നമീബിയയിലെ ചീറ്റകൾ ഇന്ത്യയുടെ മണ്ണിൽ പറന്നിറങ്ങി
പ്രധാനമന്ത്രി നരേന്ദ്ര മോദി കൂനോ നാഷണൽ പാർക്കിൽ ചീറ്റകളെ തുറന്നു വിട്ടു
ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് പറന്നെത്തിയ എട്ട് ചീറ്റപ്പുലികൾ ഇന്ത്യയുടെ മണ്ണിൽ കാൽ കുത്തി. നമീബിയയുടെ തലസ്ഥാനമായ വിൻഡ്ഹോക്കിൽ നിന്ന് ശനിയാഴ്ച വിമാനത്തിൽ ഗ്വാളിയോറിലെത്തിച്ച എട്ട് ചീറ്റകളിൽ മൂന്നെണ്ണത്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കൂനോ നാഷണൽ പാർക്കിൽ തുറന്നു വിട്ടു.
ബാക്കിയുള്ളവയെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തുറന്നു വിട്ടത്. മോദിയുടെ 72-ാം ജന്മദിനം കൂടിയായിരുന്നു ശനിയാഴ്ച്ച. ഇന്ത്യയുടെ അതിഥികളായി എത്തിയ ചീറ്റകളെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരിപാലിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തുമെന്ന്
പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഇവ വംശനാശം സംഭവിച്ചതായി 1952ൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവയെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ലെന്ന് മോദി പറഞ്ഞു. തുറന്നു വിട്ട ഉടൻ ചീറ്റകളെ പ്രധാനമന്ത്രി ക്യാമറയിൽ പകർത്തി.
ദേശീയോദ്യാനത്തിൽ ക്വാറൻ്റൈൻ കേന്ദ്രത്തിലേക്കാണ് ഇവയെ തുറന്നു വിട്ടിരിക്കുന്നത്. ഒരു മാസത്തിനു ശേഷം വലിയ പ്രദേശത്തേക്ക് വിടും. നമീബിയയിലെ ഒട്ട്ജിവറോങ്കോയിലെ ചീറ്റ സംരക്ഷണ കേന്ദ്രത്തിൽ കമ്പി വലകളാൽ ചുറ്റപ്പെട്ട ‘ബൊമാസ് ‘ എന്ന ക്യാമ്പിലാണ് ഈ ചീറ്റകളെ പാർപ്പിച്ചിരുന്നത്. ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി പാർപ്പിച്ച ഇവയ്ക്ക് സാറ്റലൈറ്റ് കോളർ ഘടിപ്പിച്ചിട്ടുണ്ട്.
എട്ട് ചീറ്റകളിൽ അഞ്ചെണ്ണം പെണ്ണും മൂന്നെണ്ണം ആണുമാണ്. രണ്ടു മുതൽ അഞ്ച് വയസ്സുവരെ പ്രായമുള്ളവ. ഏഷ്യൻ ചീറ്റകളാണ് ഇന്ത്യയിലുണ്ടായിരുന്ന വർഗ്ഗം. ഇപ്പോൾ ഇറാനിൽ മാത്രമാണ് ഈ ഇനത്തിൽപ്പെട്ട 12 എണ്ണമുള്ളത്. ലോകത്ത് ബാക്കിയുള്ളവ ആഫ്രിക്കൻ ചീറ്റകളാണ്. ആഫ്രിക്കൻ ചീറ്റകളുടെ എണ്ണം7100 ആണ്. Content Highlights: Narendra Modi released cheetahs in the Kuno National Park