ഓർമ്മകൾ ഓടിക്കളിക്കുന്ന കലാലയത്തിലേക്ക് വീണ്ടും
കെ.കെ.മേനോൻ
1973-75 കാലങ്ങളിൽ ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടെ കൂടെ വീണ്ടും കലാലയത്തിലേക്ക്
കൗമാര യൗവന കാലങ്ങളിൽ കലാലയ ജീവിതം സമ്മാനിച്ച പ്രണയ വിചാരങ്ങളും നൊമ്പരങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും രതിയും കാമവും അനുഭവിക്കാത്തവർ വളരെ വിരളമായിരിക്കും. കലാലയ ജീവിതം നമുക്ക് സമ്മാനിച്ച അവിസ്മരണീയമായ ഓർമ്മകൾ പൂത്തു നിൽക്കുന്ന വർണ്ണപുഷ്പങ്ങൾ പോലെ നിറഞ്ഞ മഴവില്ല് പോലെ മനസ്സിന്റെ ക്യാൻവാസിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു.
എത്രയോ മുഖങ്ങൾ, അനുഭവങ്ങൾ. യാത്ര പോലും പറയാത്ത വേർപാടുകൾ അങ്ങനെ നിരവധി ഓർമ്മകൾ മനസ്സിലൂടെ കടന്നുപോകുന്നു. പറയാൻ മറന്ന, പങ്കുവെക്കുവാൻ കഴിയാതെ പോയ പരിഭവങ്ങൾ മനസ്സിന്റെ അകത്തളങ്ങളിൽ ഇന്നും സ്പന്ദിച്ചുകൊണ്ടിരിക്കുന്നു. അന്ന് കണ്ട മുഖങ്ങളിൽ പലരും, ഈ ലോകത്തോട് യാത്ര പറഞ്ഞു പോയിരിക്കുന്നു. കോളേജ് ജീവിതം കഴിഞ്ഞ് 47 വർഷത്തിൽ ഒരിക്കലെങ്കിലും കാണാൻ സാധിക്കാതെ, യാത്ര പറയാൻ പോലും കഴിയാതെ നമ്മെ വിട്ടുപിരിഞ്ഞു പോയവർ.
1973-75 കാലങ്ങളിൽ ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽ കൂടെയുണ്ടായിരുന്ന രണ്ടുപേരുടെ കൂടെ ഈ അടുത്ത ദിവസം ആ കലാലയം സന്ദർശിക്കുവാൻ ഇടയായി. 47 വർഷങ്ങൾക്ക് ശേഷം, അതും അന്നെനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നവരുടെ കൂടെ. കലാലയത്തിനകത്തേക്ക് കാലെടുത്തു വെച്ചപ്പോൾ, നഷ്ട സ്വപ്നങ്ങളുടെ ഓർമ്മകളും സഫലീകരിക്കപ്പെടാത്ത പ്രണയ വിചാരങ്ങളും ഒരു വേലിയേറ്റമായി മനസ്സിന്റെ തീരങ്ങളിൽ അലയടിച്ചു കൊണ്ടേയിരുന്നു.
പ്രിൻസിപ്പാളിന്റെ കൂടെ കുറച്ചു സമയം ചെലവഴിച്ചപ്പോൾ, 47 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയായി ഞാൻ അറിയാതെ മാറിക്കഴിഞ്ഞിരുന്നു. ക്ഷമയോടെ ഞങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി നൽകി സഹകരിച്ച പ്രിൻസിപ്പൽ രാജേഷ് സാറിന് എന്റെയും കൂട്ടുകാരികളുടെയും പേരിൽ നന്ദി പറയുന്നു. ക്ലാസ് മുറികൾ ഓരോന്നായി കണ്ടപ്പോൾ ഒരു വിദ്യാർത്ഥിയുടെ ആകാംക്ഷയും നിഷ്കളങ്കതയും ആയിരുന്നു മനസ്സിൽ.
അന്നത്തെ കാന്റീൻ ഇന്നവിടെയില്ല. സ്പോർട്സ് റൂം അവിടെ കാണാൻ കഴിഞ്ഞില്ല. ഫുട്ബോൾ ഗ്രൗണ്ട് ഒരു മാറ്റവും ഇല്ലാതെ ഇന്നും അതേപോലെതന്നെ. ചൂടു പരിപ്പുവടയും ചായയും കഴിക്കാറുള്ള മുതലിയാരുടെ ചായക്കടയും ഓർമ്മയായി. പഴയ കോളേജിന്റെ അന്തരീക്ഷം ആകെ മാറിപ്പോയിരിക്കുന്നു. 1973-75 കാലങ്ങളിൽ ഒന്നു സംസാരിക്കുവാൻ പോലും അവസരം ലഭിക്കാത്ത, രണ്ടുപേർ 47 വർഷങ്ങൾക്ക് ശേഷം കോളേജിലേക്കുള്ള തീർത്ഥയാത്രയിൽ എന്റെ കൂടെ. തീർത്തും അവിശ്വസനീയം. എല്ലാം ഒരു നിയോഗം മാത്രം.
കൂട്ടുകാരികളുമൊത്ത് കോളേജ് അങ്കണത്തിലൂടെ നടന്നു നീങ്ങുമ്പോൾ ആ കാലങ്ങളിൽ ഞാൻ പാടാറുള്ള അഷ്ടപതിയിലെ നായികേ, കരിനീലക്കണ്ണുള്ള പെണ്ണേ, കല്ലോലിനി, മന്ദസമീരനിൽ, വീണപൂവേ എന്നീ അനശ്വര ഗാനങ്ങളുടെ മധുര നൊമ്പര ഈണങ്ങൾ മനസ്സിൽ ഒരു തേങ്ങലായി അലയടിച്ചു കൊണ്ടേയിരുന്നു. കോളേജിൽ നിന്നും മടങ്ങുമ്പോൾ മനസ്സ് വിങ്ങുകയായിരുന്നു. ഇനിയെന്നു കാണും? ആ ചോദ്യമായിരുന്നു എല്ലാവരുടെയും മനസ്സിൽ. നിഷ്കളങ്കമായ നിർമ്മലമായ ദിവ്യ സ്നേഹത്തിന്റെ ഒരു പുനർവായന കുറിച്ച ആ അപൂർവ്വ സമാഗമത്തിന് വിട പറയൽ ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു.
കയ്യിൽ നിന്നും ഒരു പേപ്പർ എടുത്ത് അതിൽ ഒരു ഓർമ്മക്കുറിപ്പ് കുറിക്കുവാൻ അവരോട് ആവശ്യപ്പെട്ടപ്പോൾ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ വാക്കുകൾ ഓർമ്മ വന്നു. ” സ്മരിക്കാൻ, ജീവിക്കാൻ, ദിവ്യ സ്നേഹത്തിൽ കോരിത്തരിക്കാൻ രണ്ടക്ഷരം ഈ ഏടിൽ കുറിക്കില്ലേ” അറിയാതെ ഒഴുകി വന്ന കണ്ണുനീർത്തുള്ളികൾ അവർ കാണാതിരിക്കുവാൻ ഞാനേറെ കഷ്ടപ്പെട്ടു. അവരുടെ മുഖത്തേക്ക് പോലും നോക്കാതെ യാത്ര പോലും പറയാതെ ഞാൻ തിരിഞ്ഞു നടന്നു കാറിൽ കയറി.
കുറച്ചു ദൂരം യാത്ര ചെയ്തപ്പോഴാണ് കാറിന്റെ പുറകിലെ സീറ്റിൽ ഒരു ചെറിയ കവർ ഞാൻ ശ്രദ്ധിച്ചത്. തുറന്നു നോക്കിയപ്പോൾ അതൊരു ബ്ലാക്ക് ആൻഡ് വൈറ്റ്ഫോട്ടോ ആയിരുന്നു.1994 ൽ ആർട്സ് ക്ലബ് മത്സരത്തിന് ഞാൻ പാടുന്ന ഫോട്ടോ. അവരുടെ കയ്യപ്പോടുകൂടി… ” അഷ്ടപതിയിലെ നായികേ” എന്ന അനശ്വര ഗാനം ഞാനന്നു പാടിയതിന്റെ മായാത്ത ഓർമ്മകൾ. ഓർമ്മകളിലൂടെയുള്ള ആ യാത്രയിൽ കാണാത്ത ചിത്രങ്ങൾ മനസ്സിൽ നിറഞ്ഞുനിന്നു. “ഇനിയെന്നു കാണും നമ്മൾ ” കരിമുകിൽ കാട്ടിലെ എന്ന ഗാനത്തിലെ ആ വരികൾ ഒരു മധുരനൊമ്പരകാറ്റായി എന്നെ തലോടികൊണ്ടേയിരുന്നു.(എച്ച്.എം.വി.യിൽ തുടങ്ങി മൂന്നു പതിറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന കെ.കെ.മേനോന്‍ എ.ബി.സി.എൽ. ജനറൽ മനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. )




















