മാധ്യമ പ്രവർത്തകർ ഓടിക്കൂടി, ക്യാമറകൾക്ക് നടുവിൽ ഉമ്മൻ ചാണ്ടി

ശശിധരന്‍ മങ്കത്തില്‍

മാധ്യമ പ്രവർത്തകരെ വലിയ ഇഷ്ടമായിരുന്നു
കുഞ്ഞൂഞ്ഞായി അറിയപ്പെടുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്. എല്ലാ ചോദ്യങ്ങൾക്കും സന്തോഷത്തോടെ ചിരിച്ചു കൊണ്ടു മാത്രമേ അദ്ദേഹം മറുപടി പറയുന്നത് കണ്ടിട്ടുള്ളൂ. കുഴപ്പിക്കാനും വെട്ടിലാക്കാനുമുള്ള ചില മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ ക്ഷമയോടെ അദ്ദേഹം നേരിടും. അതും ചിരിച്ചു കൊണ്ടു തന്നെ. എല്ലായിടത്തും ഒരു കുഞ്ഞൂഞ്ഞ് സ്റ്റൈൽ. ക്ഷമ, സഹനശക്തി, മനുഷ്യ സ്നേഹം ഇതാണ് കൈമുതൽ.

എന്ത് സംഭവമുണ്ടായാലും അത് പഠിച്ച് കാര്യകാരണങ്ങൾ വിശകലനം ചെയ്ത് നടപടിയെടുക്കാനുമുള്ള കഴിവും മാതൃക തന്നെ. വലുപ്പചെറുപ്പമില്ലാതെ എല്ലാ മാധ്യങ്ങള്‍ക്കും അദ്ദേഹം ഇൻ്റർവ്യു നൽകുമായിരുന്നു. എഴുതി വെച്ച് ഒന്നും പറയാറില്ല. പ്രസംഗവും ഇങ്ങനെ


തന്നെ. ജനസമ്പർക്ക പരിപാടി കഴിഞ്ഞ കാലത്ത് അദ്ദേഹത്തിൻ്റെ കൈയിൽ ഒരു റ്റൈറ്റിങ്ങ് പാഡ് കാണാമായിരുന്നു. ആര് എന്ത് സഹായം ചോദിച്ചാലും എല്ലാം പുസ്തകത്തിൽ കുറിച്ചിടും. ഒരു ജേർണലിസ്റ്റിനെ പോലെ. ആളുകളുടെ പ്രശ്നത്തിൽ തുടർ നടപടിയെടുത്ത് കാര്യങ്ങൾ ശരിയാക്കി കൊടുക്കാനാണിത്.

മുതിർന്ന മാധ്യമ പ്രവർത്തകനായ രാജ് ദീപ് സര്‍ദേശായി ഒരിക്കൽ ഡൽഹി കേരള ഹൗസിൽ വെച്ച് ഉമ്മൻ ചാണ്ടിയെ ഇൻ്റർവ്യു ചെയ്തതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് – ‘സോളാർ വിവാദം കത്തിനിൽക്കുന്ന സമയത്തെ ഇൻ്റർവ്യു അത്ര സോഫ്റ്റായിരുന്നില്ല. പുഞ്ചിരിയോടെയാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലിരുന്നത്. ചോദ്യ ശരങ്ങൾക്ക് ശേഷവും അദ്ദേഹത്തിൻ്റെ പുഞ്ചിരി മാഞ്ഞില്ല. മറ്റേതെങ്കിലും മുഖ്യമന്ത്രിയായിരുന്നെങ്കിൽ എന്നോട് ദേഷ്യപ്പെടുമായിരുന്നു. ചായസൽക്കാരം നടത്തിയാണ് എന്നെ അദ്ദേഹം യാത്രയാക്കിയത് ‘.

കേന്ദ്ര ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജി ബെംഗളുരുവിൽ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എത്തിയപ്പോഴുള്ള

സംഭവങ്ങൾ ഓർത്തു പോവുകയാണ്. ഉച്ചവരെയുള്ള യോഗം കഴിഞ്ഞ് ധനമന്ത്രിയുടെ വിശദീകരണമുണ്ടായി. പിന്നീട് എല്ലാവരും ഹാളിൽ നിന്നിറങ്ങി. പല മുഖ്യമന്ത്രിമാർക്ക് പിന്നാലെയും മൈക്കുമായി ചാനൽ പ്രവർത്തകർ നടന്നെങ്കിലും മിക്കവരും ഒന്നും പറയാതെ ഒഴിഞ്ഞുമാറി.

തമിഴ്നാട് മുഖ്യമന്ത്രി പനീർശെൽവവും മറ്റ്‌ മുഖ്യമന്ത്രിമാരും സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും ഉമ്മൻ ചാണ്ടിയെയാണ് മാധ്യമ പ്രവർത്തകർ പൊതിഞ്ഞത്. ഉമ്മൻ ചാണ്ടിക്കു മുന്നിൽ മാധ്യമ പ്രവർത്തകർ കൂടി നിൽക്കുന്നത് കണ്ട് എന്തെങ്കിലും എക്സ്ക്ലൂസീവ് കിട്ടുമെന്ന് കരുതി
ആ പരിസരത്തെ ടി.വി.ചാനലുകളെല്ലാം ഓടിയെത്തി. അദ്ദേഹത്തിൻ്റെ

മുന്നിൽ നിറയെ ക്യാമറ. പിന്നിൽ നിന്ന് മാധ്യമ പ്രവർത്തകരുടെ ഉന്തും
തള്ളും. മുഖ്യമന്ത്രിക്കാണെങ്കിൽ നിൽക്കാൻ തന്നെ സ്ഥലമില്ലാതായി. പക്ഷെ ക്ഷമയോടെ അതെല്ലാം അദ്ദേഹം ആസ്വദിച്ചു.

മുല്ലപ്പെരിയാർ പ്രശ്നവും കർണ്ണാടകയിലേക്കുള്ള രാത്രിയാത്രാ നിരോധനവുംമൊക്കെ ചൂടുപിടിച്ചു നിൽക്കുന്ന സമയമായതിനാൽ അതേ കുറിച്ചായിരുന്നു ചോദ്യങ്ങൾ. തമിഴ്നാട് മുഖ്യമന്ത്രി പനീർശെൽവം പങ്കെടുത്തതിനാൽ അദ്ദേഹവുമായി മുല്ലപ്പെരിയാർ പ്രശ്നം എപ്പോഴെങ്കിലും ചർച്ച ചെയ്തോ എന്ന ചോദ്യമുയർന്നു. തലേന്ന് പനീർശെൽവത്തെ നേരിൽ കണ്ടിരുന്നുവെന്നും മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ കേരളവുമായി ഒത്തുചേർന്ന് പ്രവർത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

രാത്രിയാത്രാ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാൻ പിന്നീട് ഉമ്മൻ ചാണ്ടി പ്രത്യേക പത്ര സമ്മേളനം വിളിച്ചിരുന്നു. മലയാളികളായ മാധ്യമ പ്രവർത്തകരെ കണ്ട് പരിചയപ്പെടാൻ കൂടിയായിരുന്നു ഇത്. എം.പി.മാരായ എം. ഐ. ഷാനവാസും എം.കെ.രാഘവനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. രണ്ടു ദിവസത്തോളം ബെംഗളൂരു താജ് വിവാൻ്റ ഹോട്ടലിൽ താമസിച്ചിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ട് പ്രശ്‌നങ്ങൾ പറയാൻ പല മലയാളി അസോസിയേഷൻ്റെയും പ്രതിനിധികളടക്കം ഒട്ടേറെ ആളുകൾ ഹോട്ടലിൽ എത്തിയിരുന്നു.

അന്ന് ആർക്കും കയറി ഇറങ്ങാവുന്ന സ്ഥലമായിരുന്നു കുഞ്ഞൂഞ്ഞിൻ്റെ മുറി. അതെ…. മലയാളികൾക്ക് എളുപ്പം എത്തിപ്പെടാവുന്ന പ്രിയപ്പെട്ട മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *