വാക്കുകൾ ഉപയോഗിക്കപ്പെടാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു – ടി.ഡി.രാമകൃഷ്ണൻ
നിരന്തരമായ നവീകരണത്തിലൂടെ മാത്രമേ ഭാഷയെ സംരക്ഷിക്കാൻ സാധിക്കുവെന്നും വാക്കുകൾ ഉപയോഗിക്കപ്പെടാതെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ പറഞ്ഞു. എറണാകുളം ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയുടെ നിലനിൽപ്പിന് മലയാളി എന്ന അഭിമാന ബോധം ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഭരണഭാഷാ ആഘോഷങ്ങളുടെ ആത്യന്തിക ലക്ഷ്യം ഭരണസംവിധാനം സാധാരണക്കാരിലേക്ക് എത്തിക്കുക, ഇടപെടൽ സുഗമമാക്കുക എന്നതാകണം. ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും മനസ്സിലാകുന്ന രീതിയിൽ ആകണം ഭരണഭാഷയുടെ ഉപയോഗം – അദ്ദേഹം പറഞ്ഞു.
മലയാള ഭാഷയുടെ ഭാവി സുരക്ഷിതമാണെന്ന പ്രതീക്ഷയാണ് യുവതലമുറ നൽകുന്നത്.സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി മാറ്റങ്ങൾക്ക് വിധേയമായി ഭാഷയുടെ വിനിയോഗം വർദ്ധിച്ചു വരുകയാണ്. പുതുതലമുറയെ വായനയിലേക്ക് അടുപ്പിക്കാൻ ഇതിലൂടെ ഒരു പരിധിവരെ കഴിയുന്നുണ്ട്. എന്റെ കൃതികൾ വായിച്ച് ഉടനെ പ്രതികരണങ്ങൾ നൽകുന്നത് ചെറുപ്പക്കാരാണ്. ഇത് ഏറെ സന്തോഷം നൽകുന്നുണ്ട്. ഈ അർത്ഥത്തിൽ പുതുതലമുറ വലിയ പ്രതീക്ഷയാണ് നൽകുന്നത് – അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് ജീവനക്കാരായ സൗമ്യ,ആര്യവി.മേനോൻ,വി.ശോഭന, സൗമ്യ എന്നിവർ ചേർന്ന അവതരിപ്പിച്ച മലയാള നൃത്ത ശില്പത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് അധ്യക്ഷത വഹിച്ചു. ഹുസൂർ ശിരസ്തദാർ അനിൽ കുമാർ മേനോൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജുവൽ, ഡെപ്യൂട്ടി കളക്ടർ വി. ഇ അബ്ബാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. ബി ബിജു, സ്പെഷ്യൽ വില്ലേജ് ഓഫീസർ മജു മനോജ് തുടങ്ങിയവർ പങ്കെടുത്തു.