സംസ്ഥാന വോട്ടർ ദിനാചരണം ഗവർണ്ണർ ഉദ്ഘാടനം ചെയ്തു

ജനാധിപത്യ പ്രക്രിയയിൽ മികച്ച മാതൃകകൾ തീർക്കുന്ന കേരളം നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി മാറണമെന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിപ്രായപ്പെട്ടു.

ദേശീയ വോട്ടർ ദിനാചരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്നിൽ നിർവ്വഹിക്കുകയായിരുന്നു ഗവർണ്ണർ. ജനാധിപത്യത്തോടും വോട്ടിംഗിനോടും എല്ലാക്കാലവും പ്രതിബദ്ധത കാട്ടിയ ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിനായി നിതാന്ത പരിശ്രമം നടത്തുന്ന ബൂത്ത് തലം വരെയുള്ള ഉദ്യോഗസ്ഥരെ ഈ വേളയിൽ അഭിനന്ദിക്കുന്നു.

പുതിയ വോട്ടർമാരെ സംബന്ധിച്ചിടത്തോളം മികച്ച സർക്കാരിനെയും സ്ഥാനാർത്ഥികളെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ വിവേകത്തോടെ വോട്ടിംഗിനെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വോട്ടിംഗ് പ്രക്രിയയ്ക്ക് വിദ്യാഭ്യാസം ആവശ്യമുണ്ട്. സ്ഥാനാർത്ഥികളെ  താരതമ്യപ്പെടുത്തൽ, മികച്ചതിനെ തിരഞ്ഞെടുക്കൽ എന്നിവയാണ് അതിലെ ഘടകങ്ങൾ.

അതേ സമയം നോട്ടക്കുള്ള വോട്ട്  കടമയിൽ നിന്നുള്ള ഒളിച്ചോട്ടമാണോ എന്ന് വോട്ടർമാർ പരിശോധിക്കണം. നമുക്ക് താൽപര്യമുള്ള സർക്കാർ നിലവിൽ വരുന്നതിനുള്ള അവസരം പരമാവധി ഉപയോഗിക്കുകയാണ് വേണ്ടത്. ഏറെ സന്തോഷത്തോടെ വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലാകും തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തുകയെന്നും ഗവർണ്ണർ പറഞ്ഞു.

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രമുൾക്കൊള്ളുന്ന ഫോട്ടോ പ്രദർശനം, ഡിജിറ്റൽ ആർക്കൈവ്സ്, സൊല്യൂഷൻ എന്നിവയുടെ ഉദ്ഘാടനവും ഗവർണ്ണർ നിർവഹിച്ചു. തിരഞ്ഞെടുപ്പിന്റെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സംഭാവന നൽകിയവർക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു.ഖേൽക്കർ, തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ,  ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പ്രസംഗിച്ചു.