ഗുരുവായൂർ മഞ്ചുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡശില്പം
ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലെ നവീകരിച്ച മഞ്ചുളാൽത്തറയും പുതിയ വെങ്കല ഗരുഡശില്പവും ഭക്തർക്ക് സമർപ്പിച്ചു. ഗുരുവായൂരിലെത്തുന്ന പതിനായിരങ്ങൾക്ക് പുതിയ മഞ്ചുളാൽത്തറയും ഗരുഡശില്പവും ഭക്ത്യാനന്ദമേകും.
മഞ്ചുളാൽത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡ ശില്പവും സ്ഥാപിച്ച് ദേവസ്വത്തിന് വഴിപാടായി സമർപ്പിച്ചത് ചലച്ചിത്ര നിർമ്മാതാവ് വേണു കുന്നപ്പിളളിയാണ്. നവീകരിച്ച മഞ്ചുളാൽത്തറയുടെ സമർപ്പണ ചടങ്ങിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, സംവിധായകൻ ഹരിഹരൻ, വേണു കുന്നപ്പള്ളി, ഉണ്ണി പാവറട്ടി എന്നിവർ സന്നിഹിതരായി.