‘നൊസ്റ്റാൾജിയോ-22’ തലമുറകളുടെ സംഗമം18 ന്
കാസർകോട് ഗവ.കോളേജിലെ ജിയോ അലുമിനിയുടെ കുടുംബ സംഗമം ‘നൊസ്റ്റാൾജിയോ-22’ ഡിസംമ്പർ18 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ നാടക രചയിതാവും സിനിമാ ഗാനരചയിതാവും സംവിധായകനും ഭൗമ ശാസ്ത്ര അധ്യാപകനുമായ പ്രൊഫ.ജി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഭൗമശാസ്ത്ര അദ്ധ്യാപനത്തിൽ അമ്പത്തിനാല് വർഷം പൂർത്തിയാക്കുകയും ജിയോളജി വകുപ്പ് തലവൻ, പ്രിൻസിപ്പൽ, കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്ത പ്രൊഫ.ജി. ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിക്കും.
ഭൗമശാസ്ത്ര മേഖലയിൽ വിഭവങ്ങൾ കണ്ടെത്തുന്നതിനും വിനിയോഗിക്കുന്നതിനും ലോകത്തിന് മികച്ച സംഭാവനകൾ നൽകിയ ഒട്ടേറെ പ്രമുഖർ കുടുംബ സംഗമത്തിൽ ഒത്തുചേരും. ഒ.എൻ ജി.സി, ജി.എസ്.ഐ, ഐ.എസ്.ആർ.ഒ, സി.ജി.ഡബ്ല്യു.ബി. എന്നീ സ്ഥാപനങ്ങളില്‍ ഉന്നത പദവികൾ വഹിച്ച ശാസ്ത്രജ്ഞർ അനുഭവങ്ങൾ പങ്കിടും.1962 മുതൽ ജിയോളജി വകുപ്പിൽ പഠിച്ചവരും ഇപ്പോൾ പഠിക്കുന്നവരും സംഗമത്തിനെത്തും. ദീർഘകാലം വകുപ്പ് മേധാവിയും പ്രിൻസിപ്പലും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പരേതനായ പ്രൊഫ. ടി.സി.മാധവപ്പണിക്കർ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും ജി. ഗോപാലകൃഷ്ണൻ നിർവ്വഹിക്കും.
മൺമറഞ്ഞുപോയ ആദ്യ വകുപ്പ് മേധാവി ആർ. രാമചന്ദ്രൻ നായർ തൊട്ട് പല അദ്ധ്യാപകരേയും പൂർവ്വ വിദ്യാർത്ഥികളേയും ചടങ്ങിൽ അനുസ്മരിക്കും. കവി സംഗമം , മാജിക്, വയലിൻ കച്ചേരി, സംഗീത പരിപാടി എന്നിവ ഉണ്ടാകും. ഖത്തറിൽ നടക്കുന്ന അർജന്റീന ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ഫൈനൽ തത്സമയ സംപ്രേക്ഷണത്തോടെ പരിപാടി സമാപിക്കും. ഗവ.കോളേജ് ജിയോ അലുമിനിയും ജിയോളജി ബിരുദാനന്തര ഗവേഷണ വകുപ്പും സംയുക്തമായാണ് പരിപാടി നടത്തുന്നതെന്ന് പ്രൊഫ.വി. ഗോപിനാഥൻ, ഡോ.എ.എൻ മനോഹരൻ എന്നിവർ അറിയിച്ചു.
പരിപാടികളുടെ കൂട്ടത്തിൽ നാടകമില്ലാത്തത് ശരിയായില്ല.