ഓർമ്മയിലെന്നും നാട്ടിലെ അന്നത്തെ വലിയ പൂക്കളം

സ്ക്കൂൾ വിട്ടു വന്ന് കൂട്ടുകാരോടൊപ്പം പൂക്കൂട്ടയുമായി തുമ്പപ്പു പറിക്കാൻ പോകും. വീട്ടിലെന്നും വലിയ പൂക്കളമായതിനാൽ തുമ്പപ്പു ഒരുപാടു വേണം. അതു കഴിഞ്ഞ് കടപ്പുറത്തേക്ക് നടന്ന് വലിയ നീലപ്പൂക്കളും പറിക്കും. അരളിയും ജമന്തിയും മാർക്കറ്റിൽ നിന്ന് വാങ്ങും. വീട്ടിലെ വലിയ പൂക്കളം കാണാൻ രാവിലെ അയൽക്കാരൊക്കെ വരുമായിരുന്നു. സംഗീതജ്ഞനായ കെ.പി.നരേന്ദ്രനാഥ് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടിൽ പഠിച്ചു വളർന്ന കാലം ഓർത്തെടുത്തു. വടകര മുയിപ്പോത്ത് കാഞ്ഞിരാട്ടു പൊയിൽ തറവാട്ടിലാണ് ജനിച്ചത്. അച്ഛൻ കെ.പി.കുഞ്ഞിക്കണ്ണൻ ഫിഷറീസിൽ അസി. രജിസ്ട്രാറായിരുന്നു. 
 
 
ഓടക്കുഴൽ സംഗീതജ്ഞനുമായിരുന്നു. മറ്റ് രണ്ട് സഹോദരങ്ങളും സംഗീതജ്ഞരായിരുന്നു. ഇപ്പോൾ ഡൽഹിയിൽ കോസ്റ്റ് ഗാർഡിൽ സബോഡിനേറ്റ് ഓഫീസറാണ് നരേന്ദ്രനാഥ്. ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ കുട്ടിക്കാലമാണ് ഓർമ്മ വരിക. ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ കാലമായിരുന്നു അത്. അമ്മ കല്യാണി രാവിലെ മുറ്റത്ത് ചാണകം മെഴുകി മണിക്കൂറുകളെടുത്ത് ഉണ്ടാക്കുന്ന പൂക്കളം കാണാൻ ഞങ്ങൾ മക്കൾ അഞ്ചു പേരും ചുറ്റും കൂടും. ഓണത്തിന് മാത്രമല്ല, അത്തം മുതല്‍ വീട്ടിൽ എന്നും വലിയ പൂക്കളമായിരുന്നു. പത്താം ക്ലാസുവരെ ഇങ്ങിനെയായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് 1987 ൽ നാവിക സേനയിൽ സെയിലർ – മ്യുസിഷനായി ജോലി കിട്ടി. മുംബൈയിലായിരുന്നു നിയമനം. അച്ഛൻ്റെ കീഴിൽ കുറേ കാലം ഓടക്കുഴൽ പഠിച്ചിരുന്നു. മുംബൈയിലെ ക്വാർട്ടേഴ്സിലെ ഒരു മുറിയിലാണ് പൂക്കളമിട്ടിരുന്നത്.
 
 
മുംബൈ മലയാളികളുടെ ഓണാഘോഷം മൂന്നും നാലും മാസം നീണ്ടു നിൽക്കും. ഓണാഘോഷത്തിലെ കലാപരിപാടികളിൽ ഗാനമേളയും മറ്റും ഉണ്ടാകും. എല്ലാ ഓർക്കസ്ട്രയിലും ഓടക്കുഴൽ വായിക്കും. നാലു വർഷം ഡൽഹിയിൽ രാഷ്ട്രപതി ഭവനിൽ ഇൻഹൗസ് ബാൻ്റിൻ്റെ ഇൻചാർജായിരുന്നു. എ.പി.ജെ. അബ്ദുൾ കലാം രാഷ്ട്രപതിയായിരുന്നപ്പോഴാണിത്. രാഷ്ട്രപതി ഭവനിലെ ക്വാർട്ടേഴ്സിലായിരുന്നു താമസം. അന്നും ക്വാർട്ടേഴ്സിനു മുന്നിൽ പൂക്കളമിടുമായിരുന്നു. ഇവിടെ പ്രവാസികളുടെ ഓണാഘോഷം ഗംഭീരമാണ്. മാസങ്ങളോളം നീളുന്ന ആഘോഷം.
 
 

ശനി, ഞായർ ദിവസങ്ങളിൽ തിരുവാതിരക്കളി അടക്കമുള്ള കലാപരിപാടികളുണ്ടാകും. കഥകളി, ഓട്ടൻതുളളൽ എന്നിവയും കാണും. 2009ൽ മുംബൈയിൽ തിരിച്ചെത്തി നേവൽ സ്ക്കൂൾ ഓഫ് മ്യൂസിക്കിൽ ചീഫ് ഇൻസ്ട്രക്ടറായി. 2014 ൽ നാവിക സേനയിൽ നിന്ന് വിരമിച്ച് ഡൽഹിയിൽ കോസ്റ്റ് ഗാർഡിൽ മ്യൂസിക്ക് ഹെഡ്ഡായിചേർന്നു. ന്യൂഡൽഹി സാദിഖ് നഗര്‍ സൗത്ത്‌ എക്സ്റ്റൻഷനിലാണ് താമസം. പ്രസിഡണ്ടിൻ്റെ വിശിഷ്ട സേവാമെഡൽ ലഭിച്ചിട്ടുണ്ട്. ഭാര്യ സാജിനാഥ് ഗായികയാണ്. മക്കളായ നന്ദന, ആനന്ദ് എന്നിവരും സംഗീത രംഗത്തുണ്ട്. കഴിഞ്ഞ വർഷം ഡൽഹിയിൽ കോവിഡ് വ്യാപിച്ചതോടെ ഓണാഘോഷം ഇല്ലാതായി. ഡൽഹി മലയാളി അസോസിയേഷനും മറ്റും ഇത്തവണ ഓൺലൈനിലാണ് ഓണം ആഷോഷിക്കുന്നത്.

4 thoughts on “ഓർമ്മയിലെന്നും നാട്ടിലെ അന്നത്തെ വലിയ പൂക്കളം

  1. Super sir.. സപ്തസ്വരപദങ്ങൾ പാദസ്വരം അണിഞ്ഞു പുല്ലാൻകുഴലിലൂടെവികൃതി കളിച്ചു വരുമ്പോൾ വെറുതെ വിരലുകൾ കൊണ്ട് അവയെ സ്ഥാനത്തു നിർത്തുന്ന സർഗ്ഗന്മനസ്സുള്ള നരൻ സാറിന്റെ അത്തപ്പൂക്കളത്തിന്റെ ഓർമ്മക്കൊരു മുത്തം…

  2. I still recall those great moments with you and your coast guard team in Noida Sec 24. Nath sir, you are indeed an amazing musician.

  3. ആ നാളുകൾ മങ്ങാത്ത ഓർമകളായി എന്നും നീലനിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *