ്ററിന് പുറത്തിരുന്നു. പിന്നീടൊരിക്കൽ ഒരു ഓണത്തിന് അച്ഛൻ്റെ നല്ല തല്ലും കിട്ടി. ഓണത്തിന് ഉച്ചയ്ക്ക് സദ്യക്ക് എല്ലാവരും ഒന്നിച്ചിരിക്കണമെന്ന് അച്ഛന് നിർബന്ധമാണ്. നോക്കുമ്പോൾ എന്നെ കാണാനില്ല. വെപ്രാളമായി. എല്ലാവരും പലയിടത്തും അന്വേഷിച്ചു. ഇതൊന്നുമറിയാതെ ഞാൻ കൂട്ടുകാർക്കൊപ്പം കുളത്തിൽ നീന്തി കുളിക്കുകയായിരുന്നു.
ഓടി വീട്ടിലെത്തിയപ്പോൾ ഉടനെ കിട്ടി അടി ! എൻ.ഡി.എ.കഴിഞ്ഞ് ആർമിയിൽ ചേർന്നപ്പോൾ താമസ സ്ഥലത്ത് ഓണത്തിന് എല്ലാവരും ചേർന്ന് സദ്യ ഉണ്ടാക്കുമായിരുന്നു. ഒരിക്കൽ അമർനാഥ് യാത്രക്കാലത്ത് യാത്രക്കാർക്ക് സംരക്ഷണം കൊടുക്കാൻ നിയോഗിക്കപ്പെട്ടിരുന്നു. അന്ന് ഞങ്ങൾ മലയാളികൾ ഓണത്തിന് ഒത്തുകൂടി. പിന്നീടൊരിക്കൽ ശ്രീനഗറിലെ കൂപ്പ് വാരയിൽ ഭീകരരെ നേരിടാൻ പോയപ്പോഴാണ് ഓണക്കാലം വന്നത്. അന്ന് കുറേ നാൾ അവിടെ ഉണ്ടായിരുന്നു. ആ ഓണത്തിനും എല്ലാവരും ചേർന്ന് സദ്യ ഉണ്ടാക്കി. 1993 ൽ രാഷ്ട്രപതി ഭവനിൽ ആർമി ബറ്റാലിയൻ്റെ സെക്കൻ്റ് ഇൻ കമാൻ്റ് ആയിരുന്നു. അന്ന് ശങ്കർ ദയാൽ ശർമ്മയായിരുന്നു രാഷ്ട്രപതി. അവിടെ ഉണ്ടായിരുന്ന മൂന്നു വർഷവും
രാഷ്ട്രപതി ഒരുക്കുന്ന ഓണാഘോത്തിലും ഓണസദ്യയിലും പങ്കെടുത്തത് മറക്കാനാവാത്ത അനുഭവമാണ്. ആർമിയുടെ കേരള – കർണ്ണാടക ഡയരക്ടർ ജനറലായാണ് വിരമിച്ചത്. വിരമിച്ച ശേഷം ബാംഗ്ലൂർ വൈറ്റ് ഫീൽഡിനടുത്തുള്ള ആർമി ഹൗസിംഗ് സൊസൈറ്റിയുടെ സന്ദീപ് വിഹാർ ഫ്ലാറ്റ് സമുച്ഛയത്തിലാണ് താമസം. ഇവിടെ ഇരുന്നൂറിലധികം മലയാളി കുടുംബങ്ങളുണ്ട്. എല്ലാ വർഷവും കലാപരിപാടികളോടെ ഗംഭീര ഓണാഘോഷം ഉണ്ടാകാറുണ്ട്. കോവിഡായതിനാൽ കഴിഞ്ഞ
വർഷം വീട്ടിൽ തന്നെയായിരുന്നു ഓണാഘോഷം. മലയാളികൾ ഉണ്ടാക്കുന്ന സദ്യ വീട്ടിലെത്തി. പക്ഷെ ഇത്തവണ വീട്ടിൽ തന്നെ സദ്യ ഉണ്ടാക്കുന്നുണ്ട്. ഭാര്യ ഉമ വേണുഗോപാൽ ബാഗ്ലൂരിൽ നേത്ര ഡോക്ടറാണ്. അമ്മ സാവിത്രിയും ഒപ്പമുണ്ട്. മകൻ ഹർഷ വർദ്ധൻ നേവിയിൽ കമാൻ്ററാണ്. ഇപ്പോൾ ഗോവയിലാണ്. മകൾ പൂജ ആർക്കിടെക്റ്റാണ്. ഭർത്താവ് അരുണിനൊപ്പം ആസ്ത്രേലിയയിലാണ്.
ചിത്രങ്ങള്‍ : ഷൈജു അഴീക്കോട്
What a wonder piece of narrating, what we elders now, call as good old days. Times have changed but those memories still make our lives what it is. Congratulations for carrying this from someone who protected our country.
Thanks for the compliments…I immensely value the appreciation from a reputed person like you.
Beautiful write up Chittappan! I could see the young you playing with friends and waiting for the movie tickets. Always proud of your service to your country! Big salute!
With much love,
Dear brother, Wonderful narration.