ഫിഷറീസ് അക്വാകൾച്ചർ പദ്ധതികൾക്ക് നോർവേ സഹായം
കേരളത്തിൽ നാവിക ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ് രംഗത്തും അക്വാ കൾച്ചർ രംഗത്തും പുതിയ പദ്ധതികൾ നടപ്പിലാക്കാനും നോർവ്വെ സഹായം നൽകും. നോർവേ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രിയായ ജോർണർ സെൽനെസ്സ് സ്കെജറനുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ് യാർഡിൽ കപ്പലുകൾ നിർമ്മിക്കാനുള്ള സാധ്യതകൾ പരിശോധിക്കും.1953 മുതൽ കൊല്ലത്തെ നീണ്ടകരയിൽ നോർവേയുമായി സഹകരിച്ച് നടപ്പിലാക്കിയ പദ്ധതികൾ കേരളത്തിന്റെ ഫിഷറീസ് മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു.
ഈ മേഖലയിലും ഇതോടനുബന്ധിച്ച മറ്റ് മേഖലകളിലും സഹകരണം വർദ്ധിപ്പിക്കുകയും അതുവഴി ഇന്ത്യ നോർവേ നയതന്ത്ര ബന്ധത്തിലെ പ്രധാന കണ്ണിയായി കേരളത്തെ മാറ്റിയെടുക്കണമെന്നും സെൽനെസ്സ് സ്കെജറൻ പ്രതിനിധിസംഘവുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു.