നാരായണീയ ദിനാഘോഷം ഡിസം.13 ന്; സപ്താഹം തുടങ്ങി

ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി നാരായണീയ സപ്താഹം  തുടങ്ങി. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചതോടെയാണ് സപ്താഹത്തിന് തുടക്കമായത്.

തുടർന്ന് മഹാത്മ്യപ്രഭാഷണം നടന്നു. ചടങ്ങിൽ ദേവസ്വം വേദ-സംസ്കാര പഠന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി, പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ  കെ.ജി.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. തോട്ടം ശ്യാം നമ്പൂതിരിയും ഡോ.വി.അച്യുതൻകുട്ടിയുമാണ് നാരായണീയ സപ്താഹ ആചാര്യന്മാർ. ദിവസവും രാവിലെ ഏഴിന് സപ്താഹം തുടങ്ങും.

നാരായണീയ ദിനമായ ഡിസംബർ 13ന് രാവിലെ ഏഴ് മണി മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ  സമ്പൂർണ്ണ നാരായണീയ പാരായണം ഉണ്ടാകും. ആദ്ധ്യാത്മിക ഹാളിൽ നടക്കുന്ന പാരായണത്തിന് ഡോ.വി.അച്യുതൻകുട്ടി നേതൃത്വം നൽകും. രാവിലെ 9.30 മുതൽ നാരായണീയം സെമിനാർ കൗസ്തുഭം റെസ്റ്റ് ഹൗസിനു സമീപമുള്ള നാരായണീയം ഹാളിൽ നടക്കും.

ഗുരുവായൂരപ്പൻ്റെ പരമഭക്തനായ മേൽപുത്തൂർ നാരായണ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ച വൃശ്ചികം ഇരുപത്തിയെട്ടാം തീയതിയാണ് ദേവസ്വം നാരായണീയ ദിനമായി ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *