ആറു പതിറ്റാണ്ടിലെ ഓർമ്മകളുമായി നൊസ്റ്റാള്‍ജിയോ- 22
കാസർകോട് ഗവ.കോളേജ് ജിയോളജി വകുപ്പ് ഷഷ്ഠിപൂർത്തി നിറവിൽ. അറുപത് വർഷത്തെ ഓർമ്മകളുമായി കോളേജിൽ പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ കുടുംബ സംഗമം നൊസ്റ്റാൾജിയോ- 22 മധുരാനുഭവമായി. ഇന്ത്യയിലെ പല ഭൗമ ശാസ്ത്ര സ്ഥാപനങ്ങളിലും പ്രവർത്തിച്ചവർ ഒത്തുകൂടി അനുഭവങ്ങൾ പങ്കിട്ടു.
നാടക രചയിതാവും സിനിമാ ഗാനരചയിതാവും സംവിധായകനും ഭൗമ ശാസ്ത്ര അധ്യാപകനുമായ പ്രൊഫ.ജി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം
ചെയ്തു. ലോകത്തിന് ഭൗമ വിഭവങ്ങളും ജീവിത കാലഘട്ടങ്ങളും കാട്ടിക്കൊടുക്കുന്ന കൗതുകകരമായ വിഷയമാണ് ജിയോളജിയെന്ന് അദ്ദേഹം പറഞ്ഞു. പണ്ടു തൊട്ടേ ഈ വിഷയത്തിനുണ്ടായ മൂല്യം അനുദിനം വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാലം വകുപ്പ് മേധാവിയും പ്രിൻസിപ്പലും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പ്രൊഫ.ടി.സി.മാധവപ്പണിക്കർ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും ജി. ഗോപാലകൃഷ്ണൻ
നിർവ്വഹിച്ചു. എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത അധ്യാപക ശ്രേഷ്ഠനായിരുന്നു പ്രൊഫ.ടി.സി മാധവ പണിക്കറെന്ന് അനുസ്മരണത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം കണ്ണൂർ സർവ്വകലാശാല നടത്തിയ ബി.എസ്.സി ജിയോളജി പരീക്ഷയിൽ ഒന്നാമതായി എത്തിയ നവ്യ മോഹനും എം.എസ്.സി ജിയോളജി പരീക്ഷയിൽ ഒന്നാമതായെത്തിയ ശ്രീമോൾ എസ്. നായർക്കുമുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അദ്ദേഹം വിതരണം ചെയ്തു. മെന്റലിസ്റ്റും, ഭൂജല വകുപ്പ് മുൻ ജില്ലാ മേധാവിയുമായി വിരമിച്ച കെ.വി.മോഹനൻ, കവി ദിവാകരൻ വിഷ്ണുമംഗലം, സുനിത കരിച്ചേരി, വിജയൻ ശങ്കരംപാടി , മാധ്യമ പ്രവർത്തകൻ ശശിധരൻ മങ്കത്തിൽ തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു.
ഡോ.എ.എ. അനന്തപത്മനാഭ, പ്രിൻസിപ്പൽ ഡോ.എം. രമ രാധാകൃഷ്ണൻ , ജിയോ അലുമിനി പ്രസിഡണ്ട് പ്രൊഫ. വി. ഗോപിനാഥൻ, വകുപ്പ് മേധാവി ഡോ.എ. എൻ മനോഹരൻ, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ജനറൽ പി.വി.സുകുമാരൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുൻ മെമ്പർ സെക്രട്ടറി ഡോ.കെ.കെ രാമചന്ദ്രൻ, ഗോവ ധ്രുവ സമുദ്ര ഗവേഷണ കേന്ദ്രം. ഡയറക്ടർ ഡോ. തമ്പാൻ മേലത്ത്, ചന്ദ്രശേഖര ഹെന്നാല, പ്രൊഫ എ. ചന്ദ്രശേഖരൻ,
ഡോ.പി. ഹരി നാരായണൻ, ഡോ.എ. ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. ഒ.എൻ.ജി.സി.മുൻ ബേസിൻ മാനേജർ കെ.മുരളീധരൻ ഭൗമ ശാസ്ത്ര ഉപകരണങ്ങളും പുസ്തകങ്ങളും ജിയോളജി വകുപ്പിലേക്ക് നൽകി. Content Highlights: Nostalgeo- 22 family meet at Kasaragod govt. college