ഗുരുവായൂരിൽ മേൽപ്പുത്തൂർ ചെയർ സ്ഥാപിക്കും-ദേവസ്വം ചെയർമാൻ

ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ മേൽപ്പുത്തൂർ നാരായണ ഭട്ടതിരി ചെയർ ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു. ഭക്തജനങ്ങൾക്ക് പ്രയോജനകരങ്ങളായ പല ഗ്രന്ഥങ്ങളുടെയും പണിപ്പുരയിലാണ് ദേവസ്വം പ്രസിദ്ധീകരണ സമിതിയെന്നും ചെയർമാൻ അറിയിച്ചു. നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഹിമാലയത്തോളം ഔന്നത്യം പുലർത്തുന്ന ശ്രീശങ്കരാചാര്യർ, മേൽപ്പുത്തൂർ നാരായണ ഭട്ടപാദർ എന്നിവരെ സംഭാവന ചെയ്ത നാടാണ് കേരളമെന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര സർവ്വകലാശാല ഗുരുവായൂർ കാമ്പസ് മുൻ ഡയറക്ടർ ഡോ.കെ. ടി.മാധവൻ പറഞ്ഞു.

ഭക്തി അത്ര ലളിത മാർഗ്ഗമല്ല. ആദ്യ ശ്ലോകം മുതൽ അവസാനശ്ലോകം വരെ ഭക്തി രസം നിറഞ്ഞു തുളുമ്പുന്ന സ്തോത്രകാവ്യമാണ് നാരായണീയം. മേൽപുത്തൂർ അനുസ്മരണ പ്രഭാഷണവും അദ്ദേഹം നിർവ്വഹിച്ചു. പ്രക്രിയാ സർവസ്വം രണ്ടാം പതിപ്പിൻ്റെ പ്രകാശനവും  നിർവ്വഹിച്ചു.

കൃഷ്ണനാട്ടം കഥാ സംഗ്രഹമടങ്ങുന്ന ലഘു പുസ്തകത്തിൻ്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ഡോ.കെ. ടി.മാധവനെയും പ്രക്രിയാ സർവസ്വം രണ്ടാം പതിപ്പിൻ്റെ  നിർമ്മാണത്തിൽ മുഖ്യ പങ്കു വഹിച്ച പ്രൊഫ. ഇ.ആർ. നാരായണനെയും ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആദരിച്ചു. ദേവസ്വം വേദ-സംസ്കാര പഠന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി ചടങ്ങിൽ സന്നിഹിതനായി.

നാരായണീയ ദശക പാഠമത്സര വിജയികൾക്ക് സമ്മാനങ്ങൾനൽകി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *