മാതൃഭൂമി ശതാബ്ദി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ഉൾക്കൊണ്ട് ഇന്ത്യയുടെ സ്വാതന്ത്യ സമരത്തെ ശക്തിപ്പെടുത്താൻ പിറന്ന പത്രമാണ് മാതൃഭൂമിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് ഓൺലൈനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊളോണിയൽ ഭരണത്തിനെതിരെ നമ്മുടെ രാജ്യത്തെ ജനങ്ങളെ
ഒന്നിപ്പിക്കാൻ ഇന്ത്യയിലുടനീളം സ്ഥാപിച്ച പത്രങ്ങളുടെയും മാസികകളുടെയും മഹത്തായ പാരമ്പര്യത്തിൻ്റെ പ്രധാന ഭാഗമാണ് മാതൃഭൂമി. മാതൃഭൂമിയുടെ മാർഗ്ഗദീപങ്ങളായിരുന്ന കെ.പി.കേശവമേനോൻ, കെ.എ.ദാമോദരമേനോൻ, കെ കേളപ്പൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവർ നൽകിയ സംഭാവനകൾ മഹത്താണ്. പത്രത്തിൻ്റെ വളർച്ചയ്ക്കായി പ്രവർത്തിച്ച എം.പി.വീരേന്ദ്രകുമാറിനെയും ഈ അവസരത്തിൽ ഓർക്കുകയാണ്. വാഗ്മിയും പണ്ഡിതനും പരിസ്ഥിതി സ്നേഹിയുമായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ അടിച്ചമർത്തലുകളെ അതിജീവിച്ച ചുരുക്കം പത്രങ്ങളിൽ ഒന്നാണ് മാതൃഭൂമിയെന്ന് ഓൺലൈനിൽ മുഖ്യ പ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോഴിക്കോട് സരോവരം ട്രേഡ് സെൻ്ററിലായിരുന്നു പരിപാടി. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ടി. വാസുദേവൻനായർ ശിലാഫലകം അനാച്ഛാദനം ചെയ്തു.
എം.വി.ശ്രേയാംസ് കുമാർ ആമുഖ പ്രഭാഷണം നടത്തി. ടി.പദ്മനാഭൻ, അടൂർ ഗോപാലകൃഷ്ണൻ, എൻ.എസ്.മാധവൻ, സക്കറിയ, എം.മുകുന്ദൻ, സി.വി.ബാലകൃഷ്ണൻ, വി.മധുസൂദനൻ നായർ, പി.വത്സല, സത്യൻ അന്തിക്കാട്, പ്രഭാവർമ്മ എന്നിവർ നിലവിളക്കിൽ ദീപം തെളിയിച്ചു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്റിയാസ്, മേയർ ഡോ. ബീനാ ഫിലിപ്പ്, എം.പി.മാരായ
എം.കെ. രാഘവൻ, എളമരം കരീം, മലയാളമനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ. മാധവൻ എന്നിവർ സംസാരിച്ചു. രാഹുൽ ഗാന്ധി എം.പി.യുടെ സന്ദേശം ചടങ്ങിൽ വായിച്ചു. മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് സ്വാഗതവും ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്,) മയൂര ശ്രേയാംസ് കുമാർ നന്ദിയും പറഞ്ഞു.