ചെങ്കല്‍, കരിങ്കല്‍ ഖനനത്തിന് ക്വാറീയിങ് പെർമിറ്റും ലീസും എങ്ങനെ സമ്പാദിക്കാം
ടി. കെ. രാമകൃഷ്ണൻ
റിട്ട. അഡീഷണൽ ഡയരക്ടർ, സംസ്ഥാന മൈനിങ് ആൻ്റ് ജിയോളജി വകുപ്പ്
2015 ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിലെ വ്യവസ്ഥകൾക്കു വിധേയമായാണ് മൈനിങ് ആന്റ് ജിയോളജി വകുപ്പ് ക്വാറിയിങ് പെർമിറ്റും ലീസും അനുവദിക്കുന്നത്. ക്വാറിയിങ് പെർമിറ്റ് അനുവദിക്കുന്നത് വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ നിന്നാണ്. ചട്ടങ്ങളിലെ ഫോം A യിൽ ജില്ലാ ജിയോളജിസ്റ്റിനാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി ഹാജരാക്കേണ്ടതാണ്.
1 . വില്ലേജ് ഓഫീസർ അനുവദിക്കുന്ന അപേക്ഷാ സ്ഥലത്തിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റ് .
2. വില്ലേജ് ഓഫീസർ അനുവദിക്കുന്ന അപേക്ഷാ സ്ഥലത്തിന്റെ സർവ്വേ
മാപ്പ്. (സർവ്വേ മാപ്പിൽ ഖനനം ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം പ്രത്യേകം അടയാളപ്പെടുത്തേണ്ടതാണ്. അപേക്ഷാ സ്ഥലം ഉൾപ്പെടുന്ന സ്ഥലത്തിന്റെ ജില്ല, താലൂക്ക്, വില്ലേജ് സർവ്വേ നമ്പർ, സ്ഥലത്തിന്റെ വിസ്തീർണ്ണം എന്നിവ രേഖപ്പെടുത്തിയിരിക്കണം.)
3. ഖനനം ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം അളന്ന് അതിന്റെ അതിരുകളിൽ പില്ലറുകൾ സ്ഥാപിച്ച് വേർതിരിച്ചിട്ടുണ്ടെന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
4. അപേക്ഷാ സ്ഥലംറവന്യു വകുപ്പ് മറ്റേതെങ്കിലും ആവശ്യത്തിന് പതിച്ചു കൊടുത്തിരുന്ന സ്ഥലമല്ലെന്ന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം.
5. അപേക്ഷാ സ്ഥലം അപേക്ഷകന്റെ കൈവശാവകാശത്തിലല്ലായെങ്കിൽ സ്ഥലമുടമ അപേക്ഷകന് 200 രൂ
മുദ്രപത്രത്തിൽ എഴുതി നൽകുന്ന നോട്ടറി സാക്‌ഷ്യപ്പെടുത്തിയ സമ്മതപത്രം. (മുദ്രപത്രം സ്ഥലമുടമയുടെ പേരിൽ വാങ്ങേണ്ടതാണ്).
6. അപേക്ഷാ സ്ഥലം റവന്യു പുറമ്പോക്ക് ആണെങ്കിൽ സ്ഥലത്ത് ഖനനം ചെയ്യുന്നതിന് ബന്ധപ്പെട്ട ജില്ലാ കലക്ടർ നൽകുന്ന N. O. C.
7. അപേക്ഷാ സ്ഥലം ഏതെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ കൈവശമാണെങ്കിൽ സ്ഥലത്ത് ഖനനം ചെയ്യുന്നതിന് സ്ഥാപനത്തിന്റെ സെക്രട്ടറി നൽകുന്ന N.O.C
ഈ രേഖകൾ സഹിതമുള്ള അപേക്ഷകൾ ജില്ലാ ജിയോളജിസ്റ്റിന് സമർപ്പിച്ചാൽ ജിയോളജിസ്റ്റിന്റെ ഓഫീസില്‍ നിന്ന് സ്ഥല പരിശോധന നടത്തുന്നതാണ്. മേൽ പറഞ്ഞ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം ഖനനത്തിന് അനുമതി നൽകാമെന്ന് ജിയോളജിസ്റ്റിന് ബോധ്യപ്പെടുന്ന
പക്ഷം ഖനനത്തിന് ആവശ്യമായ മറ്റു രേഖകൾ കൂടി ഹാജരാക്കണമെന്നു കാണിച്ച് അപേക്ഷകന് Letter of intent നൽകുന്നതാണ്.
ഈ ലെറ്ററിൽ താഴെ പറയുന്ന രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെടുന്നത്.
1 കേരള സ്റ്റേറ്റ് പൊല്ലൂഷൻ കൺട്രോൾ ബോർഡിന്റെ ജില്ലാ ഓഫീസ് നൽകുന്ന CONSENT TO OPERATE.
2. P. E. S. O നൽകുന്ന Explosive licence.
3. State Environment Impact Assessment Authority നൽകുന്ന Environmental clearance.
4. അപേക്ഷാ സ്ഥലത്ത് ഖനനം ചെയ്യുന്നതിനു വേണ്ടി Recognised Qualified person തയ്യാറാക്കി ബന്ധപ്പെട്ട ജിയോളജിസ്റ്റ് അംഗീകരിച്ച മൈനിങ് പ്ലാൻ.
5. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനം നൽകുന്ന ലൈസൻസ്.
o ചെങ്കല്‍ ഖനനത്തിന് Environment clearance , Mining plan എന്നിവ മാത്രമാണ് Letter of Intent ലൂടെ ആവശ്യപ്പെടുന്നത്.
o ക്വാറിയിങ് പെർമിറ്റിന്റെ പരമാവധി കാലാവധി ഒരു വർഷമാണ്. ഒരേ സ്ഥലത്തു നിന്നും അഞ്ച് വർഷം വരെ ക്വാറീയിങ് പെർമിറ്റ് പ്രകാരം ഖനനം ചെയ്യാൻ അനുമതി പുതുക്കി നൽകാവുന്നതാണ്. ഒരു ഹെക്ടർ വരെ വിസ്തീർണ്ണം വരുന്ന സ്ഥലത്തേയ്ക്കു മാത്രമാണ് ക്വാറിയിങ് പെർമിറ്റ് അനുവദിക്കുന്നത്.
o ക്വാറീയിങ് ലീസിന്റെ കുറഞ്ഞ കാലാവധി അഞ്ച് വർഷവും പരമാവധി കാലാവധി 12 വർഷവുമാണ്. ലീസ് അനുവദിക്കുന്ന സ്ഥലത്തിന്റെ ഏറ്റവും കുറഞ്ഞ വിസ്തീർണ്ണം ഒരു ഹെക്ടർ ആണ്. ക്വാറീയിങ്ലീസ് അനുവദിക്കുന്നത് മൈനിങ് ആന്റ് ജിയോളജി ഡയറക്ടറാണ്. അപേക്ഷ നൽകേണ്ടത് ചട്ടങ്ങളിലെ ഫോം B ൽ ആണ്. ജില്ലാ ജിയോളജിസ്റ്റ് മുഖേനയാണ് ഡയറക്ടർക്ക് അപേക്ഷ നൽകേണ്ടത്.
o ക്വാറിയിങ് ലീസിനു വേണ്ടി നൽകുന്ന അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട സർവ്വേ മാപ്പിൽ ഒപ്പ് വയ്ക്കേണ്ടതും ഡീമാർക്കേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടതും ബന്ധപ്പെട്ട തഹസിൽദാറാണ്.
o ലെറ്റർ ഓഫ് ഇന്റന്റ് നൽകിയ ശേഷം ആവശ്യപ്പെട്ട രേഖകൾ ജിയോളജി വകുപ്പിൽ ഹാജരാക്കുന്ന മുറയ്ക്ക് അത് പരിശോധിച്ച് പെർമിറ്റോ ലീസോ അനുവദിക്കും.