ചെളിയിൽ ആവേശം തീർത്ത് മഡ് ഫുട്ബോൾ ടൂർണമെന്റ്

പുഞ്ചവയലിലെ ചെളിയിൽ ഫുട്ബോൾ ആവേശം അലതല്ലിയപ്പോൾ കാണികൾ കരഘോഷം മുഴക്കി. കോഴിക്കോട് റൊയാട് ഫാമിലെ പുഞ്ചവയല്‍ പാടത്തെ വയല്‍ വരമ്പിന്റെ അതിരുകള്‍ക്കുള്ളില്‍ ഫുട്ബോള്‍ ആവേശം അണപൊട്ടിയപ്പോള്‍ മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകൾക്ക് നിറപ്പകിട്ടാര്‍ന്ന തുടക്കം.

ചെളിയിലും കുതിരാത്ത ആവേശത്തിന് കയ്യടിച്ച് വരമ്പത്ത് കാണികളും അണിനിരന്നതോടെ കയാക്കിങ് ചാമ്പ്യൻഷിപ്പിന് ആരവമുയർന്നു. ആഗസ്റ്റ് 4, 5, 6 തിയ്യതികളിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിൻ്റെ ഭാഗമായാണ് മഡ് ഫുട്‌ബോൾ അരങ്ങേറിയത്.

ടൂർണമെന്റിന്റെ ഉദ്ഘാടനം ഡോ.എം.കെ മുനീർ എം.എൽ.എ  നിർവ്വഹിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ. പി അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ. മുഖ്യാതിഥിയായി. വിവിധ ക്ലബ്ബുകളില്‍ നിന്നായി നാല് ടീമുകളാണ് പുഞ്ചവയൽ പാടത്തെ ചെളിക്കളത്തില്‍ ഫുട്ബോള്‍ ആവേശം തീര്‍ത്തത്.

മത്സരത്തിൽ രജ്ഞന എഫ്.സി. ജാറക്കണ്ടി ജേതാക്കളായി. ചാലഞ്ച് വി.ഒ.ടിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് രജ്ഞന എഫ്. സി. ജേതാക്കളായത്. ചാലഞ്ച് വി.ഒ.ടി യും, ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരിയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. വിജയികൾക്കുള്ള സമ്മാനങ്ങൾ ലിന്റോ ജോസഫ് എം.എൽ.എ. വിതരണം ചെയ്തു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, നാസർ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഹന എസ്.പി, ഒയിസ്ക പ്രസിഡന്റ് അഡ്വ.ജയപ്രശാന്ത്, സെക്രട്ടറി കെ.ടി. സെബാസ്റ്റ്യൻ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *