അർത്തുങ്കൽ സ്റ്റേഷന് മികവിനുള്ള ദേശീയ പുരസ്ക്കാരം 

അർത്തുങ്കൽ പൊലീസ് സ്റ്റേഷന് മികവിനുള്ള ദേശീയ പുരസ്ക്കാരം  പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ഒ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്ന ബി.ഐ.എസ് അംഗീകാരം ആലപ്പുഴയിലെ അർത്തുങ്കൽ പൊലീസ് സ്റ്റേഷന് ലഭിച്ചു. ഇതിൻ്റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി  റവാഡ ആസാദ് ചന്ദ്രശേഖർ നിർവഹിച്ചു.

കേന്ദ്ര സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷനുകൾക്ക് നൽകുന്ന അംഗീകാരമാണ് അർത്തുങ്കൽ പൊലീസ് സ്റ്റേഷന് ലഭിച്ചത്. ബി.ഐ.എസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സതേൺ റീജിയൺ പ്രവീൺ ഖന്ന അർത്തുങ്കൽ പൊലീസ് സ്റ്റേഷനിൽ  നടന്ന പരിപാടിയിൽ സർട്ടിഫിക്കറ്റ് കൈമാറി.

ക്രമസമാധാന ചുമതലയുള്ള  എ.ഡി. ജി.പി.എച്ച്. വെങ്കിടേഷ് അധ്യക്ഷനായി. സൗത്ത് സോൺ ഐ. ജി.എസ്.ശ്യാം സുന്ദർ, എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ എസ്. സതീഷ് ബിനോ, ജില്ലാ പൊലീസ് മേധാവി എം. പി.മോഹനചന്ദ്രൻ, ചേർത്തല എ.എസ്.പി ഹരിഷ് ജയിൻ തുടങ്ങിയവർ പങ്കെടുത്തു.

അംഗീകാരത്തിനു മുന്നോടിയായി ചെന്നൈയിലെ ദക്ഷിണമേഖല ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് ഓഫിസിലെ വിദഗ്ധ സംഘം ആറുമാസം മുമ്പ് സ്റ്റേഷനിലെത്തി ആദ്യഘട്ട പരിശോധന നടത്തി തുടർന്ന് ഒട്ടേറെ പരിശോധനകൾക്കുശേഷം കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്.

ക്രമസമാധാനപാലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലെ ഗുണമേന്മ, പരാതികൾ തീർപ്പാക്കുന്നതിലെ വേഗത, അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, ഹരിത പെരുമാറ്റച്ചട്ടം, ഫയലുകൾ സൂക്ഷിക്കുന്നതിലെ കൃത്യത, ഉദ്യോഗസ്ഥരുടെ മികച്ച പെരുമാറ്റം. ദൈനംദിന പ്രവർത്തനങ്ങളിൽ ആധുനിക സംവിധാനം പ്രയോജനപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് അംഗീകാരം.